News >> ജാർഖണ്ഡിലെ സംവരണം: പ്രതിഷേധവുമായി സഭ


റാഞ്ചി: ജാർഖണ്ഡിലെ സംവരണ നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരെ പ്രതിഷേധവുമായി രൂപത രംഗത്ത്. 30 വർഷമായി സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവരും സംവരണത്തിന് അർഹരാണെന്ന വ്യവസ്ഥയ്ക്ക് എതിരെയാണ് പ്രതിഷേധം. ഈ വ്യവസ്ഥ തദ്ദേശവാസികളെക്കാൾ പുറത്തുനിന്ന് എത്തിയവർക്കാണ് പ്രയോജനപ്പെടുന്നത്. അതിനാൽ സഭ തീരുമാനത്തെ എതിർക്കും; ഗംല രൂപതാധ്യക്ഷൻ പോൾ അലോഷ്യസ് ലാക്ര പറഞ്ഞു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഖനനവുമായി ബന്ധപ്പെട്ട് ധാരാളം സ്ഥാപനങ്ങൾ ജാർഖണ്ഡിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ വ്യാപകമായ രീതിയിൽ ഇവിടേക്ക് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അവരാരും ഗോത്രവിഭാഗത്തിൽ പെടുന്നവരല്ല. പുതിയ നിയമത്തിലൂടെ പുറമേനിന്ന് എത്തിയവരും സംവരണത്തിന് അർഹരാണ്. ഗോത്രവർഗക്കാർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമായി ഏർപ്പെടുത്തിയിരിക്കുന്ന സംവരണാനുകൂല്യങ്ങൾ ഗോത്രവർഗക്കാർ അല്ലാത്തവരുമായി പങ്കുവയ്ക്കണമെന്ന നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ല; ഓറൻ ഗോത്രവിഭാഗത്തിൽനിന്നുള്ള ബിഷപ് അലോഷ്യസ് പറയുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രഘുബർ ദാസിനെ സമീപിച്ചിരുന്നു. വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ബിഷപ് അലോഷ്യസ് പറഞ്ഞു. വിവിധ ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ പലവിധത്തിലുള്ള പ്രതിഷേധങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്.

"തദ്ദേവാസികളെക്കുറിച്ച് രൂപതക്ക് ഉൽക്കണ്ഠകളുണ്ട്. അതിനാൽ ഗോത്രവിഭാഗക്കാരെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ നിശബ്ദതപാലിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യും." ഗംല രൂപതാ വികാരി ജനറൽ ഫാ. സിപ്രിയാൻ കുല്ലു പറഞ്ഞു. 3.2 കോടി ജനസംഖ്യയുള്ള ജാർഖണ്ഡിലെ ക്രിസ്ത്യാനികളുടെ സംഖ്യ 10 ലക്ഷത്തോളമാണ്. പൂർണമായും ട്രൈബൽ വിഭാഗത്തിൽ പെടുന്നവരാണ് ക്രിസ്ത്യാനികൾ. ക്രൈസ്തവർക്ക് ജാർഖണ്ഡിൽ ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് ഗംല. ജനസംഖ്യയുടെ 20 ശതമാനത്തോളം ക്രൈസ്തവരാണ്. ഗോത്രവിഭാഗക്കാരുടെ വളർച്ച ലക്ഷ്യംവച്ചാണ് 2000-ൽ ബിഹാർ വിഭജിച്ച് ജാർഖണ്ഡിന് രൂപം നൽകിയത്. പുതിയ സംസ്ഥാനം രൂപീകരിച്ചതു മുതൽ സംസ്ഥാന ഗവൺമെന്റ് സർവീസിലേക്കും വിദ്യാഭ്യാസത്തിനുമായി നിയമങ്ങൾ കൊണ്ടുവരണമെന്ന മുറവിളി ഉയർന്നിരുന്നു. നിയമം നടപ്പിലായാൽ ഗോത്രവിഭാഗക്കാർക്ക് ലഭിക്കേണ്ട സംവരണം മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടിവരും. അതുവഴി തദ്ദേശവാസികളെക്കാളും വിദ്യാഭ്യാസത്തിലും സാമൂഹ്യനിലവാരത്തിലും ഉയർന്നുനില്ക്കുന്ന പുറത്തുനിന്ന് എത്തിയവർ വിദ്യാഭ്യാസത്തിലും ജോലിയിലും നേട്ടങ്ങൾ കരസ്ഥമാക്കും. ഗോത്രവിഭാഗക്കാർ വീണ്ടും പിന്തള്ളപ്പെടാൻ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Source: Sunday Shalom