News >> സുവിശേഷവൽക്കരണത്തിന് സിംഗപ്പൂർ മോഡൽ
സിംഗപ്പൂർ ചെറിയൊരുരാജ്യമാണ്. 55 ലക്ഷം ആളുകൾ മാത്രം. ഒരു മണിക്കൂറുകൊണ്ട് രാജ്യത്തിന്റെ ഇരു അറ്റങ്ങളും വണ്ടി ഓടിച്ചെത്താം. രാജ്യസുരക്ഷയ്ക്ക് നന്നേ ചെറുപ്പത്തിലേ കുട്ടികളെ ഒരുക്കുകയാണിവർ. ഒരു വലിയ യുദ്ധമൊന്നും അവർക്കു മുമ്പിലില്ല. പൊതുവെ സമാധാനപ്രിയരാണിവർ. എന്നിട്ടും ഇത്തരമൊരു കാര്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്?സിംഗപ്പൂരിൽ കഴിഞ്ഞ ദിവസം ശാലോമിന്റെ മീറ്റിങ്ങിനിരിക്കുമ്പോഴാണ് ഈ കാര്യം ചിന്തിച്ചത്. സമ്പന്നമായ വ്യവസ്ഥിതിയെ പിടിച്ചുനിർത്താനല്ല ഇതവർ ചെയ്യുന്നത്. കായികബലവും ആയുധബലവും വർധിപ്പിക്കാനും മാത്രമല്ല. ദേശനിർമിതിക്ക് ഇതാവശ്യമാണെന്നവർ കരുതുന്നു. കുട്ടികൾക്ക് ചെറുപ്പത്തിലേ വെല്ലുവിളികളെ നേരിടാനുള്ള ശേഷി കിട്ടുന്നു. മിലിട്ടറിയിലെ ക്ലേശകരമായ ട്രെയിനിംഗുകൾ നിർബന്ധ സേവനത്തിന് അവരെ ഒരുക്കുന്നു. രാജ്യസ്‌നേഹം കുട്ടികളിൽ വർദ്ധമാനമാക്കുന്നു. ആർക്കുമിതിൽ പരിഭവമില്ല. മറിച്ച്, അഭിമാനമാണുള്ളത്. കഠിനപരിശീലനത്തെക്കുറിച്ച് അവർ പങ്കുവയ്ക്കുന്നതുപോലും ആഹ്ലാദത്തോടെതന്നെ.
സത്യത്തിൽ, ഇത്തരമൊരു മോഡൽ സുവിശേഷീകരണത്തിന് പ്രയോഗിച്ചുകൂടെ? മലയാളി സഭ സമ്പന്നമാണ്, ആളുകൊണ്ടും അർത്ഥംകൊണ്ടും. സമർപ്പണത്തിന്റെ സമ്പന്നതയും വിശാലതയുടെ തുറവിയുമാണ് നമുക്കാവശ്യം. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ നമുക്ക് മനസില്ലാത്തതുകൊണ്ട് ചെറിയ പ്രശ്‌നങ്ങളിൽ നാം കുടുങ്ങിക്കഴിയുന്നു. നമ്മുടെ ദർശനങ്ങളും സ്വപ്‌നങ്ങളും വിശാലമാക്കണ്ടേ?സ്ഥൈര്യലേപനത്തിലൂടെ ക്രിസ്തുവിന്റെ പടയാളിയാകാനുള്ള വിളി ഏറ്റെടുക്കുന്നവരാണ് വിശ്വാസികൾ. പടയാളിക്ക് പരിശീലനം വേണം. അല്ലെങ്കിൽ കഷ്ടതയിൽ അവർ തകർന്നുപോകും. ദൈവരാജ്യത്തിന്റെ മക്കൾ എന്നും യുദ്ധമുഖത്താണ്. യുദ്ധത്തിന് പരിശീലനം സിദ്ധിച്ചേ മതിയാകൂ. പ്രത്യേകിച്ചും വിപരീതശക്തികൾ ഏറ്റം നൂതനമായ ആയുധങ്ങൾ വിശ്വാസികൾക്കെതിരെ പ്രയോഗിക്കുന്ന ഈ നാളുകളിൽ.
നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇത്തരമൊരു പരിശീലനം കൊടുക്കാൻ നമുക്കാകുമോ? ഉദാഹരണത്തിന് ഡിഗ്രി പഠനം കഴിയുന്ന പ്രായത്തിൽ ഒരു വർഷം കർത്താവിന് പൂർണമായും അർപ്പിക്കുന്ന ഒരു പരിശീലനം. ആറുമാസം പ്രത്യേക പരിശീലനം; മറ്റു മാസങ്ങൾ പ്രായോഗിക പരിശീലനവുമായി മിഷൻ ദേശങ്ങളിലേക്ക് അവരെ അയക്കുക. ദൈവരാജ്യസ്‌നേഹത്തിൽ നമ്മുടെ മക്കൾ വളരും. സഭാശുശ്രൂഷ അച്ചന്റെയും മെത്രാന്റെയും മാത്രം ജോലിയല്ലെന്നും സഭാഗാത്രത്തിലെ സകലരും ചെയ്യേണ്ടതാണെന്നുമുള്ള ദൗത്യബോധം വർധിക്കും. യുദ്ധമുഖത്ത് സഭ കൂടുതൽ ശക്തിയുള്ളതാകും.ഇന്ന്, നിർണായകഘട്ടങ്ങളിൽ സഭയുടെ മുഖം ദുർബലമാണ്. ഉദാഹരണത്തിന് സോഷ്യൽ മീഡിയകളിൽ. സഭയ്ക്കായി സംസാരിക്കേണ്ടത് മെത്രാൻ മാത്രമാണോ? വൈദികർ മാത്രമോ? അല്ല, തീർച്ചയായുമല്ല. വിശ്വാസികൾക്കും അതിനുള്ള കടമയുണ്ട്. പക്ഷേ, പരിശീലനമില്ലാതെ എളുപ്പമായിരിക്കില്ല. കാലഘട്ടത്തിനൊപ്പം നാം ഉയരേണ്ടതായിട്ടുണ്ട്. ജാഗ്രതയിലും കാൽവയ്പ്പിലും കൂടുതൽ തീക്ഷ്ണമായ ചില നിലപാടുകൾ നമുക്ക് ചിന്തിക്കാനാവില്ലേ?ആയുസിൽ ഒരാണ്ട് ക്രിസ്തുവിന് പൂർണമായി. സ്വയം നിർബന്ധിതമാക്കി ഇതു മാറ്റുന്നവരെ പ്രത്യേകം പരിശീലിപ്പിക്കാനുള്ള പഠനക്കളരി തയാറാക്കുക. സഭയുടെ മുഴുവൻ പിന്തുണയും അവർക്ക് നൽകുക. കേരളത്തിനുപുറത്ത് ഏതെങ്കിലും ദേശത്ത് മിഷനറിയായി ശുശ്രൂഷ ചെയ്യുക. അല്മായ ശുശ്രൂഷകളും സഭയുടെ വിവിധ ശുശ്രൂഷകളുമായി ഇവരെ കൂട്ടിച്ചേർക്കുക. പ്രസംഗിക്കാൻ പരിശീലിപ്പിക്കുക. മാധ്യമങ്ങളോട് സംവദിക്കാൻ ഒരുക്കുക. ക്രിസ്തുവിനെ പരിചയമില്ലാത്തവർക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്താനുള്ള പരിശീലനം നൽകുക. വെല്ലുവിളി ധൈര്യത്തോടെ നേരിടാനുള്ള ആത്മവീര്യം പകരുക.മക്കളുടെ എണ്ണം വീട്ടിൽ വർധിപ്പിക്കാനുള്ള നിർദേശം എല്ലാവർക്കും ഒരുപോലെ സ്വീകരിക്കാൻ ആകണമെന്നില്ല. എന്നാൽ മിഷനറി ഫാമിലികളെ സൃഷ്ടിക്കാനാകും. കേരളത്തിന് പുറത്തുള്ള മേച്ചിൽപ്പുറങ്ങൾ നന്നേ ചെറുപ്പത്തിലേ കുഞ്ഞുങ്ങൾ കാണും. വെറും സെക്കുലർ പഠനം നടത്താനല്ല; ക്രിസ്തുവിനെ കൊടുക്കാൻ. മലയാളി സഭയുടെ ഉൾപോരുകൾക്ക് അറുതി വരാനും ഇതു സഹായിക്കും. അതിലുപരി സഭ എന്റേതാണെന്ന തോന്നൽ ഓരോ ചെറുപ്പക്കാരന്റെയും മനസിൽ വേരുറയ്ക്കും.ഒന്നും നഷ്ടമാകാതെ ഒന്നിനെയും നമുക്ക് സ്‌നേഹിക്കാനാവില്ല. ക്രിസ്തുവിനെയും അവന്റെ സഭയെയും സ്‌നേഹിക്കണമെങ്കിൽ അവനായി എന്തെങ്കിലും നഷ്ടമാക്കിയേ തീരൂ. ആ നഷ്ടമൊന്നും ഒരിക്കലും നഷ്ടമല്ലെന്ന് കാലം പിന്നിടുമ്പോൾ നാമറിയും. സിങ്കപ്പൂർ മോഡൽ പ്രായോഗികമോ?
റവ.ഡോ. റോയ് പാലാട്ടി cmiSource: Sunday Shalom