News >> മിഷനറിമാരെഴുതിയ ഭാരതീയ സുവിശേഷങ്ങൾ
അക്ഷരം പഠിച്ച ശുദ്രനെ അകറ്റിനിർത്തണം എന്ന ചിന്ത നാടുവാഴുന്ന കാലത്താണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജാതിലിംഗഭേദമില്ലാതെ അവർണ്ണനെയും സവർണ്ണനെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കാൻ ക്രൈസ്തവ മിഷനറിമാർ തയാറായത്. ഗാന്ധിജി ചണ്ഡാളന്മാരെ ഹരിജനങ്ങളെന്നു വിശേഷിപ്പിക്കുന്നതിനു വളരെ മുമ്പ് മിഷനറിമാർ അവരെ ദൈവപുത്രരെന്നു വിളിച്ചു! ശൈശവവിവാഹവും സതിയും ബഹുഭർതൃത്വ സമ്പ്രദായവും ബഹുഭാര്യാത്വവും വിധവാദുരിതവും ഇന്ത്യയിൽനിന്ന് തുടച്ചുനീക്കാനും സമഭാവനയും സ്വതന്ത്രചിന്തയും വ ളർത്താനും മിഷനറി വിദ്യാഭ്യാസം വലിയ പ്രചോദനമാണ് നൽകിയത്. മിഷനറിമാർ അവതരിപ്പിച്ച വിദ്യാഭ്യാസം ലിബറലും സെക്കുലറുമായിരുന്നു. മുൻവിധികളിൽനിന്നും മാമൂലുകളിൽനിന്നും അതു ബു ദ്ധിയെ സ്വതന്ത്രമാക്കി. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്തിൽ മതവിധികളുടേതുമാത്രമായ ചട്ടക്കൂട്ടിൽനിന്ന് ഹൃദയത്തെ അതു വിടർത്തി.ജനങ്ങളെ അടിച്ചമർത്തി ഏകാധിപത്യം സ്ഥാപിച്ചിരുന്ന രാജവാഴ്ചകളെയും ഫ്യൂഡൽ ദുഷ്പ്രഭുത്വങ്ങളെയും കടപുഴക്കിക്കൊണ്ട് ലോകചരിത്രത്തിൽ സംഭവിച്ച ജനകീയ വിപ്ലവങ്ങളെയും ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയാദർശങ്ങളെയും കുറിച്ചറിയാൻ വിദ്യാഭ്യാസത്തിലൂടെ ഇന്ത്യൻ ജനതയ്ക്കു കഴിഞ്ഞു. മിഷനറിമാർ നമുക്ക് നൽകിയ വിദ്യാഭ്യാസം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങൾ തുറന്നിട്ടത്, ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്ന് മോചനം നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് ഉത്തേജനമായി. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യബോധത്തിന്റെ വിത്ത് ഈ മണ്ണിൽ പാകിയതെന്നു പറഞ്ഞാൽ അതിൽ ഒട്ടുംതന്നെ അതിശയോക്തിയില്ല. ആലസ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങിയ ഭാരതീയരെ ഉണർത്തി അവരുടെ ഹൃദയങ്ങളിൽ ഉറങ്ങിക്കിടന്ന ദേശീയബോധത്തെയും ഏകതാബോധത്തെയും ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച നവോത്ഥാന യത്‌നങ്ങൾക്ക് പ്രേരകമായ മുഖ്യഘടകം ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വിൽ ബർഫോഴ്‌സ് എന്ന