News >> കരുണ മാത്രം അവശേഷിപ്പിച്ച് സിസ്റ്റർ വേറോനിക്ക യാത്രയായി


ജുബ, സൗത്ത് സുഡാൻ: 'മിഷന് വേണ്ടി അർപ്പിച്ച ജീവന്റെ മൂല്യം വർണനാതീതമാണ്. നിങ്ങളുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. ഇപ്പോൾ സിസ്റ്റർ വേറോനിക്കയുടെ മരണത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണെങ്കിലും സൗത്ത് സുഡാനിലെ ജനങ്ങൾക്ക്, പ്രത്യേകിച്ചും സിസ്റ്റർ വേറോനിക്കയെ മുറിവേൽപ്പിച്ചവർക്ക്, ഞങ്ങൾ സമാധാനവും സൗഖ്യവും കരുണയും വാഗ്ദാനം ചെയ്യുന്നു. അവർക്ക് വേണ്ടിയാണ് സിസ്റ്റർ ജീവൻ ത്യജിച്ചത്. എല്ലാ ഹൃദയങ്ങളിലും ത്രിതൈ്വക ദൈവത്തിന്റെ സ്‌നേഹം വിതയ്ക്കപ്പെടട്ടെ'- ഇത് ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. മൂന്ന് സൈനികരുടെ വേടിയേറ്റ് ദക്ഷിണ സുഡാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ലോവക്ക് മിഷനറി മരണത്തിന് കീഴടങ്ങിയപ്പോൾ സിസ്റ്ററിന്റെ സന്യാസസഭയായ ഹോളി സ്പിരിറ്റ് മിഷനറി സിസ്റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വാക്കുകളാണിത്.

മെയ് 16ന് ഒരു രോഗിയെയുമായി അടുത്തുള്ള ആശുപത്രിയിലേക്ക് പോവുകയായിരുന്ന സിസ്റ്ററിനു നേരെ മൂന്ന് സൈനികർ നിറയൊഴിച്ചതിനെ തുടർന്ന് സിസ്റ്റർ വേറോനിക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗത്ത് സുഡാനിലെ യെയിലുള്ള സെന്റ് ബക്കിതാ മെഡിക്കൽ സെന്ററിന്റെ ചുമതല വഹിക്കുകയായിരുന്ന സിസ്റ്റർ വേറോനി ഒരു ഡോക്ടർ കൂടിയായിരുന്നു. യുദ്ധത്തിന്റെ അന്തരീക്ഷത്താൽ വീർപ്പുമുട്ടിയിരുന്ന സൗത്ത് സുഡാൻ സമാധാനത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയ സമയത്തുണ്ടായ ഈ കൊലപാതകം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് യെയി ബിഷപ് ഇർക്കൊലാനൊ ലുഡു റ്റോമ്പെ പറഞ്ഞു. അതേസമയം വേദനാജനകമായ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലും പ്രദേശത്ത് തുടരാനുള്ള തീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്ന് ഹോളി സ്പിരിറ്റ് മിഷനറി സിസ്റ്റേഴ്‌സിന്റെ പ്രൊവിൻഷ്യൽ റീജണൽ സുപ്പിരീയറായ സിസ്റ്റർ മരിയ ജേർലി അറിയിച്ചു.

Source: Sunday Shalom