News >> ഷേഷാനിലെ മാതാവ്, ചൈനയുടെ നാഥ
ഷാംഗൈ: ഷേഷാനിലെ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 24 ന് ആയിരക്കണക്കിന് ചൈനീസ് കത്തോലിക്കർ ഷേഷാൻ നാഥയുടെ തീർത്ഥാടനകേന്ദ്രത്തിലേക്ക് പ്രാർത്ഥിക്കാനായി കടന്നുവന്നു. മാതാവിനോടുള്ള വണക്കത്തിനായി വേർതിരിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിൽ ഈ തീർത്ഥാടനകേന്ദ്രത്തിലെത്തിയ കത്തോലിക്കരുടെ എണ്ണം 20,000 കവിയുമെന്നാണ് കരുതപ്പെടുന്നത്. 2007-ൽ ചൈനീസ് കത്തോലിക്കർക്കായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ എഴുതിയ കത്തിൽ ആഹ്വാനം ചെയ്തതുപോലെ ഈ ദിനം ചൈനീസ് സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാദിനമായും ആചരിച്ചു.ഷാംഗൈ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനത്തിൽ വൈദികരും സന്യാസിനിമാരും സെമിനാരി വിദ്യാർത്ഥികളും നിരവധി അൽമായരും പങ്കെടുത്തു. രൂപതയുടെ ബിഷപ്പായ താഡിയസ് മാ ഡാജിൻ 2012 മുതൽ വീട്ടു തടങ്കലിലായതിനാൽ ബിഷപ്പുമാരൊന്നും സന്നിഹിതരായിരുന്നില്ല. ഷേഷാൻ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെത്തുന്നതിന് മുമ്പായി മൂന്ന് ചാപ്പലുകളിലൂടെ പ്രദിക്ഷിണം കടന്നുപോകും. തിരുഹൃദയത്തിനും പരിശുദ്ധ കന്യകാമറിയത്തിനും വിശുദ്ധ യൗസേപ്പിനും പ്രതിഷ്ഠിക്കപ്പെട്ടവയാണവ. മലമുകളിലുള്ള ഷേഷാൻ ബസിലിക്കയിലെ വിശുദ്ധ ബലിക്ക് ഷാംഗൈ ഡീനറിയുടെ തലവനായ ഫാ. വൂ ജിയാൻലിൻ നേതൃത്വം നൽകി. 50 വൈദികർ സഹകാർമികരായിരുന്ന ദിവ്യബലിയിൽ ചൈനയിലെ സഭയെയും സാർവത്രികസഭയോടുള്ള ഐക്യത്തെയും കൂട്ടായ്മയെയും മാതാവിന് ഭരമേൽപ്പിച്ചു. ചൈനീസ് സഭയെയും ഏഷ്യയിലെ സഭയെയും സംരക്ഷിക്കണമെന്നുള്ള ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രാത്ഥനയും ഫാ. വൂ നയിച്ചു.Source: Sunday Shalom