വിദ്യാഭ്യാസ ചിന്തകൻ ഇന്ത്യയിലേക്ക് സ്‌കൂൾ അധ്യാപകരെ അയ്ക്കാൻ തീരുമാനിച്ചപ്പോൾ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടർ അദ്ദേഹത്തോടു പറഞ്ഞു, "സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുക എന്ന വിഡ്ഢിത്തം കാണിച്ചതിനാൽ അമേരിക്ക നമുക്ക് നഷ്ടപ്പെട്ടു. ഇന്ത്യയുടെ കാര്യത്തിൽ അതാവർത്തിക്കാൻ പാടില്ല." മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഫലമായി പ്രബുദ്ധതയും തന്റേടവും നേടിയ ഭാരതത്തിന്റെ സ്വാതന്ത്ര്യസമ്പാദന ചരിത്രം മേൽപ്പറഞ്ഞ അഭിപ്രായം ശരിവയ്ക്കുന്നതാണ്.ഇന്ത്യക്കാരെ പാതി പിശാചും പാതി ശിശുവുമായി കണ്ടിരുന്ന, ഇന്ത്യക്കാരായ അഭ്യസ്തവിദ്യരെ അവജ്ഞയോടെ വീക്ഷിച്ച റുഡ്‌യാഡ് ക്ലിപിംഗ് ഒരിക്കൽ പറഞ്ഞു, "ഇന്ത്യ ഒരിക്കലും വോട്ട് ചെയ്യാൻ പഠിക്കില്ല." കൊളേണിയൽ ഭരണകൂടത്തിലെ ജോലികൾക്കായി ഇന്ത്യക്കാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചപ്പോൾ തോമസ് ബാർബിങ്ങ്ടൻ മെക്കാളെ പ്രഭു പറഞ്ഞു "ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹിന്ദു ഒരിക്കലും തന്റെ മതത്തിൽ തുടരുകയില്ല." എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണെന്നതിന് ചരിത്രം സാക്ഷി! അഭ്യസ്തവിദ്യരായ രാജാറാം മോഹൻറോയിയെപോലുള്ള ഹിന്ദുമതവിശ്വാസികൾ ദുരാചാരങ്ങൾ നീക്കി തങ്ങളുടെ മതത്തെ നവീകരിക്കാൻ ശ്രമിച്ചു. തങ്ങളെ ആരു ഭരിക്കുന്നു, എന്തിന് ഭരിക്കുന്നു, എന്നൊന്നും അറിയാത്ത ഭാരതത്തിന്റെ നിരക്ഷര ഗ്രാമീണ കർഷക ലക്ഷങ്ങളിൽ ഉണർവുണ്ടാക്കി അവരിൽ അന്തർലീനമായിരുന്ന ആർഷഭാരതത്തിന്റെ സംസ്‌കാരികൈക്യത്തിന് ദേശീയബോധത്തിന്റേതായ മാനം നൽകിയതും അവരെയെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിക്കീഴിൽ കൊണ്ടുവന്നതും മിഷനറി വിദ്യാഭ്യാസം ലഭിച്ച അഭ്യസ്തവിദ്യരുടെ പ്രവർത്തനഫലമാണ്.ഭാരതീയ ഭാഷകളിൽ സാമാന്യജനത്തിന് മനസിലാകുന്നതും ഓജസുള്ള ഋജുവും അകൃത്രിമവുമായ ഗദ്യശൈലി രൂപപ്പെടുത്തിയത് മിഷനറിമാരുടെ വിദ്യാഭ്യാസ സാഹിത്യ പ്രവർത്തനങ്ങളാണ്. മിഷനറിമാർ സ്ഥാപിച്ച മുദ്രണാലയങ്ങളും അച്ചുകൂടങ്ങളും വഴി കൈവന്ന സാംസ്‌കാരികാഭിവൃദ്ധിയാണ് ഇവിടെ സാഹിത്യത്തെ ജനകീയമാക്കിയതും വിദ്യാസമ്പന്നരുടെ വലിയൊരു നിരയെ കെട്ടിപ്പടുത്തതും. ക്രൈസ്തവ സ്ഥാപിത