News >> ഇറാക്കിന് വേണം അബൗനമാരെ


ഇർബിൽ: 'അബൗനാ' എന്ന വിളിയുമായി ഫാ. സമീർ യൂസഫിന്റെ കയ്യിൽ പിടിമുറുക്കിയിരിക്കുന്നത് ഒരു കൊച്ചുമിടുക്കനാണ്. 'അബൗനാ' എന്നാൽ മലയാളത്തിലെ 'അച്ചാ' വിളിയുടെ അറബിക്ക് പരിഭാഷ. 2014 മുതൽ 3500 അഭയാർത്ഥികളുടെ കാര്യങ്ങൾ നോക്കുന്നത് ഫാ. സമീറാണ്. ആ കുട്ടത്തിൽ ക്രൈസ്തവരുണ്ട്, ഇസ്ലാം മതസ്ഥരുണ്ട്, യസീദികളുണ്ട്. എല്ലാവർക്കും സമീർ 'അബൗന'യാണ്. മുസ്ലീം കുട്ടികളും യസീദി കുട്ടികളും 'അബൗന' എന്ന് വിളിച്ചുകൊണ്ട് തന്റെ അടുക്കൽ ഓടി വരുമ്പോൾ അവിടെ ദൈവം മഹത്വപ്പെടുകയാണെന്ന് ഫാ. സമീർ പറയുന്നു.

പണ്ട് അഭയാർത്ഥികൾ അടുത്തടുത്ത് താമസിക്കേണ്ടിവന്ന അയൽക്കാരായിരുന്നെങ്കിൽ ഇന്ന് കൂട്ടായ്മയുടെ സൗഹൃദം അവർ ആഗ്രഹിക്കുന്നുണ്ടെന്ന് ഫാ. സമീർ സാക്ഷ്യപ്പെടുത്തി. ഇതവരുടെ വാക്കിലും പ്രവൃത്തിയിലും പ്രകടമാണ്. സുവിശേഷത്തെക്കുറിച്ചും ജപമാലയെക്കുറിച്ചും പറയുമ്പോൾ അവർ ബഹുമാനത്തോടെയാണ് നോക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ക്ഷമയോടെയും കരുണയോടെയും നടത്തിയ സേനവങ്ങളുടെ ഫലമാണിതെന്ന് പറയുമ്പോൾ ഫാ. സമീറിന്റെ മുഖം ചാരിതാർത്ഥ്യത്താൽ നിറഞ്ഞു.

അഭയാർത്ഥികളുടെ വിശ്വാസ്യത ക്രമേണയാണ് ആർജ്ജിച്ചെടുക്കാൻ സാധിച്ചതെന്ന് ഫാ. സമീർ പറഞ്ഞു. ഒരോ കുടുംബങ്ങളോടും സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് അവരെ സഹായിച്ചു. കഴിയുന്ന എല്ലാ വിധത്തിലും സഹായിക്കാനുള്ള ഞങ്ങളുടെ സന്നദ്ധത അവർക്ക് ബോധ്യപ്പെട്ടു. ക്രമേണ സാഹോദര്യത്തിന്റെ അരൂപി പ്രവർത്തിക്കാൻ ആരംഭിച്ചു. ദൈവകരുണയുടെ തിരുനാൾ ദിവസം കരുണയുടെ ബലിയർപ്പിക്കാനായി ന്യൂയോർക്കിൽ നിന്ന് കർദിനാൾ ഡോളൻ എത്തിയപ്പോൾ കത്തോലിക്കരോടൊപ്പം നിരവധി യസീദികളും മുസ്ലീമുകളുമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. ഐഎസ് ഇറാക്കിൽ തിന്മ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ യേശുവിന് തിന്മയെ നന്മയാക്കി മാറ്റുവാൻ സാധിക്കും; ഫാ. സമീർ പങ്കുവച്ചു.

യസീദികളും മുസ്ലീമുകളും ക്രൈസ്തവരും ഒരുമിച്ച് വസിക്കുന്ന ഇറാക്കിനെക്കുറിച്ചാണ് ഫാ. സമീർ സ്വപ്നം കാണുന്നത്. ഏത് മതവും സ്വീകരിക്കാൻ സ്വാതന്ത്ര്യമുള്ള നവീന ഇറാക്കിൽ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും യസീദികളും ഒരുമിച്ച് മതമൗലികവാദത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് ഫാ. സമീർ വിശ്വസിക്കുന്നു.

അഭയാർത്ഥികേന്ദ്രങ്ങളിലും അല്ലാതെയുമായി ധാരാളം വിശ്വാസികളുള്ള ഇറാക്കിൽ വൈദികരുടെ കുറവുണ്ടെന്ന് ഫാ. സമീർ പറഞ്ഞു. ഇറാക്കിന് കൂടുതൽ വൈദിരെയും സന്യസ്തരെയും ആവശ്യമുണ്ട്. കുടുംബങ്ങൾക്ക് വൈദികരുടെ സാന്നിധ്യവും സാക്ഷ്യവും ആവശ്യമാണ്. അവർക്ക് സന്യാസിനിമാരെയും ആവശ്യമാണ്. ഇന്ന് നഗരങ്ങളിൽ സന്യാസിനി സമൂഹങ്ങളുണ്ടെങ്കിലും ഗ്രാമങ്ങളിൽ സന്യാസിനിമാരുടെ സ്ഥിരമായ സാന്നിധ്യം ലഭ്യമല്ല. പ്രാർത്ഥനയാണ് നമ്മുടെ ഉത്തരം. ദൈവികപരിപാലനയിൽ ആശ്രയിക്കുക. ക്രിസ്തുവിന് സാക്ഷ്യം നൽകുക. നമുക്ക് ആക്രമണങ്ങൾ നേരിടേണ്ടി വന്നാലും നന്മ ചെയ്തുകൊണ്ട് പ്രതികരിക്കാൻ സാധിക്കണം. സ്‌നേഹത്തോടെ പ്രതികരിക്കുമ്പോഴാണ് ക്ഷമ പൂർണമാകുന്നത്; ഫാ. സമീർ പങ്കുവച്ചു.

Source: Sunday Shalom