News >> കാർമൽ സിസ്‌റ്റേഴ്‌സ് അവയവങ്ങൾ ദാനം ചെയ്യും


ന്യൂഡൽഹി: മദർ ഓഫ് കാർമൽ സമൂഹത്തിലെ അംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യാനും അവയവദാനത്തിന്റെ ആവശ്യകത സമൂഹത്തിൽ എത്തിക്കുന്നതിനുള്ള ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഡെറാഡൂൺ പ്രൊവിൻസിലെ അംഗങ്ങൾ അവയവദാന പത്രിക ഉത്തരാഖണ്ഡ് വനം-കായിക വകുപ്പ് മന്ത്രി ദിനേഷ് അഗർവാളിന് കൈമാറി. സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ സഹായിക്കുന്ന ഞങ്ങൾ മരണശേഷം അവയവങ്ങൾ ദാനം ചെയ്തും സമൂഹത്തെ സേവിക്കാൻ തീരുമാനിച്ചു; അവയവദാനപത്രികയിൽ ഒപ്പുവച്ച സിസ്റ്റർ ജയ പീറ്റർ പറഞ്ഞു. അവയവദാനത്തിന്റെ ആവശ്യകത സമൂഹത്തിൽ എത്തിക്കേണ്ടത് അടിയന്തിരപ്രാധാന്യമുള്ള കാര്യമാണ്. ഇക്കാര്യത്തിൽ സമൂഹത്തിനുള്ള ബോധ്യക്കുറവാണ് അവയവങ്ങളുടെ അപര്യാപ്തയുടെ കാരണം; സിസ്റ്റർ ജയ ചൂണ്ടിക്കാട്ടി.

പ്രതിവർഷം 3000 അവയവദാന ഓപ്പറേഷനുകളാണ് ശരാശരി ഇന്ത്യയിൽ നടക്കുന്നത്. അതേസമയം 10 ലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ അവയവങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.

Source: Sunday Shalom