News >> ദിവ്യബലിയിലൂടെ അത്ഭുതങ്ങൾ കാട്ടിയ വൈദികൻ


ഒരു നൂറ്റാണ്ട് മുമ്പ് 'ജീവിച്ചിരിക്കുന്ന പുണ്യവാൻ' എന്ന് ഖ്യാതി നേടിയ വൈദികശ്രേഷ്ഠൻ തൃശൂർ രൂപതയിലുണ്ടായിരുന്നു. പുണ്യശ്ലോകനായ ബഹു. ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ(കോട്ടപ്പടി വറതച്ചൻ)! ഒരു നാടിന് വിശ്വാസവെളിച്ചം നൽകി അന്ധവിശ്വാസത്തിൽ നിന്നും അനാചാരങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് നയിച്ച ആ കർമ്മയോഗിയുടെ മഹനീയ മാതൃക ഇന്നേറെ ശ്രദ്ധിക്കപ്പെടുകയാണ്.
1840-ൽ ഒരു നിർധന കർഷക കുടുംബത്തിലാണ് വറതച്ചൻ ജനിച്ചത്. ഗുരുവായൂരിനടുത്തുള്ള അന്നത്തെ കോട്ടപ്പടി ഇടവകയിൽപെട്ട കാവീട് ഗ്രാമത്തിൽ ചുങ്കത്ത് കുഞ്ഞിപ്പാലുവിന്റേയും മറിയത്തിന്റേയും രണ്ടാമത്തെ മകൻ. ബാല്യത്തിൽ തന്നെ അമ്മയിൽ നിന്നും ലഭിച്ച സൽസ്വഭാവവും ദൈവവിശ്വാസവും ഭക്തിയും ആഴത്തിലുളള ദൈവാഭിമുഖ്യവും ആത്മീയതയും വളർന്നുവരാൻ ഇടയാക്കി. ഔപചാരിക വിദ്യാഭ്യാസം സാർവ്വത്രികമായില്ലാതിരുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ ബാലനായ വറീതിന് കുടിപ്പള്ളിക്കൂടത്തിലെ നാട്ടെഴുത്തച്ഛന്മാരിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. യുവാവായപ്പോൾ ദൈവവിളി സ്വീകരിക്കുകയും കൽപ്പറമ്പ്, കൂനമ്മാവ് എന്നിവിടങ്ങളിലെ സെമിനാരിപഠനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് വരാപ്പുഴ മെത്രാപ്പോലീത്തായിൽ നിന്ന് 1870 -ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. എൽത്തുരുത്ത് കർമ്മലീത്താ ഗോവന്തപ്പള്ളിയിലാണ് നവപൂജാർപ്പണം നടത്തിയത്. വി. ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ധനവാന്റെ വീട്ടുപടിക്കൽ ഉച്ഛിഷ്ടങ്ങൾക്കായി കാത്തുകിടന്ന പരമ ദരിദ്രനായ വിശുദ്ധ ലാസറായിരുന്നു ഇടവക(കോട്ടപ്പടി) മദ്ധ്യസ്ഥൻ. ആ വിശുദ്ധനോടുള്ള ആത്മീയ പ്രതിബദ്ധതയാൽ ദാരിദ്ര്യം സ്വമനസാലെ സ്വീകരിച്ച വറതച്ചൻ ക്രിസ്തുവിന്റെ സഹനവും വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ പ്രേഷിത ചൈതന്യവും തന്റെ ഇടയ ദൗത്യത്തിൽ തീക്ഷ്ണമായി പ്രകടിപ്പിച്ചു. വലിയ അന്തസിലും പ്രതാപത്തിലും കഴിയാമായിരുന്ന അക്കാലത്ത് ഒരു താപസന്റെ വ്രതനിഷ്ഠകളോടെയാണ് അദ്ദേഹം പ്രേഷിത പ്രവർത്തനങ്ങൾ ചെയ്തത്. നിത്യ സഞ്ചാരിയായിരുന്ന വറതച്ചൻ യാതൊരു വാഹനങ്ങളും ഉപയോഗിച്ചിരുന്നില്ല. എന്തു ഭക്ഷിക്കുമെന്നോ എന്തു ധരിക്കുമെന്നോ അദ്ദേഹം ഉത്കണ്ഠപ്പെട്ടില്ല. ഇക്കാര്യങ്ങളെ പ്രതി മറ്റുവൈദികർക്കിടയിൽ പലപ്പോഴും ഒറ്റയാനും അനഭിമതനുമായിരുന്നു. സ്വന്തമായി വറതച്ചന് ഒന്നുമുണ്ടായിരുന്നില്ല. ഒരു നല്ല ഉടുപ്പുപോലും!

