News >> ജീസസ് യൂത്ത് പ്രസ്ഥാനം ലോകത്തിന് മാതൃക: കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ


അങ്കമാലി: ജീസസ് യൂത്ത് എന്ന അല്മായ മുന്നേറ്റത്തിന്റെ പ്രവർത്തന ം ലോകത്തിന് തന്നെ മാതൃകയാണെന്ന് സിബിസിഐ പ്രസിഡന്റും മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
വത്തിക്കാന്റെ കാനോനിക അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ചു ദൈവപരിപാലനയുടെ ആഘോഷം എന്ന പേരിൽ ജീസസ് യൂത്ത് അങ്കമാലിയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. പതിനായിരക്കണക്കിന് യുവജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

ജീസസ് യൂത്ത് ഒരു സംഘടനയല്ല മറിച്ച്, യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്ന യുവജനങ്ങളുടെ കൂട്ടായ്മയണ്. ജീസസ് യൂത്തിനു ലഭിച്ച കാനോനിക അംഗീകാരം സഭയെ സംബന്ധിച്ച് ദൈവ പരിപാലനയുടെ നവോന്മേഷം പകരുന്ന അനുഭവമാണ്. അതിനാൽ ഭാരതസഭയെ കൂടുതൽ ശക്തിപ്പെടുത്താൻ ജീസസ് യൂത്ത് പ്രവർത്തകർക്കു കഴിയട്ടെ. അദ്ദേഹം പറഞ്ഞു.23-05-2016-1

ദൈവാത്മാവിൽ പ്രചോദിതമായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ജീസസ് യൂത്തിന് സുവിശേഷവത്കരണത്തിൽ വലിയ പങ്ക് വഹിക്കാനാകുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.

ഈ മൂവ്‌മെന്റിന്റെ പ്രവർത്തനം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയാണ്. ലോകത്തിൽ സുവിശേഷവത്കരണം നടത്തുന്ന വലിയ സംരംഭമായി ഇതു മാറുമെന്നതിൽ തെല്ലും സംശയമില്ല. യേശുവിന്റെ പേരിൽ നിറഞ്ഞുനിൽക്കുന്ന യുവജനങ്ങൾ മഹത്തായ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. ജീസസ് യൂത്ത് പോലുള്ള ആത്മാവിന്റെ പ്രസ്ഥാനങ്ങളിൽനിന്നാണ് ദൈവവിളികൾ കൂടുതൽ ഉണ്ടാകുന്നതെന്നും കർദിനാൾ മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.

ജീസസ് യൂത്ത് മുന്നേറ്റം ആധുനിക സമൂഹത്തിന് മുന്നിൽ വിശ്വാസ ജീവിതത്തിന് മാതൃകയും പ്രചോദനവുമാണെന്ന് കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ പറഞ്ഞു.

കാത്തോലിക്ക സഭ ഔപചാരികമായി അംഗീകാരം നൽകിയെന്നത് ഓരോ ജീസസ് യൂത്ത് പ്രവർത്തകനും അഭിമാനം നൽകുന്ന കാര്യമാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ പറഞ്ഞു.23-05-2016-2

ജീസസ് യൂത്ത് കേരള കോ-ഓർഡിനേറ്റർ മിഥുൻ പോൾ, ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ സി.സി. ജോസഫ്, ഇന്റർനാഷണൽ ഫോർമേഷൻ കോ-ഓർഡിനേറ്റർ മനോജ് സണ്ണി, ഇന്റർനാഷണൽ ആനിമേറ്റർ ഡോ.ചാക്കോച്ചൻ ഞാവള്ളിൽ, പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വ.കെ.ജെ. ജോൺസൺ, മുൻ ഇന്റർനാഷൺ കോ ഓർഡിനേറ്റർ അഡ്വ. റൈജു വർഗീസ്, സിബിസിഐ അല്മായ കമ്മീഷൻ സെക്രട്ടറി ഡോ.എഡ്വേർഡ് എടേഴത്ത്, പ്രഫ.സി.സി. ആലീസുകുട്ടി, ഫാ.എബ്രഹാം പള്ളിവാതുക്കൽ, ഫാ. കുര്യൻ മറ്റം, ഫാ. ചെറിയാൻ നേരേവീട്ടിൽ, ബേബി ചാക്കോ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും ഉൾപ്പെടെ പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള റെക്‌സ് ബാൻഡ്, വോക്‌സ് ക്രിസ്റ്റി, ക്രോസ് ടോക് എന്നീ മ്യൂസിക് ബാൻഡുകൾ അവതരിപ്പിച്ച സംഗീതവിരുന്നും നടന്നു.

Source: Sunday Shalom