News >> ഇവരുടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കണമെ


സിറിയ: തുറുമുഖ നഗരങ്ങളായ താർത്തോസിലും ജാബ്ലെഹിലും ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ 200-റോളം പേർ കൊല്ലപ്പെട്ടു. 650-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സിറിയയിലെ ആഭ്യന്തരകലാപത്തിൽ നിന്ന് രക്ഷപെടാനായി പലായനം ചെയ്തവർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ആദ്യമായാണ് ഇത്തരത്തിൽ ആക്രമണം നടക്കുന്നതെന്ന് ബിഷപ് അന്റോയിൻ ചെബിർ പറഞ്ഞു. ക്രൈസ്തവർക്കും ഇസ്ലാം മതസ്ഥർക്കും സിറിയയിലുണ്ടായിരുന്ന അവസാന അഭയകേന്ദ്രങ്ങളായിരുന്നു ഇത്. സിറിയയിൽ സുരക്ഷിത സ്ഥലങ്ങളൊന്നുമില്ല എന്ന സ്ഥിതി സംജാതമായാൽ കൂടുതലാളുകൾ രാജ്യം വിട്ടു പോകാൻ ആരംഭിക്കും. ചിലപ്പോൾ അതാവും ഉചിതമായ തീരുമാനം; ബിഷപ് ചെബിർ പങ്കുവച്ചു.

വൈദികർ മൃതശരീരങ്ങൾ മറവു ചെയ്യുന്ന ജോലി ആരംഭിച്ചിരിക്കുകയാണെന്ന് ലാതാകിയയിലെ മാറോനൈറ്റ് ബിഷപ്പായ ചെബിർ തുടർന്നു. മുറിവേറ്റവരെ പരിചരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. വൈദികരും ജനങ്ങളും രംഗത്ത് സജീവമാണ്. ആഴമേറിയ മുറിവുകളും ഒടിവുകളുമുള്ളവരെ പരിചരിച്ച് വരുകയാണ്. ആക്രമണത്തിന്റെ മാനസികാഘാതവും ജനങ്ങളെ തളർത്തുണ്ട്. ഏതെങ്കിലും മതവിഭാഗത്തിൽ പെട്ടവരായതുകൊണ്ടല്ല മനുഷ്യരായതുകൊണ്ടാണ് ഞങ്ങൾ അവരെ സഹായിക്കുന്നത്. മറിയത്തെ സഹായത്തിനായി വിളിച്ചുകൊണ്ട് ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുകയാണ്; ബിഷപ് ചെബിർ പങ്കുവച്ചു.

സിറിയയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കും ബന്ധുക്കളുടെ ആശ്വാസത്തിനുമായി ഫ്രാൻസിസ് മാർപാപ്പയും പ്രതിവാര പൊതുദർശനത്തിന്റെ അവസാനത്തിൽ പ്രാർത്ഥിച്ചു. മരണവും നാശവും വിതയ്ക്കുന്ന തീവ്രവാദികളുടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കണമെ എന്ന യാചനയോടെയാണ് പാപ്പ 'പ്രിയപ്പെട്ട സിറിയ'യ്ക്കു വേണ്ടിയുള്ള പ്രാർത്ഥന അവസാനിപ്പിച്ചത്.

Source: Sunday Shalom