തൃശൂർ രൂപതയിൽ അക്കാലത്തുള്ള മിക്ക ഇടവകകളിലും വറതച്ചൻ തന്റെ അജപാലദൗത്യം നിർവ്വഹിച്ചിട്ടുണ്ട്. ലഭ്യമായ രേഖ പ്രകാരം കോട്ടപ്പടി, ആർത്താറ്റ്, വൈലത്തൂർ, ചിറ്റാട്ടുകര, പാവറട്ടി, വേലൂർ, എരനെല്ലൂർ, കൊട്ടേക്കാട്, മുണ്ടൂർ, വലപ്പാട്, പറപ്പൂക്കര എന്നീ ഇടവകകളിലും ഏതാനും വർഷങ്ങൾ ഗോവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏത് ഇടവകയിലായാലും തന്റെ കർമ്മരംഗത്തിനും ശൈലിക്കും മാത്രം ഒരു മാറ്റവുമുണ്ടായില്ല.

കിട്ടുന്നതുമുഴുവൻ ദരിദ്രർക്കായി പങ്കുവെച്ചുകൊടുത്തു എന്നത് മാത്രമല്ല വറതച്ചന്റെ മഹത്വം. ഇടവക വികാരിയായിരിക്കേ തന്റെ ജീവിതദൗത്യം തിരിച്ചറിയുകയും അത് ആഹ്വാനങ്ങളിലൊതുക്കാതെ പ്രാവർത്തികമാക്കാനിറങ്ങുകയും ചെയ്തതാണ് മൺമറഞ്ഞ് ഒരു നൂറ്റാണ്ടായിട്ടും വറതച്ചനെ ഓർക്കാൻ കാരണം. സമൂഹ്യ ഉച്ചനീചത്വങ്ങൾ കൊടികുത്തി വാണ ഒരു കാലഘട്ടത്തിൽ ജാതിമതഭേദമില്ലാതെ, തൊട്ടുകൂടാത്തവരേയും തീണ്ടികൂടാത്തവരേയും പിതാവിന്റെ സ്‌നേഹവാത്സല്യത്തോടെ നെഞ്ചോട് ചേർത്തണച്ച യോഗീവര്യനായിരുന്നു വറതച്ചൻ. വലിയ വെല്ലുവിളികൾ അക്കാലത്ത് അദ്ദേഹം നേരിട്ടിട്ടുണ്ട്. സ്വന്തക്കാരിൽ നിന്നും സഭാധികാരികളിൽ നിന്നുപോലും എതിർപ്പുകൾ ഉണ്ടായിരുന്നതായി അദ്ദേഹത്തെ കുറിച്ചറിവുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാവങ്ങൾക്കുവേണ്ടിയും സമൂഹത്തിലെ അധ:സ്ഥിതർക്കുവേണ്ടിയും നിലകൊണ്ട വറതച്ചൻ അതൊന്നും കാര്യമാക്കിയില്ല. എല്ലാമെല്ലാമായ ദൈവപിതാവ് തന്നോടൊപ്പമുണ്ടായിരുന്നതിനാൽ മറ്റൊന്നും അദ്ദേഹത്തെ ബാധിച്ചില്ലെന്നതാണ് സത്യം. ആ സ്‌നേഹകൃപാവലയത്തിൽ ചരിച്ചതുകൊണ്ടാണ് പ്രകൃതിശക്തികളിൽ നിന്നു പോലും അദ്ദേഹത്തിന് സ്വാധീനമുണ്ടായത്. നിരവധി അത്ഭുതങ്ങൾക്കാണ് അക്കാലത്ത് ജനങ്ങൾ സാക്ഷ്യം വഹിച്ചത്.