മുദ്രണാലയങ്ങളുടെ ശ്രമഫലമായി അക്കാലത്ത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പുസ്തകങ്ങളും മറ്റ് സാഹിത്യകൃതികളും ജനങ്ങളിലേക്കെത്തി. താളിയോലപ്പതിപ്പുകളിൽ കോവിലകങ്ങൾ, ധനികഗൃഹങ്ങൾ എന്നിവയിൽ ഒതുങ്ങി നിന്നിരുന്ന സാഹിത്യം ജനകീയമായി. സംസ്‌കൃത ഭാഷാവിജ്ഞാനികളായ ചുരുക്കം ചിലർമാത്രം അറിഞ്ഞിരുന്ന പുരാണേതിഹാസങ്ങൾ അച്ചടിയുടെ വ്യാപനം വഴി ജനങ്ങളിലെത്തി. എഴുത്തച്ഛനെയും പൂന്താനത്തെയും പോലെയുള്ള ഭക്തിപ്രസ്ഥാനത്തിന്റെ നെടുംതൂണുകളുടെ കൃതികൾ ജനങ്ങളിലേക്കെത്തുകയും മണിപ്രവാളത്തിന്റെ അശ്ലീലസംസ്‌കാരത്തിനു ബദലായി ഒരു ആധ്യാത്മിക സംസ്‌കാരം ഇവിടെ രൂപപ്പെടുകയും ചെയ്തു. പ്രാചീ ന മലയാളത്തിൽ സുലഭമായിരുന്നെങ്കിലും പിൽക്കാലത്ത് സംസ്‌കൃതത്തിനു വഴിമാറിക്കൊടുക്കേണ്ടിവന്ന പല ദ്രാവിഡ പദങ്ങളും ഭാഷയിലേക്ക് പുനരാഗമനം നടത്തുന്നത് മിഷനറിമാരുടെ കാലഘട്ടത്തിലാണ്. മിഷനറി ഗദ്യത്തിലുള്ള സുറിയാനി, ലത്തീൻ, പോ ർച്ചുഗീസ് പദങ്ങളുടെ ധാരാളിത്തം ഭാരതീയഭാഷകളിലെ പദകോശത്തെ ഏറെ സമ്പന്നമാക്കി. ക്ഷേത്രത്തോടനുബന്ധിച്ച് മേൽജാതി ഹിന്ദുക്കൾക്കുമാത്രം പ്രവേശനമനുവദിച്ചുകൊണ്ടു നടത്തിപ്പോന്ന കലാപ്രകടനങ്ങൾ കാണാൻ സാധിക്കാതിരുന്ന സാധാരണക്കാർക്ക് പോർച്ചുഗീസുകാർ തുടങ്ങിവച്ച 'ചവിട്ടുനാടകം' വേനൽമഴ പോലെയായിരുന്നു. നാടകമെന്ന ആധുനിക കലാരൂപവുമായി കേരളീയർ ആദ്യമായി പരിചയപ്പെട്ടത് ചവിട്ടുനാടകത്തിലൂടെയാണ്.ഒരു ജനതയുടെ ദീർഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷണഗതിയും ആദർശങ്ങളും ലോകതത്വങ്ങളും വസ്തുസ്ഥിതിയും പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലുകളെ ആദ്യമായി തേടിപ്പിടിച്ച് സംരക്ഷിച്ചത് നാട്ടുഭാഷ പഠിക്കാൻ മിനക്കെട്ടിറങ്ങിയ ക്രൈസ്തവ മിഷനറിമാരാണ്. ഭാരതത്തിലെ ഹസ്തലിഖിത ഗ്രന്ഥങ്ങൾപോലും ശേഖരിച്ച് സൂക്ഷിക്കുന്നതിന് അവർ കാണിച്ച താൽപര്യം മന്വന്തരങ്ങളുടെ കൃതജ്ഞതയർഹിക്കുന്നുണ്ടെന്നാണ് ചരിത്രകാരനായ എ. ശ്രീധരമേനോൻ പ്രസ്താവിക്കുന്നത്.