News >> അർമേനിയ കാത്തിരിക്കുന്നു.. ഫ്രാൻസിസ് മാർപാപ്പയ്ക്കായി


വത്തിക്കാൻ സിറ്റി: ഇറാക്കിലും സിറിയയിലും ക്രൈസ്തവർക്കെതിരെ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസിലും യു.കെയിലും ഐക്യരാഷ്ട്രസഭയിലുമൊക്കെ പ്രക്ഷോഭങ്ങളും ചർച്ചകളും നടക്കുന്ന സമയമാണിത്. ഒരു സമൂഹത്തെ ഒന്നാകെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കൂട്ടക്കുരുതിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായ വംശഹത്യ ആദ്യമായി ലോകം ഉപയോഗിച്ചു തുടങ്ങിയത് അർമേനിയൻ കൂട്ടക്കുരുതിയെ സൂചിപ്പിക്കാനാണ്. ഈ കൂട്ടക്കുരുതിയുടെ ശതാബ്ദിയനുസ്മരണം കഴിഞ്ഞ അവസരത്തിൽ കരുണയുടെ ജൂബിലിവർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ അർമേനിയ സന്ദർശിക്കുകയാണ്. ജൂൺ 24 മുതൽ 26 വരെ നിശ്ചയിച്ചിരിക്കുന്ന പാപ്പയുടെ സന്ദർശനം അർമേനിയ മാത്രമല്ല, ലോകം മുഴുവൻ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഒട്ടോമാൻ കൂട്ടക്കുരുതിയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ നാടായ അർജന്റീനയിലേക്ക് നിരവിധി അർമേനിയൻ കുടുംബങ്ങൾ പലായനം ചെയ്തിരുന്നു. ഇന്ന് ലോകത്തിൽ ഏറ്റവുമധികം അർമേനിയൻ വംശജർ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അർജന്റീന. ബ്യൂണസ് അയറസിലെ ആർച്ച് ബിഷപ്പായിരുന്ന കാലം മുതൽ അർമേനിയൻ സഭയുമായി ഫ്രാൻസിസ് മാർപാപ്പ നല്ല ബന്ധം പുലർത്തിയിരുന്നു. വളരെയധികം ആനന്ദത്തോടെയാണ് പാപ്പയുടെ വരവ് അർമേനിയൻ ജനത പ്രതീക്ഷിച്ചിരിക്കുന്നതെന്ന് വത്തിക്കാനിലെ അർമേനിയൻ അംബാസിഡർ മികായേൽ മിനസയാൻ പറഞ്ഞു. അർമേനിയൻ ജതയോടും അവരുടെ ചരിത്രത്തോടുമുള്ള ബഹുമാനത്തിന്റെ അനന്തരഫലമാണ് പാപ്പയുടെ അർമേനിയൻ സന്ദർശനം. ഇന്ന് ആ മേഖലയിൽ അർമേനിയൻ റിപ്പബ്ലിക്കിനുള്ള സ്ഥാനവും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിലൂടെ അംഗീകരിക്കപ്പെടുകയാണ്. ഞങ്ങൾ കാത്തിരിക്കുകയാണ്. എല്ലാവരും കാത്തിരിക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട സന്ദർശനമാണ്. പാപ്പായ്ക്ക് വളരെ തിരക്കു പിടിച്ച ഷെഡ്യൂളാണുള്ളത്. കരുണയുടെ വർഷത്തിലാണ് പാപ്പ അർമേനിയ സന്ദർശിക്കുന്നത് എന്ന വസ്തുതയും ഞങ്ങൾ ഏറെ വിലമതിക്കുന്നു; അംബാസിഡർ വിശദീകരിച്ചു.

മാർപാപ്പയുടെ അർമേനിയൻ സന്ദർശനത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.15 ലക്ഷം അർമേനിയൻ ജനങ്ങളാണ് നൂറ് വർഷം മുമ്പ് നടന്ന ഒട്ടോമൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പലരും പൊതുസമൂഹത്തിൽ ഈ കൂട്ടക്കുരുതിയെക്കുറിച്ചുള്ള സത്യം അംഗീകരിക്കാൻ വിമുഖരാണെന്ന് അംബാസിഡർ പറഞ്ഞു. ഈ സാഹചര്യത്തിൽ അർമേനിയൻ വംശഹത്യയുടെ ഭീകരത അംഗീകരിക്കുന്ന പാപ്പയുടെ നടപടി സ്വാഗതാർഹമാണ്. ഇന്ന് മിഡിൽ ഈസ്റ്റിൽ നടക്കുന്ന ക്രൈസ്തവർക്കു നേരെയുള്ള ആക്രമണണങ്ങൾ ഈ വംശഹത്യാ ശ്രമത്തിന്റെ തുടർച്ചയാണെന്ന് അർമേനിയൻ സ്ഥാനപതി വിലയിരുത്തി.

Source: Sunday Shalom