അദ്ദേഹം നാടിന്റെ വളർച്ചക്ക് ദിശാബോധം നൽകിയ വ്യക്തികൂടിയായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഹീനജാതിക്കാർ എന്ന നിലയിൽ എക്കാലവും അകറ്റിനിർത്തപ്പെട്ടവരുടെ രക്ഷകനായി വറതച്ചൻ മാറി. പല സ്ഥലങ്ങളിലും ചാവറയച്ചന്റെ ആഹ്വാനമനുസരിച്ച് സകലർക്കുമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ പരിശ്രമിച്ചു. സ്‌നേഹിക്കാനും പരിപാലിക്കാനും എല്ലാവർക്കും ബാധ്യതയുണ്ടെന്നും നാമെല്ലാവരും ഒരു പിതാവിന്റെ മക്കളാണെന്നുമുള്ള സന്ദേശം എല്ലാ രംഗത്തും തറപ്പിച്ചുപറയുകയും അതിനാഹ്വാനം ചെയ്യുകയുമായിരുന്നു. വെറുതെ പറയുകയല്ല. എന്ത് ത്യാഗം സഹിച്ചും അത് പ്രാവർത്തികമാക്കാനിറങ്ങുകയുമായിരുന്നു. അപ്പോൾ കിട്ടിയ അവഹേളനങ്ങളും അപമാനങ്ങളും പൂമാലയാക്കിക്കൊണ്ടാണ് നിർധനരോടൊപ്പം നിലകൊള്ളാനും അവർക്കുവേണ്ട എല്ലാവിധ സഹായങ്ങൾ നൽകാനും മുന്നിട്ടിറങ്ങിയത്. ഇതിനായി സാമ്പത്തിക ശേഷിയുള്ളവരെ സമീപിച്ചു. ജാതിമതഭേദമന്യേ ആരോടും സഹായം ചോദിക്കും. സാധാരണഗതിയിൽ എതിരുപറയുന്നവരുണ്ടാവില്ല. കാരണം ഇക്കാര്യത്തിനായി നിഷേധാത്മക നിലപാടുകളെടുത്തവർക്ക് കഷ്ടതകളാണത്രെ സംഭവിച്ചിരുന്നത്.

നിത്യവും പള്ളിയിലെ തിരുക്കർമ്മങ്ങൾ കഴിഞ്ഞാൽ ഇറങ്ങിനടക്കുകയായി. ഏതു കുടിലിലും വറതച്ചൻ എത്തും. നാട്ടിൽ തനിക്കു ചുറ്റും പട്ടിണിയും പരിവട്ടവുമായി കഴിയുന്നവർക്ക് കയ്യിലുള്ളതു മുഴുവനും കൊടുക്കും. അവരോടൊത്തു പ്രാർത്ഥിക്കുക മാത്രമല്ല അവരോടൊത്ത് ഭക്ഷിക്കുകയും ചെയ്തു. ആത്മാവിന്റെ ആത്മാംശമായ പിതാവിനോട് ചേർന്ന് നടന്ന് സമൂഹത്തിൽ നിരവധി അത്ഭുതകരമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞു. പൈശാചിക ബന്ധനങ്ങളെ ഉച്ഛാടനം ചെയ്യൽ, ഭ്രാന്ത് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടുത്തുക കാർഷീകരംഗത്തെ ബാധിക്കുന്ന ക്ഷുദ്രജീവകളെ വിലക്കുക തുടങ്ങിയ എല്ലാ രംഗത്തും തന്റെ ദിവ്യസിദ്ധി പ്രകടിപ്പിച്ചിരുന്നു. നടപ്പുദീനം, വസൂരി തുടങ്ങിയ മഹാമാരികൾ താണ്ഡവമാടിയിരുന്ന അക്കാലത്ത് ദീനം വന്നവരെ ദീനപ്പുരകളുണ്ടാക്കി അവിടേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്. ഒരർത്ഥത്തിൽ യാതൊരുവിധ ചികിത്സയോ പരിചരണമോ ഇല്ലാതെ മരണത്തിനുവിട്ടുകൊടുക്കുന്ന അവസ്ഥ. അവരുടെ അടുത്തേക്കാരും പോകില്ല. രാത്രിയിൽ മാത്രമെ മൃതസംസ്‌കാരം പാടുള്ളു. അതിൽ ആ പണിക്കാരല്ലാതെ മറ്റ് ആളുകൾ പങ്കെടുക്കുകയുമില്ല. അത്രമാത്രം ഭയപ്പാടോടെയാണ് സമൂഹം ഈ രോഗം കണ്ടിരുന്നത്. എന്നാൽ വറതച്ചൻ ഇക്കാര്യത്തെ സമീപിച്ചിരുന്നത് നിർഭയനായിട്ടാണ്. ഏതു ദീനപ്പുരകളിലും പോയി അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. അവർക്കുവേണ്ടി പ്രാർത്ഥിച്ചു. പലരും ആ പ്രാർത്ഥനവഴി അത്ഭുതകരമായി സുഖം പ്രാപിച്ചു. അതുപോലെതന്നെ ഇത്തരം രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാനും രോഗികളോടുള്ള മനോഭാവത്തെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കി. കുടുംബങ്ങളിൽ തന്നെ അവരെ ശുശ്രൂഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ അക്കാലത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയ നിലപാടുകളായിരുന്നു.

