News >> ലോക കുടുംബ സമ്മേളനത്തിന് അരങ്ങൊരുങ്ങുന്നു


വത്തിക്കാൻ സിറ്റി: അടുത്ത ലോക കുടുംബസമ്മേളനം അയർലണ്ടിലെ ഡബ്ലിനിൽ 2018 ആഗസ്റ്റ് 22 മുതൽ 26 വരെ നടക്കും. 'കുടുംബത്തിന്റെ സുവിശേഷം: ലോകത്തിന്റെ ആനന്ദം' എന്നതാണ് കുടുംബ സമ്മേളനത്തിന്റെ വിഷയമെന്ന് കുടുംബത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ തലവൻ ആർച്ച് ബിഷപ് വിൻസെൻസോ പാഗിലോയും ഡബ്ലിൻ ആർച്ച് ബിഷപ് ഡയർമുയിഡ് മാർട്ടിനും അറിയിച്ചു. മൂന്ന് വർഷത്തിലൊരിക്കലാണ് ലോക കുടുംബ സമ്മേളനം നടത്തുന്നത്.

നവീകരിച്ച രീതിയിൽ നടത്തിയ സിനഡിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്‌തോലിക ആഹ്വാനമായ അമോറിസ് ലെറ്റീഷ്യയുടെയും ഫലങ്ങൾ പ്രവൃത്തിപദത്തിൽ കൊണ്ടുവരുന്നതിൽ ഡബ്ലിനിൽ നടക്കുന്ന ലോക കുടുംബ സമ്മേളനം ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ആർച്ച് ബിഷപ് മാർട്ടിൻ പങ്കുവച്ചു. കഴിഞ്ഞ ലോക കുടുംബസമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുക്ക ഘട്ടം മുതൽ ആഗോളതലത്തിലുള്ള ക്രമീകരണങ്ങളാവും ഡബ്ലിൻ സമ്മേളനത്തിനൊരുക്കുന്നത്. 'അമോറിസ് ലെറ്റീഷ്യ' കേന്ദ്രീകരിച്ചുള്ള മതബോധനപദ്ധതികളാവും കുടുംബസമ്മേളത്തിൽ ഉപയോഗിക്കുന്നത്. യേശുക്രിസ്തുവിൽ പ്രകാശിതമായ ദൈവസ്‌നേഹത്തിന്റെ ഉത്സവമായിരിക്കും ഈ കുടുംബസമ്മേളനം. വിവാഹമെന്ന കൂദാശയുടെ പിൻബലത്തോടെ ക്രൈസ്തവ ദമ്പതിമാർ സ്വീകരിക്കുന്ന വിളി ഇതേ ദൈവസ്‌നേഹത്തിന് സാക്ഷ്യം നൽകാനും പ്രതിസന്ധികളിലും വെല്ലുവിളികളിലുംകൂടെ കടന്നുപോകുന്നവർക്ക് ക്രിസ്തുവിന്റെ സ്‌നേഹം നൽകുന്നതിൽ ആനന്ദം അനുഭവിക്കാനുമുള്ള വിളിയാണ്; ആർച്ച് ബിഷപ് മാർട്ടിൻ വ്യക്തമാക്കി.

ഈ വർഷം ജൂലൈ മാസത്തിൽ ക്രാക്കോവിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിന് ശേഷം ആഘോളസഭയിൽ നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരിക്കും ലോക കുടുംബസമ്മേളനമെന്ന് കുടുംബസമ്മേളനം ഡബ്ലിനിൽ നടത്താനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ആർച്ച് ബിഷപ് ഏമൺ മാർട്ടിൻ പറഞ്ഞു. കുടുംബങ്ങൾക്ക് പിന്തുണ നൽകുക എന്നത് സഭയുടെ ഏറ്റവും പ്രധാനപ്പെട്ട മിഷനുകളിൽ ഒന്നാണ്. ഫ്രാൻസിസ് മാർപാപ്പ എപ്പോഴും ഓർമിപ്പിക്കുന്നതുപോലെ ഒരു കുടുംബവും പൂർണത പ്രാപിച്ച കുടുംബമല്ല. എല്ലാ കുടുംബങ്ങൾക്കും അവരുടേതായ വെല്ലുവിളികളും മുറിവുകളുമുണ്ട്. അനുദിനജീവിതത്തിന്റെ വെല്ലുവിളികളും സമ്മർദ്ദങ്ങളും വരിഞ്ഞുമുറുക്കുന്ന കുടുംബങ്ങളിലേക്ക് സ്‌നേഹത്തോടെ എത്തിച്ചേർന്നുകൊണ്ട് കുടുംബജീവിതത്തെ ആഘോഷിക്കാനും പിന്തുണയക്കാനും സാധിച്ചാൽ ലോക കുടുംബ സമ്മേളനം ഒരു വിജയമായിരിക്കും; ആർച്ച് ബിഷപ് ഏമൺ മാർട്ടിൻ വ്യക്തമാക്കി.

Source: Sunday Shalom