News >> മറ്റുള്ളവർക്കായി മുറിയപ്പെടുവാൻ നിങ്ങളെത്തന്നെ വിട്ടുകൊടുക്കുക


റോം, ഇറ്റലി: മറ്റുള്ളവർക്കായി തങ്ങളെത്തന്നെ എപ്രകാരമാണ് മുറിച്ചുകൊടുക്കേണ്ടത് എന്നതിന്റെ ഉദാഹരണമാണ് അന്ത്യഅത്താഴവേളയിൽ ശിഷ്യൻമാർക്കായി അപ്പം മുറിച്ചുകൊണ്ട് ക്രിസ്തു കാണിച്ചുതന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനത്തിൽ(കോർപ്പസ് ക്രിസ്റ്റി) നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം വിശദീകരിച്ചത്.

യേശുക്രിസ്തു മുറിക്കപ്പെട്ടു. അവൻ നമുക്കുവേണ്ടിയാണ് മുറിക്കപ്പെട്ടത്. വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് പെസഹാദിനത്തിൽ യേശുക്രിസ്തു തന്റെ ശരീരവും രക്തവും നമുക്ക് നൽകി. ഇത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന കൽപ്പനയിലൂടെ തന്റെ ശരീരവും രക്തവും നമുക്ക് നൽകിയ അവിടുത്തെ പ്രവൃത്തികൾ തുടരാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. ദിവ്യകാരുണ്യത്തിന്റെ വിഷയം എപ്പോഴും യേശുവാണ്. എന്നാൽ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്ത ബലഹീനമായ കരങ്ങളിലൂടെയാണ് അത് എപ്പോഴും യാഥാർത്ഥ്യമാകുന്നത്;പാപ്പ വിശദീകരിച്ചു.

ഒരോ ദിവസവത്തെയും ഭക്ഷണത്തോടപ്പം തങ്ങളുടെ ഹൃദയങ്ങൾ പകുത്ത് നൽകിക്കൊണ്ട് മക്കളെ നന്നായി വളർത്തുന്ന മാതാപിതാക്കളെ പാപ്പ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഉത്തരവാദിത്വപ്പെട്ട പൗരൻമാർ എന്ന നിലയിൽ എല്ലാവരുടെയും, പ്രത്യേകിച്ച് ദരിദ്രരായവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവനും അന്തസ്സും സംരക്ഷിക്കുവാൻ തങ്ങളെത്തന്നെ മുറിച്ചു നൽകിയ ക്രൈസ്തവരും അതുപോലെതന്നെ. ഇത് ചെയ്യുവാനുള്ള ശക്തി എവിടെ നിന്നാണവർക്ക് ലഭിച്ചത്? അത് ദിവ്യകാരുണ്യത്തിലാണുള്ളത്. ഉത്ഥിതനായ സ്‌നേഹത്തിന്റെ ശക്തിയാണത്; പാപ്പ വ്യക്തമാക്കി.

അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതം യേശു പ്രവർത്തിച്ചത് ആ ഒരു ദിവസത്തെ ജനത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ വേണ്ടി മാത്രമല്ല. തന്റെ തന്നെ ശരീരവും രക്തവും നൽകിക്കൊണ്ട് എല്ലാ മനുഷ്യർക്കും നിത്യരക്ഷ നൽകാനുള്ള ആഗ്രഹമാണ് അത് സൂചിപ്പിക്കുന്നത്. എന്നാൽ അവിടുത്തെ ശിഷ്യരുടെ ഭാഗത്ത് നിന്നുള്ള രണ്ട് ചെറിയ പ്രവൃത്തികളിലൂടെ മാത്രമെ ഇത് പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ പക്കലുള്ള കുറച്ച് അപ്പവും മീനും സമർപ്പിക്കുക. യേശിവിന്റെ കരങ്ങളാൽ മുറിക്കപ്പെട്ട അപ്പം സ്വീകരിച്ച് എല്ലാവർക്കുമായി വിതരണം ചെയ്യുക. ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും തിരിച്ചറിയുന്നതിനുള്ള മാർഗമാണ് അപ്പം മുറിക്കൽ. തുടക്കം മുതലേ സഭയുടെ കേന്ദ്രവും ജീവിതശൈലിയുമാണ് ദിവ്യകാരുണ്യം. സഭാസമൂഹത്തിന് എന്തെങ്കിലും നൽകുവാനായി തങ്ങളെത്തന്നെ മുറിയാൻ അനുവദിച്ചവരാണ് പ്രശസ്തരം അപ്രശസ്തരുമായ എല്ലാം വിശുദ്ധരും; പാപ്പ വിശദീകരിച്ചു.

Source: Sunday Shalom