സമസ്ത മനുഷ്യരുടെയും അന്തസ് ഒരുപോലെ വിലപ്പെട്ടതാണെന്ന അവബോധം വഴി സാമൂഹികബോധം വളർത്തിയെടുക്കാൻ മിഷനറി വിദ്യാഭ്യാസത്തിന് കഴിഞ്ഞു. പൊതുസ്ഥാപനങ്ങളുടെമേൽ ലഭിക്കുന്ന അധികാരം പൊതുജനസേവനത്തിനു വേണ്ടിയാണെന്ന തത്വം അംഗീകരിക്കപ്പെടുവാനും നിയമവാഴ്ചയുടെ അനുപേക്ഷണീയത മനസിലാക്കുന്നതുവഴി സമൂഹത്തിൽ അരാജകത്വം ഒഴിവാക്കാനും ഈ വിദ്യാഭ്യാസ സമ്പ്രദായം കാരണമായി. വിദ്യാഭ്യാസം സാമാന്യജനത്തിന് പ്രാപ്യമാക്കുന്നതിലും ജാതിവർണ വിവേചനരഹിതമായി തുല്യ അവസരം വിദ്യാർത്ഥികൾക്കു പ്രദാനം ചെയ്യുന്നതിലും വിദ്യാലയങ്ങളിൽ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും മിഷനറിമാർ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയായത്. ശാസ്ത്രത്തെ മതമൂല്യങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ മിഷനറിമാർ അവതരിപ്പിച്ച പാശ്ചാത്യ സമ്പ്രദായം ഒട്ടൊന്നുമല്ല വിജയിച്ചത്.ഭാരതത്തിലെ ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. (1) ക്രൈസ്തവ സമൂഹത്തെ വിദ്യയഭ്യസിപ്പിക്കുകയും സമുദ്ധരിക്കുകയും ചെയ്യുക. (2) ഇന്ത്യൻ യുവജനതയെ പൊതുവായി സേവിക്കുക. (3) രാജ്യത്തെ ബുദ്ധിശാലികളെ ക്രിസ്തുമതവുമായി പരിചയപ്പെടുത്തുക എന്നിവയായിരുന്നു ഈ ലക്ഷ്യങ്ങൾ. ചുരുക്കത്തിൽ ദൈവദത്തമായ മനുഷ്യത്വപൂർണതയിലേക്ക് ഓരോ വ്യക്തിയെയും കൊ ണ്ടുചെന്നെത്തിക്കുന്ന സുവിശേഷദൗത്യത്തിനുള്ള ഇന്ത്യൻ ഉപാധിയായി മിഷനറിമാർ വിദ്യാഭ്യാസത്തെ കണ്ടു. സ്ത്രീകൾക്ക് വിദ്യാഭ്യാസം അചിന്ത്യമായിരുന്ന ഒരു കാലഘട്ടത്തിലാണ് മിഷനറിമാർ പെൺകുട്ടികൾക്കായി സ്‌കൂളുകൾ ആരംഭിച്ച് അവരെ വിദ്യാഭ്യാസരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. സ്ത്രീകളിലൂടെ സാമൂഹിക നവോത്ഥാനം എന്ന ആശയം തന്നെ മിഷനറിമാരുടെ സംഭാവനയായിരുന്നു.കേരളത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടത് മിഷനറിമാരാണ്. 1820-ൽ ചാൾസ് മീഡ് നാഗർകോവിലിലാരംഭിച്ച വ്യവസായ സ്‌കൂളിൽ ഉപയോഗമുള്ള കലകൾ, പ്രിന്റിംഗ്, ബുക്ക് ബൈന്റിംഗ്, ലതർ നിർമാണം എന്നിവയിൽ പരിശീലനം നൽകിയിരുന്നു. നെച്ചൂർ എന്ന സ്ഥലത്താരംഭിച്ച വ്യവസായ സ്‌കൂളിൽ പേപ്പർ നിർമാണം, നെയ്ത്ത്, പട്ടുനൂൽപുഴു വളർത്തൽ എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തിരുന്നു. മിഷനറിമാരുടെ ഈ മാതൃക കണ്ടാണ് ഗവൺമെന്റ് 1862 ൽ തിരുവനന്തപുരത്ത് സ്‌കൂൾ ഓഫ് ആർട്ട്‌സ് സ്ഥാപിക്കുന്നത്.