News >> ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷവത്കരണം സാധ്യമാവണം: മാര്‍ ആലഞ്ചേരി
കൊച്ചി: ഭാരതത്തിലെ സവിശേഷ സാഹചര്യങ്ങളില്‍ ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷവത്കരണത്തിന്‍റെ അര്‍ഥതലങ്ങള്‍ കണ്ടെത്താന്‍ സാധിക്കണണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍റെയും മിഷന്‍ സപ്പോര്‍ട്ടിന്‍റെയും ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ച മിഷന്‍ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം ഉള്‍ക്കൊള്ളുന്ന മിഷന്‍ ശൈലി നാം രൂപപ്പെടുത്തണം. എല്ലാ മതങ്ങളുടെയും സാരാംശം ഉള്‍ക്കൊണ്ടു പൈതൃകമായി നമുക്കു ലഭിച്ച മഹത്തായ വിശ്വാസപാരമ്പര്യങ്ങളെയും സന്ദേശങ്ങളെയും സമൂഹത്തിലേക്കു പകരാന്‍ നമുക്കാവണം. ക്രിസ്തുവിലുള്ള സാക്ഷ്യത്തിലൂടെ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളില്‍ ഉണ്ടാകേണ്ട ഹൃദയപരിവര്‍ത്തനമാണു സുവിശേഷവത്കരണത്തിന്‍റെ അന്തസത്ത. ഓരോ വിശ്വാസിയും മിഷന്‍ ആകുവാനും ഏകുവാനും വിളിക്കപ്പെട്ടവരാണ്. എല്ലാ വിശ്വാസികളും തങ്ങളുടെ കടമയായി പ്രേഷിതപ്രവര്‍ത്തനത്തെ കാണണം. വ്യക്തി, ഇടവക, സഭാതലങ്ങളില്‍ പ്രേഷിത അവബോധം പകരാന്‍ നമുക്കു സാധിക്കണം. നമ്മുടെ വാക്കുകളും പ്രവൃത്തികളും പ്രേഷിതചൈതന്യത്തെ വളര്‍ത്താന്‍ ഉതകുന്നതാവണം. മത്സരവും കലഹവും എതിര്‍സാക്ഷ്യങ്ങളാണ്. വൈദികരും സന്യസ്തരും അല്മായരും വ്യത്യസ്ത മേഖലകളില്‍ നടത്തുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പദ്ധതികളുണ്ടാവണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, അദിലാബാദ് മുന്‍ ബിഷപ് മാര്‍ ജോസഫ് കുന്നത്ത്, കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഫാ. മാത്യു കുളത്തൂര്‍, സിസ്റ്റര്‍ സുമ ജോസ്, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഭോപ്പാല്‍ സമന്വയ സെന്‍റര്‍ റെക്ടര്‍ റവ.ഡോ. ഡേവിസ് വരയിലാന്‍, സാഗര്‍ രൂപതയിലെ റവ.ഡോ. ദേവമിത്ര എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ഇന്നു രാവിലെ 8.45നു നടക്കുന്ന സെഷന്‍ ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ നയിക്കും. മിഷന്‍ രൂപതകളിലെയും വിവിധ മേഖലകളിലെയും പ്രതിനിധികള്‍ സംസാരിക്കും. വൈകുന്നേരം 3.30നു മേജര്‍ ആര്‍ച്ച്ബിഷപ് സമാപന സന്ദേശം നല്‍കും. ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍റെയും മിഷന്‍ സപ്പോര്‍ട്ടിന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിഷന്‍ ശില്പശാലകളില്‍ മൂന്നാമത്തേതാണ് ഇന്നലെ ആരംഭിച്ചത്. നേരത്തെ കോട്ടയം വടവാതൂര്‍ സെമിനാരി, തലശേരി പാസ്റ്ററല്‍ സെന്‍റര്‍ എന്നിവിടങ്ങളിലും മിഷന്‍ ശില്പശാലകള്‍ നടന്നു.
Source: deepika.com