News >> മാനവികതയുടെ കേന്ദ്രസ്ഥാനം മനുഷ്യനു നല്കണം : കര്‍ദ്ദിനാള്‍ പരോളിന്‍


മാനവികതയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു മനഃമാറ്റം ലോകത്തിന്ന് അനിവാര്യമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. തുര്‍ക്കിയിലെ ഈസ്താംബൂളില്‍ സംഗമിച്ച പ്രഥമ മാനവിക ഉച്ചകോടിയുടെ (The Frist World Humanitarian Summit 23, 24 May, 2016) സമാപനദിനമായ മെയ് 24-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ പേരില്‍ നടത്തിയ അഭിപ്രായപ്രകടനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. 

മനുഷ്യനാണ് മാനവികതയുടെ കേന്ദ്രമെന്നും, അതാനാല്‍ മനുഷ്യനെ സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റേതിനെക്കാളും പ്രാഥമ്യം നല്കേണ്ടത്. ലോകത്തിന്ന് വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്‍റെയും മനുഷ്യയാതനകളുടെയും പശ്ചാത്തലത്തില്‍ മനുഷ്യന്‍റെയും ജീവന്‍റെയും അടിസ്ഥാന ആവശ്യങ്ങളാണ് ലോകനേതാക്കള്‍ അടിയന്തിരമായി പരിഗണിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

സ്ത്രീ-പുരുഷന്മാരോടും, കുട്ടികളോടും, പ്രായമായവരോടും, പൊതുവെ ജനങ്ങളോടും സമൂഹത്തിന്‍റെ നേതൃനിരയിലുള്ളവര്‍ കാണിക്കേണ്ട സ്നേഹത്തില്‍നിന്നു മാത്രമേ സ്വയാര്‍പ്പണം, സ്വപരിത്യാഗം എന്നിവ ഉതിര്‍ക്കൊള്ളുകയുള്ളൂ, എന്ന് പാപ്പാ ഫ്രാന്‍സിസ് ഉച്ചകോടിക്ക് അയച്ച സന്ദേശത്തെ അധികരിച്ച് കര്‍ദ്ദിനാള്‍ പരോളില്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. 

ഇന്ന് ലോകത്തുള്ള വേദനിക്കുന്ന വലിയൊരു ജനസഞ്ചയത്തോട് പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടും, അവരുടെ പ്രതിസന്ധികള്‍ പരിഹരിച്ചു കൊണ്ടുമായിരിക്കണം മനുഷ്യകുലത്തോടുള്ള രാഷ്ട്രീയ സമൂഹത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം വെളിപ്പെടുത്തേണ്ടതെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. സമൂഹത്തിന്‍റെ കേന്ദ്രസ്ഥാനത്തു മനുഷ്യന്‍ നില്ക്കുന്നതും, വ്യക്തികള്‍ മാനിക്കപ്പെടുന്നതുമായ ഒരു മനഃമാറ്റം ഇന്നിന്‍റെ ആവശ്യമാണ്. സമൂഹത്തില്‍ പാര്‍ശ്വത്ക്കരിക്കപ്പെടുന്ന കുട്ടികളും സ്ത്രീകളും പ്രായമായവരും സമൂഹത്തിന്‍റെ മുന്‍നിരയിലേയ്ക്ക് ഉയര്‍ത്തപ്പെടണമെന്നും, അവരെ തുണയ്ക്കണമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തോട് ആഹ്വാനംചെയ്തു.

ഉച്ചകോടിയിലെ രാഷ്ട്രപ്രതിനിധികള്‍ക്കും സംഘടനാ നേതാക്കള്‍ക്കുമായി വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശവും ചിന്തകളും അവര്‍ ഏറെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതായി സമ്മേളനത്തിന്‍റെ സജീവമായ ചര്‍ച്ചാവേദികളില്‍ തനിക്ക് കേള്‍ക്കാനായെന്നും, വേദികളില്‍ പലതവണ പാപ്പാ ഫ്രാന്‍സിസ് അവര്‍ത്തിച്ച് ഉദ്ധിരിക്കപ്പെട്ടിരുന്നുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ ഈസ്താംബൂളില്‍നിന്നും നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Source: Vatican Radio