News >> ഈ കൂടിക്കാഴ്ച തന്നെ സന്ദേശം
വത്തിക്കാൻ സിറ്റി: പ്രമുഖ സുന്നി മുസ്ലീം പഠനകേന്ദ്രമായ അൽ- അസറിന്റെ ഗ്രാന്റ് ഇമാമായ ഷെയ്ക്ക് അഹമ്മദ് അൽ തായിബുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. അഞ്ച് വർഷങ്ങൾക്ക് മുമ്പ് വത്തിക്കാനുമായുള്ള സംവാദം നിറുത്തിവച്ചിരുന്ന കേന്ദ്രം എന്ന നിലയിൽ അൽ-അസറിന്റെ ഗ്രാന്റ് ഇമാമുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.കൂടിക്കാഴ്ച തന്നെയാണ് സന്ദേശമെന്ന് ഫ്രാൻസിസ് മാർപാപ്പ ഇമാമിനോട് പങ്കുവച്ചു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ 25 മിനിറ്റ് കൂടിക്കാഴ്ച നടത്തിയ ഇരവരും പരസ്പര ആശ്ലേഷത്തോടെയാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്. തുടർന്ന് മതാന്തരസംവാദത്തിന് നേതൃത്വം നൽകുന്ന കർദിനാളുമായി ഇൽ-തെയ്യിബ് കൂടിക്കാഴ്ച നടത്തി. കത്തോലിക്ക-മുസ്ലീം സംവാദത്തിൽ ഈ കൂടിക്കാഴ്ച നിർണായകമാണെന്ന് വത്തിക്കാൻ പ്രതികരിച്ചു. ലോകത്തിലെ വലിയ മതങ്ങളുടെ നേതാക്കളും വിശ്വാസികളും ലോകസമാധാനത്തിനായി പ്രതിബദ്ധത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി വത്തിക്കാൻ വക്താവ് ഫാ. ഫെഡറിക്കൊ ലൊമ്പാർഡി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ തീവ്രവാദത്തിന്റെ ഫലമായി ക്രൈസ്തവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചർച്ചയുടെ ഭാഗമായി.Source: Sunday Shalom