News >> റോമിലെ ചാവറ മത-സാംസ്ക്കാരിക പഠനകേന്ദ്രത്തിന്‍റെ നാല്പതാം പിറന്നാള്‍
റോമിലെ ചാവറ മതാന്തരസംവാദ പഠനകേന്ദ്രം സ്ഥാപനത്തിന്‍റെ റൂബി ജൂബിലി ആഘോഷിക്കുന്നു. ഭാരതീയ സാംസ്ക്കാരിക പഠനത്തിനും, മതാന്തര സംവാദ പ്രബോധനത്തിനുമായി 1977-ല്‍ സ്ഥാപിതമായ ചാവറ സാംസ്ക്കാരിക കേന്ദ്രമാണ് (Chavara Institute of Indian & Inter-religious Studies in Rome) അതിന്‍റെ സ്ഥാപനത്തിന്‍റെ 40-ാം വാര്‍ഷികം ആചരിക്കുവാന്‍ ഒരുങ്ങുന്നത്. ഡയറക്ടര്‍ ഫാദര്‍ ഐസക്ക് ആരിക്കാപ്പള്ളി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മെയ് 28-ാം തിയതി ശനിയാഴ്ച ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന 40-ാം പിറന്നാള്‍ ആചരണത്തിന്‍റെ ഉത്ഘാടനം സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറല്‍, ബഹുമാനപ്പെട്ട ഫാദര്‍, ഡോക്ടര്‍ പോള്‍ അച്ചാണ്ടി നിര്‍വ്വഹിക്കും. ഉത്ഘാടനകര്‍മ്മത്തെ തുടര്‍ന്ന് ഭാരിതീയ-പശ്ചാത്യസംഗീത പാരമ്പര്യങ്ങളുടെ ജുഗല്‍ബന്ദി അവതരിപ്പിക്കപ്പെടും. എട്ടുവര്‍ഷക്കാലം റോമിലെ ചാവറ സെന്‍ററിന്‍റെ ചുക്കാന്‍പിടിച്ച ഫാദര്‍ ഐസക്ക് ആരിക്കാപ്പിള്ളി പറഞ്ഞു. രണ്ടാം വത്തിക്കാന്‍ സൂനഹദോസു പ്രബോധിപ്പിക്കുന്ന മതങ്ങളോടു തുറവുള്ള സമീപനമാണ് (Nostra Aetate) സാംസ്ക്കാരിക-മത പഠനകേന്ദ്രം റോമില്‍ തുടങ്ങാന്‍ മുന്‍തലമുറയ്ക്ക് പ്രചോദനമായതെന്ന് ഫാദര്‍ ആരിക്കപ്പിള്ളി പങ്കുവച്ചു.പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ള കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ ആഘോഷിക്കുന്ന റോമിലെ ചാവറ കേന്ദ്രത്തിന്‍റെ 40-ാംവാര്‍ഷികം മതങ്ങളിലെ കാരുണ്യദര്‍ശനം, ഭാരതീയ പാരമ്പര്യത്തിലെ കരുണയുടെ വീക്ഷണം എന്നിങ്ങനെയുള്ള വിഷയങ്ങളുടെ പഠനശിബരത്തിലൂടെയും ചര്‍ച്ചേവേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഫലവത്താക്കാന്‍ ശ്രമിക്കുമെന്നും ഫാദര്‍ ആരിക്കാപ്പള്ളി വ്യക്തമാക്കി.2010-മുതല്‍ ബാംഗളൂരിലുള്ള ധര്‍മ്മാരാം പൊന്തിഫിക്കല്‍ ദൈവശാസ്ത്ര-തത്വശാസ്ത്ര-ബൈബിള്‍ പഠനകേന്ദ്രവുമായി സംയോജിപ്പിച്ചാണ് (affiliated) റോമിലെ ചാവറ മത-സാംസ്ക്കാരിക പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.Source: Vatican Radio