വറതച്ചന്റെ മഹനീയ ജീവിതം അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിച്ചിട്ടുണ്ട്. തങ്ങൾ ഒരിക്കലും കേട്ടിട്ടില്ലാത്ത രക്ഷകനെ കുറിച്ചുള്ള അറിവ് നിരവധിയാളുകളെ ക്രിസ്തുസഭയിലേക്കുനയിച്ചു. അവർക്കൊക്കെയും സ്വന്തം വീട്ടുപേരും കൊടുക്കുക പതിവായിരുന്നു.

സെമിനാരിവാസകാലത്ത് പഠനത്തിൽ മറ്റുള്ളവരിൽ നിന്ന് മുമ്പനായിരുന്നുവെന്ന് സാക്ഷ്യങ്ങളുണ്ട്. പാമരന്മാരോടൊത്ത് അവരിലൊരാളായി കഴിയുമ്പോഴും വേദവിഷയങ്ങളിൽ ഏതു പണ്ഡിതനുമായും സംവാദത്തിലേർപ്പെടുക പതിവായിരുന്നു. വലിയ വിജ്ഞാനിയായ അദ്ദേഹം അക്കാലത്തെ ആധുനിക വിദ്യാഭ്യാസം ലഭിച്ച സായിപ്പുമാരുമായും സമൂഹത്തിലെ മറ്റുപണ്ഡിതരുമായും നല്ലബന്ധമാണ് പുലർത്തിയിരുന്നത്. ഗോവയിലായിരിക്കുമ്പോഴാണ് ഇത്തരം കഴിവുകൾ കൂടുതലും പ്രകടിപ്പിച്ചിട്ടുള്ളതത്രെ.

വറതച്ചനെപോലെ സാമൂഹീക രംഗത്ത് ഇത്രമാത്രം നിറഞ്ഞുനിന്ന വൈദികർ അക്കാലത്തുണ്ടായിരുന്നോ എന്ന് സംശയമാണ്. ഏറെ സാധ്യതകളുണ്ടായിരുന്നിട്ടും വറതച്ചൻ ഒരു സ്ഥാപനവും പടുത്തുയർത്തിയില്ല. ഒരു സന്യാസസഭയും അദ്ദേഹം സ്ഥാപിച്ചില്ല. നിർധനരേയും അശരണരേയും പറിച്ചുനടുകയല്ല, അവർ ആയിരിക്കുന്ന അവസ്ഥയിലേക്കിറങ്ങിച്ചെന്നുകൊണ്ടുള്ള ഒരു പ്രേഷിതദൗത്യമായിരുന്നു അദ്ദേഹത്തിന്റേത്. അല്ലെങ്കിൽ അതിനുള്ള സാവകാശം ആ ക്ഷണികജീവിതത്തിനുണ്ടായില്ല എന്നതുമാവാം കാരണം. അഭിഷിക്തനായ നിമിഷം മുതൽ ഓട്ടമായിരുന്നു ശരീരം നിശ്ചലമാകുന്നതുവരെ, പാവങ്ങളുടെ കണ്ണീരൊപ്പാൻ.... ആത്മാക്കളെ ക്രിസ്തുവിനായ് നേടിയെടുക്കാൻ....

