News >> ഉപവിയുടെ അടയാളമായി ചൈനീസ് കത്തോലിക്കർ മാറട്ടെ


വത്തിക്കാൻ സിറ്റി: ചൈനീസ് സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനത്തിൽ ചൈനീസ് കത്തോലിക്കർക്കും മറ്റ് മതവിശ്വാസികളായ ചൈനീസ് ജനതയ്ക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം നടത്തിയ പ്രാർത്ഥനയിൽ ഉപവിയുടെയും പുനരൈക്യത്തിന്റെയും അടയാളമായി ചൈനീസ് കത്തോലിക്കർ മാറട്ടെ എന്നാണ് പാപ്പ ആശംസിച്ചത്. എപ്പോഴും സ്വാഗതം ചെയ്യുകയും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സ്‌നേഹ സാന്നിധ്യം ചൈനയിലെ മക്കൾക്ക് അവരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും വിവേചിച്ച് അറിയാനുള്ള കൃപ നൽകണമെന്ന് ഷേഷാനിലെ കന്യകയുടെ മാധ്യസ്ഥം തേടി പാപ്പ പ്രാർത്ഥിച്ചു.

ചൈനയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയുടെ മുന്നോടിയായി പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചു. ദൈവം മൂന്നു പേരടങ്ങുന്ന കുടുംബമാണെന്ന് പാപ്പ പറഞ്ഞു. മൂവരും ഏക സത്തയാകുന്ന വിധത്തിൽ അത്ര ആഴമായി അവർ സ്‌നേഹിക്കുന്നു. ഈ സ്വർഗീയ കുടുംബം അവരിൽ തന്നെ ഒതുങ്ങിനിൽക്കുന്നില്ല. സൃഷ്ടിയിലൂടെ സംവദിക്കുന്ന ഈ കൂട്ടായ്മ ലോകത്തിലെ സകലരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നു. സ്‌നേഹമുള്ളിടത്ത് ദൈവമുണ്ടെന്ന ഉറപ്പ് നൽകിക്കൊണ്ട് സ്‌നേഹിക്കുവാനും സാഹോദര്യത്തിൽ പങ്കുവയ്ക്കുവാനും ത്രിത്വം നമ്മെ പ്രചോദിപ്പിക്കുന്നു. അനുദിനജീവതത്തിൽ ഐക്യത്തിന്റെയും ആശ്വാസത്തിന്റെയും കരുണയുടെയും പുളിമാവാകുവാൻ ത്രിത്വം നമ്മെ ക്ഷണിക്കുന്നു. പരിശുദ്ധാത്മാവാണ് ഈ പ്രക്രിയയിൽ നമ്മെ സഹായിക്കുന്നത്. ത്രിതൈ്വകദൈവത്തെ പ്രതിഫലിപ്പിക്കുന്ന പരിശുദ്ധ കന്യാകാമറിയം ത്രിതൈ്വകരഹസ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുവാനും സ്‌നേഹത്തിന്റെ തീരുമാനങ്ങളിലൂടെയും മനോഭാവങ്ങളിലൂടെയും അത് പ്രവൃത്തിപദത്തിൽ കൊണ്ടുവരുവാനും സഹായിക്കട്ടെ എന്ന പ്രാർത്ഥനാശംസയോടെയാണ് ത്രിത്വത്തെക്കുറിച്ചുള്ള പ്രഭാഷണം പാപ്പ അവസാനിപ്പിച്ചത്.

Source: Sunday Shalom