News >> ഇവരെ തിരിച്ചയക്കുന്നത് മരണശിക്ഷയ്ക്ക് തുല്യം
വാഷിംഗ്ടൺ ഡി.സി: മരണത്തിൽ നിന്ന് രക്ഷപെടാനും അന്തസ് സംരക്ഷിക്കുവാനുമായി പലായനം ചെയ്ത അമ്മമാരെയും കുട്ടികളെയും തിരിച്ചയക്കുന്നത് അവരെ മരണശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണെന്ന് കുടിയേറ്റക്കാർക്കു വേണ്ടിയുള്ള യു.എസ് ബിഷപ്‌സ് കമ്മിറ്റി തലവൻ ബിഷപ് യുസേബിയോ എലിസോണ്ടോ. അനധികൃതമായ യു.എസിലേക്ക് കുടിയേറിയ അമ്മമാരെയും കുട്ടികളെയും കണ്ടുപിടിച്ച് തിരിച്ചയക്കാനുള്ള റെയ്ഡുകൾ നടത്താൻ യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തയാറെടുക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു മനുഷ്യാവകാശ പ്രതിസന്ധിയാണ്.
![201629559](http://www.sundayshalom.com/wp-content/uploads/2016/05/201629559.jpg)
ജീവനുവേണ്ടിയാണ് അവിടെയുള്ള ജനങ്ങൾ പലായനം ചെയ്യുന്നത്. ഈ നടപടികൾ ഞങ്ങളുടെ ഇടവകകളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരോ അല്ലാത്തവരോ ആരാണെങ്കിലും സ്‌കൂളിലോ ദൈവാലയത്തിലോ പോകാൻ ഒരു വ്യക്തിയും ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകരുത്. കുടുംബത്തിൽ നിന്ന് പറിച്ചെടുത്ത് അപകടത്തിലേക്ക് തിരികെ തിരികെ അയക്കുന്ന സാഹചര്യം ഉണ്ടാകരുത്; ബിഷപ് എലിസോണ്ടോ പറഞ്ഞു.അമേരിക്കൻ കുടിയേറ്റ നയം പരാജയപ്പെട്ടതിന്റെ മറ്റൊരു തെളിവാണ് റെയ്ഡുകളെന്ന് ലോസ് ആഞ്ചലസ് ആർച്ച് ബിഷപ് ജോസ് എച്ച് ഗോമസ് പ്രതികരിച്ചു. കുടിയേറ്റക്കാർക്കു വേണ്ടിയുള്ള യു.എസ് ബിഷപ്‌സ് കമ്മിറ്റിയുടെ പുതിയ തലവനാണ് ആർച്ച് ബിഷപ് ഗോമസ്. കുടിയേറ്റക്കാരുടെ മനസിൽ നിരന്തരം ഭീതി വിതയ്ക്കുന്ന നിയമനടപടികൾ അമേരിക്കയുടെ പരമ്പരാഗത മൂല്യങ്ങൾക്കും ദൈവം എല്ലാ മനുഷ്യർക്കും നൽകിയ അന്തസിനും നിരക്കാത്തതാണെന്ന് ബിഷപ് എലിസോണ്ടോയും ബിഷപ് ഗോമസും വ്യക്തമാക്കി.Source: SUnday Shalom