News >> യോഗാദിനം: അനാവശ്യ നിർബന്ധങ്ങൾ ഒഴിവാക്കണം: കേരള കത്തോലിക്ക സഭ
കൊച്ചി: ജൂൺ 21-ന് നടക്കുന്ന യോഗാദിനത്തോടനുബന്ധിച്ച് സ്‌കൂളുകളും കോളജുകളും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കാനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ച കോമൺ യോഗ പ്രോട്ടോക്കോൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെയും ബഹുസ്വരതയെയും അവഗണിക്കുന്നതാണെന്ന് കെ.സിബി.സി വക്താവ് ഫാ.വർഗീസ് വളളിക്കാട്ട്. ഇതിൽ മുഴുവൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കണമെന്നാണ് നിർദേശം. നമസ്‌കാരമുദ്രയും ഓംകാരവും ഋഗ്വേദമന്ത്രങ്ങളും യോഗാപരിശീലനത്തിന്റെ ഭാഗമാണെന്നും നിർദേശമുണ്ട്. ഒരു വ്യായാമമുറ എന്നതിലുപരി, മോക്ഷപ്രാപ്തിക്കുള്ള ആത്മീയശിക്ഷണവും ജീവിതക്രമവുമായി യോഗായെ വിഭാവനം ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മതത്തിന്റെ സിദ്ധാന്തങ്ങളും ആചാരവിധികളും പ്രാർത്ഥനാമന്ത്രങ്ങളും യോഗാപരിശീലനത്തിന്റെ ഭാഗമായി നിർദേശിക്കുന്നതും അത് നിർബന്ധപൂർവം നടപ്പാക്കണമെന്ന് നിഷ്‌കർഷിക്കുന്നതും ഇതരമതാനുയായികളിൽ അസ്വസ്ഥതയുണ്ടാക്കും. യോഗയോ തത്തുല്യമായ മറ്റു വ്യായാമമുറകളോ പരിശീലിക്കാനും വേണ്ടെന്നുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ടാകണം. ഇതിന് ഏതെങ്കിലും ഒരു പ്രത്യേക മതസങ്കല്പവും ആചാരവിധികളും വേണമെന്ന് സർക്കാർ നിഷ്‌കർഷിക്കുന്നത് അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കും.ഒരു വ്യായാമമുറയെന്ന നിലയിൽ മാത്രമേ യോഗയ്ക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.Source: Sunday Shalom