News >> പാവങ്ങളുടെ അമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ മമത ബാനര്‍ജി പങ്കെടുക്കും
മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ മമത ബാനര്‍ജി പങ്കെടുക്കുമെന്ന് മിഷണറീസ് ഓഫ് ചാരിറ്റീസിന്‍റെ സുപീരിയര്‍ ജനറല്‍, സിസ്റ്റര്‍ മരീയ പ്രേമാ അറിയിച്ചു. ഉപവികളുടെ സഹോദരിമാരുടെ (Missionaries of Charities) കൊല്‍ക്കത്തയിലെ ആസ്ഥാനത്തുനിന്നും സിസ്റ്റര്‍ പ്രേമയാണ് മുഖ്യമന്ത്രി, മമത ബാനര്‍ജിയെ ഔദ്യോഗികമായി വത്തിക്കാനിലെ പരിപാടികളിലേയ്ക്കു ക്ഷണിച്ചത്.'പാവങ്ങളുടെ അമ്മ'യെന്നു ലോകം വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനമാണ് പശ്ചിമ ബംഗാള്‍ ഇപ്പോഴും. ക്ഷണം സ്വീകരിച്ച മുഖ്യമന്ത്രി, മമതാ ബാനര്‍ജി വത്തിക്കാനിലെ വിശുദ്ധപദ പ്രഖ്യാപന കര്‍മ്മത്തിലെ പങ്കാളിത്തം സ്ഥിരീകരിച്ചുകൊണ്ട് സിസ്റ്റേഴ്സിന് മറുപടി നല്‍കിയെന്ന് കൊല്‍ക്കത്തയിലെ സഭ ആസ്ഥാനത്തുനിന്നും മെയ് 24-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം നടക്കുന്നത്, അമ്മയുടെ ചരമത്തിന്‍റെ 19-ാം വര്‍ഷികത്തിന്‍റെ തലേദിവസമായ സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ചയാണ്. പ്രാദേശിക സമയം രാവിലെ 10-മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ചടങ്ങുകള്‍ക്ക് ലോകനേതാക്കളും വിവിധ മതാദ്ധ്യക്ഷന്മാരും ജനസഹസ്രങ്ങളും സാക്ഷിയാകും.Source: Vatican Radio