News >> റവ.ഡോ.ആന്റണി കരിയില്‍ മാണ്ഡ്യ രൂപത മെത്രാന്‍
കൊച്ചി: ബംഗളൂരു ഉള്‍പ്പെടെ ആറു ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച, കര്‍ണാടകയിലെ മാണ്ഡ്യ സീറോ മലബാര്‍ രൂപതയുടെ മെത്രാനായി റവ.ഡോ. ആന്റണി കരിയില്‍ സിഎംഐ നിയമിതനായി. മാനന്തവാടി രൂപത വിഭജിച്ച് 2010 ജനുവരി 18നാണു മാണ്ഡ്യ രൂപത സ്ഥാപിച്ചത്. പ്രഥമ മെത്രാനായ
മാര്‍ ജോര്‍ജ് ഞരളക്കാട്ട് തലശേരി അതിരൂപതാധ്യക്ഷനായതോടെയാണു മാണ്ഡ്യയില്‍ പുതിയ മെത്രാന്റെ നിയമനം ആവശ്യമായി വന്നത്.
1950 മാര്‍ച്ച് 26നു എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചേര്‍ത്തലയ്ക്കു സമീപം
ചാലില്‍ ഇടവകയിലാണു റവ.ഡോ. കരിയിലിന്റെ ജനനം. സിഎംഐ സന്യാസസമൂഹാംഗമായി 1977 ഡിസംബര്‍ 27നു പൌരോഹിത്യം സ്വീകരിച്ചു.
സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുള്ള നിയുക്തമെത്രാന്‍ സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കളമശേരി പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ)യുടെ ദേശീയ പ്രസിഡന്റായും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ബംഗളൂരു ക്രൈസ്റ് കോളജ് എന്നീ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണു മാണ്ഡ്യയിലെ ഇടയനിയോഗം.
ഇതുവരെ കര്‍ണാടകയിലെ മാണ്ഡ്യ, ഹസന്‍, മൈസൂരു, ചാമരാജനഗര എന്നീ ജില്ലകളാണു മാണ്ഡ്യ രൂപതയില്‍ ഉള്‍പ്പെട്ടിരുന്നത്. ബംഗളൂരുവിനു ചുറ്റുമുള്ള
ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, ചിക്ബല്ലാപൂര്‍, കോളാര്‍, രാമനഗര, തുംകൂര്‍ എന്നീ ജില്ലകളിലേക്കു കൂടി രൂപത വ്യാപിപ്പിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ കല്പന നല്‍കി.
ഇതോടെ ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്കു സ്വന്തം സഭയുടെ പൈതൃകത്തില്‍ അജപാലനശുശ്രൂഷ നടത്താനുള്ള അവസരം പൂര്‍ണമായും കൈവന്നിരിക്കുകയാണെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
![](http://www.kothamangalamdiocese.org/files/media/uploadimages/1440927455Kariyil.jpg)
.
Source: Deepika