വറതച്ചൻ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു. ഓരോനിമിഷവും ഓരോ നിശ്വാസവും ദൈവപിതാവുമായുള്ള സംസർഗമായിരുന്നു. അവിടുത്തെ ഉള്ളംകയ്യിൽ സുരക്ഷിതമായ വറതച്ചന് പട്ടിണിയും രോഗങ്ങളും നിർത്താതെയുള്ള ഓട്ടവും അലച്ചിലുമൊന്നും യാതൊരു അലോസരങ്ങളുമുണ്ടാക്കിയില്ല. ഏതുക്ഷീണാവസ്ഥയിലും തന്നെ ഉണർത്തുന്നത് മാലാഖന്മാരാണെന്നും തന്നെ കൊണ്ടുപോകുന്നതും അവരാണ് എന്നും വറതച്ചൻ പറയാറുണ്ടായിരുന്നതായി ചിലർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ദിവ്യബലി ആയുധമാക്കിയാണ് വറതച്ചൻ അത്ഭുതങ്ങൾ ചെയ്തിരുന്നത്. വറതച്ചന്റെ കുർബാനകൾ അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നുവെന്ന് ചിലരേഖകൾ സമർത്ഥിക്കുന്നുണ്ട്. 'അരങ്ങുകുർബാന' (ആഘോഷമായ കുർബ്ബാന) വറതച്ചൻ ചൊല്ലണമെന്ന് പള്ളിയോഗങ്ങൾ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്നത് അതിനുതെളിവാണ്. ഓരോ ബലികളും അനുഗ്രഹവർഷമായിരുന്നു. ബലിയിൽ സമർപ്പിക്കുന്ന ഏതൊരാവശ്യവും ദൈവപിതാവിന് തള്ളിക്കളയാനാവില്ലെന്നും കാരണം ആ ബലി അർപ്പിക്കപ്പെടുന്നത് അവിടുത്തെ കബറിടത്തിലാണെന്നും വറതച്ചൻ പറയാറുണ്ടായിരുന്നു. അത് അതേപടി പ്രാവർത്തികമാകുകയും ചെയ്തിരുന്നതായിട്ടാണ് അനുഭവസ്ഥരുടെ സാക്ഷ്യങ്ങൾ.

വറതച്ചൻ അവസാനകാലം ചെലവഴിച്ചത് കാവീടുള്ള പിതൃസഹോദര പുത്രന്റെ ഭവനത്തിലായിരുന്നു. തീർത്തും കിടപ്പിലായിരുന്ന അവസ്ഥയിലും ജനങ്ങൾ പ്രാർത്ഥനാ സഹായത്തിനായി സമീപിച്ചിരുന്നു. ഓടിനടന്നുകൊണ്ടുചെയ്തിരുന്ന അത്ഭുതപ്രവൃത്തികൾ ആ കിടപ്പിലും ദേഹാസ്വാസ്ഥ്യങ്ങൾ കഠിനമായി വേദനിപ്പിച്ചിരുന്നെങ്കിലും പ്രസന്നമായ മുഖത്തോടെ നിർവ്വഹിക്കുമായിരുന്നുവെന്ന് സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്.

1914 ജൂൺ എട്ടിനാണ് വറതച്ചനെന്ന വന്ദ്യവൈദികന്റെ ഭാഗ്യമരണം സംഭവിച്ചത്. എന്നാൽ മരിച്ചിട്ടും ആ ദീപം അണഞ്ഞില്ല. മറ്റുള്ളവർക്ക് മാർഗം തെളിയിക്കുന്ന പ്രകാശമായി നിലകൊണ്ടു. വറതച്ചന്റെ മൃതസംസ്‌കാരചടങ്ങിനും ചില സവിശേഷതകളുണ്ടായി. ചടങ്ങുകളാരംഭിക്കുന്നതിനുമുമ്പ് അരമനയിൽ നിന്നും വന്ന വൈദികർ പഴയ ളോഹ മാറ്റി പുതിയത് ഇടീക്കാൻ ശ്രമിച്ചു. എന്നാൽ എന്തുകൊണ്ടോ കഴിഞ്ഞില്ലെന്ന് വേലക്കാരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ജീവിതകാലം മുഴുവൻ താൻ കൊണ്ടുനടന്ന ദാരിദ്ര്യാവസ്ഥയ്ക്കും ലാളിത്യത്തിനും അന്ത്യയാത്രയിലും മാറ്റമൊന്നും പാടില്ലെന്ന് ആ പുണ്യാത്മാവ് ആഗ്രഹിച്ചിരുന്നിരിക്കണം. വറതച്ചന്റെ ഭവനത്തിൽ നിന്ന് രണ്ട് കി. മീ. ലധികം ദൂരമുണ്ട് ഇടവക പള്ളിയിലേക്ക്. തോട്ടിലൂടെയാണ് മൃതസംസ്‌കാരഘോഷയാത്ര. നിരവധി വൈദികരും വിവിധ ഇടവകകളിൽ നിന്നുള്ള ദർശനസഭാംഗങ്ങൾ ഉൾപ്പടെ വൻജനാവലി അകമ്പടിയായുണ്ടായിരുന്നു. ഇടക്ക് മഴവന്നു. അത് ശക്തിയായപ്പോൾ തോട്ടിനുമേക്കരയുള്ള ഒരു ഹൈന്ദവന്റെ പറമ്പിൽ അൽപനേരം ശവമഞ്ചം ഇറക്കിവെച്ചു. അതൊരു ദൈവിക പദ്ധതിയായിരുന്നു. പിൽക്കാലത്ത് ആ സ്ഥലം പൂജ്യമായി. വറതച്ചന്റെ ശവമഞ്ചം ഇറക്കിവെച്ച ആ സ്ഥലത്താണ് ഇന്ന് കാവീട് ഇടവകപള്ളി നിലകൊള്ളുന്നത്.

കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ഇടവക ഇന്നും നിലനിർത്തിയിട്ടുള്ള പുരാതന പള്ളിയുടെ ഹാളിൽ സ്ഥിതിചെയ്യുന്ന വറതച്ചന്റെ കബറിടം നാനാജാതി മതസ്ഥർക്ക് പ്രത്യാശാഭവനമാണ്. മൺമറഞ്ഞ് വർഷങ്ങൾ പിന്നിട്ടുകൊണ്ടിരിക്കുമ്പോഴും സാധാരണ ജനങ്ങൾക്കിടയിൽ വറതച്ചൻ ജീവിക്കുന്നുണ്ടായിരുന്നു. അവരുടെ ഓരോ ആവശ്യങ്ങളിലും വറതച്ചൻ അത്താണിയായി. ജാതിയോ മതമോ നോക്കാതെ ആളുകൾ വറതച്ചന്റെ മദ്ധ്യസ്ഥ സഹായം നേടി. അവരുടെ വിശ്വാസം തലമുറകളിലൂടെ കൈമാറിവന്ന് പുർവ്വാധികം കരുത്താർജ്ജിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഔദ്യോഗിക തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ സമയമെടുത്തു. മൺമറഞ്ഞ് 75 വർഷത്തോളം കഴിഞ്ഞാണ് ഇടവകപള്ളിയിൽ വിപുലമായ ശ്രാദ്ധാഘോഷപരിപാടികൾക്ക് ആരംഭം കുറിച്ചത്.

എല്ലാവർഷവും ജൂൺ ഒന്ന് മുതൽ എട്ട് വരെ തിയതികളിലാണ് വറതച്ചന്റെ ശ്രാദ്ധാഘോഷചടങ്ങുകൾ. ജൂൺ എട്ടിനാണ് ശ്രാദ്ധ ഊട്ട് നടക്കുക. ഏതാനും വർഷങ്ങളായി പ്രതിമാസ അനുസ്മരണങ്ങളും നടന്നുവരുന്നുണ്ട്. എല്ലാ മാസവും എട്ടാം തിയതി (ഞായറാഴ്ചയായാൽ തലേദിവസം)കളിൽ രാവിലെ 10.30 ന് അനുസ്മരണ ബലിയും കബറിട ശുശ്രൂഷകളും ഊട്ടും നടക്കാറുണ്ട്. ഈവർഷം വറതച്ചന്റെ ചരമശതാബ്ദിവർഷം കൂടിയാണ്. അത് നടത്തുന്നത് കോട്ടപ്പടി - കാവീട് ഇടവകകൾ സംയുക്തമായിട്ടാണ്. മുൻവർഷങ്ങളേക്കാൾ വിപുലമായ പരിപാടികളോടെയാണ് ആ ദീപ്തസ്മരണ ആഘോഷിക്കപ്പെടുന്നത്. ഒരു വർഷം മുഴുവൻ നീണ്ടുനിന്ന ശതാബ്ദിയാഘോഷ പ്രവർത്തനങ്ങൾക്