മിഷനറിമാരുടെ ഭാഷാവിഷയവും വ്യാകരണസംബന്ധവുമായ മഹിതസംഭാവനകളെപ്പറ്റി ജവഹർലാൽ നെഹ്‌റു 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യിൽ പറയുന്നുണ്ട്. "സുസ്ഥാപിതങ്ങളും സുവിദിതങ്ങളുമായ ഭാഷകളുമായി ഇടപെടുന്നതിന് പ്രയാസമില്ല. എന്നാൽ മിഷനറിമാർ അതും കവിഞ്ഞു മുന്നോട്ട് ചെന്ന് പ്രാദേശികഭാഷകളെയും പ്രാകൃതഭാഷകളെയും കൈ കാര്യം ചെയ്ത് അവയ്ക്ക് ആകൃതിയും രൂപവും നൽ കി. വ്യാകരണവും നിഘണ്ടുക്കളും നിർമിച്ചു. മാത്രമല്ല, അവർ മലകളിലെയും വനങ്ങളിലെയും പ്രാകൃതരായ ആദിവാസികളുടെ സംസാരഭാഷയ്ക്കുവേണ്ടിപോലും യത്‌നിച്ച് അവയെ എഴുത്തിലാക്കി. സാധിക്കുന്ന സകല ഭാഷകളിലേക്കും ബൈബിൾ തർജ്ജമ ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ ആഗ്രഹം അങ്ങനെ അനേകം ഇന്ത്യൻ ഭാഷകളുടെ വികാസത്തിൽ പര്യവസാനിച്ചു."ഭാഷാപരമായ ഒരു യുഗപ്പകർച്ചയുടെ പ്രവാചകരായിരുന്ന, സർവാശ്ലേഷിയായ ക്രൈസ്തവ മതദർശന പ്രചാരണത്തിന്റെ പ്രധാന ഉപാധിയായി വിദ്യാഭ്യാസത്തെ കണ്ട മിഷനറിമാർ, മതബോധനത്തിന്റെയും ശാസ്ത്രജ്ഞാനത്തിന്റെയും ഭാഷാവിജ്ഞാനീയത്തിന്റെയുമൊക്കെ ശുഭ്രവെളിച്ച ദർശനത്തിന് ഒരു ജനതയെ ഒരുക്കി. നവോത്ഥാനത്തിന്റെ ഉപോൽപ്പന്നമായ അന്വേഷണത്വര ഭാരതീയ ചിന്താമണ്ഡലങ്ങളിലേക്കു സംക്രമിപ്പിക്കുവാൻ മിഷനറിമാർ അവതരിപ്പിച്ച ക്രമബദ്ധവും ശാസ്ത്രീയവുമായ പാശ്ചാത്യചിന്താപദ്ധതികൾക്കു കഴിഞ്ഞു.കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും കാലത്തിനുമുമ്പേ നടക്കാനും കാലത്തെ ജീവിതവ്യമാക്കാനുമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും എന്നും സർവശ്ലേഷിയായ ക്രൈസ്തവസംസ്‌കാരത്തിൽ നിന്നുണ്ടായിട്ടുണ്ട് എന്നത് അഭിമാനാർഹമായ വസ്തുതയാണ്. പ്രഭുവർഗങ്ങളുടെ സൗഭാഗ്യതലങ്ങൾ വിട്ട് ഭാരതീയ സമൂഹത്തിന്റെ കാനകളിലേക്കിറങ്ങിച്ചെന്ന മിഷനറിമാരും അപരന്റെ അസ്തിത്വ പൂർണതയ്ക്കായി അഹ ത്തെ ത്യജിച്ച സമർപ്പിതരുമെല്ലാം ഭാരതക്രൈസ്തവ വിദ്യാഭ്യാസ ചരിത്രത്തിലെ തിളങ്ങുന്ന മുത്തുകളാണ്. അസഹിഷ്ണുതയുടെ വിമർശനങ്ങളെ ക്രൈ സ്തവ വിദ്യാഭ്യാസ പ്രേഷിതത്വത്തിന്റെ ദർശനഭദ്രത ഉറപ്പുവരുത്തുകയും വിമർശനാതീതമായ പ്രവർത്തനശൈലി രൂപപ്പെടുത്താനുമുള്ള മുന്നറിയിപ്പുകളായി സ്വീകരിക്കുകയും ചെയ്താൽ ഭാരതത്തിലെ ക്രൈ സ്തവ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാവി ശോഭനമായിരിക്കും.ഫാ. മാർട്ടിൻ ശങ്കൂരിക്കൽSource: Sunday Shalom