News >> കാണാതായ കുട്ടികളുടെ രാജ്യാന്തരദിനം അനുസ്മരിച്ചു


മെയ് 25 ബുധനാഴ്ചയാണ് ലോകത്ത് കാണാതായ കുട്ടികളുടെ ദിനമായി അനുസ്മരിക്കപ്പെടുന്നത്.  1979-ലെ മെയ് 25-ാം തിയതി ന്യൂയോര്‍ക്കിലെ മാന്‍ഹറ്റനില്‍ കാണാതാവുകയും, എന്നാല്‍ പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ഏതന്‍ പാറ്റ്സ് എന്ന ആറു വയസ്സുകാരന്‍റെ സ്മരണാര്‍ത്ഥമാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ്, റൊണാള്‍ഡ് റീഗന്‍ 1983-ല്‍ ' മെയ് 25, കാണാതായ കുട്ടികളുടെ ദേശീയ ദിന'മായി പ്രഖ്യാപിച്ചത്. പാറ്റ്സിനെ കാണാതയതിന്‍റെ നാലാം വര്‍ഷമായിരുന്നു അത്.

തുടര്‍ന്ന് മറ്റുരാജ്യങ്ങളും തട്ടിക്കൊണ്ടുപോകപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന നിര്‍ദ്ദേഷികളായ കുട്ടികളുടെ രാജ്യാന്തരദിനം അനുസ്മരിക്കുവാന്‍ തുടങ്ങി. കാണാതായ കുടികള്‍ക്കായുള്ള സംഘടയുടെ രാജ്യാന്തര ശൃംഖല (Global Network for Missing Children), കാണാതാവുകയും ചൂഷിതരാവുകയുംചെയ്ത കുട്ടികള്‍ക്കുള്ള കേന്ദ്രം (International Center for Missing and Exploited Children)  (ICMEC) എന്നിങ്ങനെ രണ്ട് രാജ്യാന്തര സന്നദ്ധ സംഘടനകളാണ് ഇന്ന് ഈ ദിനാചരണത്തിന്‍റെ ഇപ്പോഴത്തെ പ്രയോക്താക്കള്‍. പീഡിപ്പിക്കപ്പെടുകയും ചൂഷിതരാവുകയും കാണാതാവുകയും ചെയ്യുന്ന കുട്ടികളെക്കുറിച്ച് അവബോധം വളര്‍ത്തുന്ന സംഘടനകളാണിവ. കുട്ടികള്‍ കാണാതാവുന്ന പ്രതിഭാസം ലോകത്ത് വലുതാണെന്നും, പ്രതിവര്‍ഷം​ 22,000 കുട്ടികള്‍ ശരാശരി കാണാതെ പോകുന്നുണ്ടെന്നും ICMEC-യുടെ ഏറ്റവും അടുത്ത കാലത്തെ സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തി.

കുട്ടികള്‍ സംരക്ഷിക്കപ്പെടണം! അവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, ചൂഷണവിധേയരാക്കുക, മനുഷ്യക്കടത്ത് കള്ളക്കടത്ത്, മയക്കുമരുന്നു കടത്ത് എന്നിവയ്ക്ക് ഉപയോഗിക്കുക മുതലായ വികലമായ പ്രവര്‍ത്തനങ്ങളെ വത്തിക്കാനില്‍ മെയ് 25-ാം തിയതി ബുധനാഴ്ച ചേര്‍ന്ന പൊതുകൂടിക്കാഴ്ചയ്ക്കിടയില്‍ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു.  ഇനിയും കാണാതായ കുട്ടികളെ മോചിപ്പിക്കണമെന്നും, അവരുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കണമെന്നും സകലരോടുമായി അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് കുട്ടികളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് വിരാമമിട്ടത്. 

Source: Vatican Radio