News >> ഇംഗ്ലണ്ടിൽ കത്തോലിക്ക സഭ വളരുന്നു


ലണ്ടൻ: കത്തോലിക്ക സഭ ഇംഗ്ലണ്ടിൽ വളരെ വേഗം വളരുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. കത്തോലിക്ക റിസർച്ച് ഫോറമായ ബനഡിക്ടറ്റ് പതിനാറമൻ സെന്ററാണു ശാസ്ത്രീയമായ രീതിയിൽ ഈ വിഷയത്തിൽ പഠനം നടത്തിയത്. സെന്റ് മേരിസ് സർവകലാശാലയുടെ സഹായത്തോടെയാണ് പഠനം സംഘടിപ്പിച്ചത്. സഭയുടെ വളർച്ചക്കു പ്രയോജനപ്പെടുന്ന രീതിയിൽ പഠനങ്ങൾ നടത്തുന്ന സ്ഥാപനമാണിത്.

3.8 മില്യൺ കത്തോലിക്കർ ഇംഗ്ലണ്ടിൽ മുമ്പ് ഉണ്ടായിരുന്നു. കത്തോലിക്ക സഭയിലേക്കു പിന്നീട് ചേർന്നവരുടെ എണ്ണം 6.2 മില്യണായി ഉയർന്നു. മേഖലയിലെ സഭയുടെ ശക്തമായ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. സഭയിൽ വിശ്വാസം ഉപേക്ഷിച്ചു പോകുന്നവർ 7.7 ശതമാനമായി കുറയുകയും ചെയ്തതായും പഠനം തെളിയിക്കുന്നു. മറ്റു സഭകളെ അപേക്ഷിച്ചു കത്തോലിക്ക സഭയിലാണ് ഏറ്റവും കുറവ് ആളുകൾ വിശ്വാസം ഉപേക്ഷിച്ചു പോകുന്നത്.

വിശ്വാസികൾ കത്തോലിക്ക സഭയിൽ അടിയുറച്ചു നിൽക്കുന്നു എന്ന റിപ്പോർട്ട് സന്തോഷം നൽകുന്ന കാര്യമാണെന്ന് ബനഡിക്ടറ്റ് സെന്ററിന്റെ ഡയറക്ടർ ഡോ. സ്റ്റീഫൽ ബുള്ളിവന്റ് പറഞ്ഞു. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവും കത്തോലിക്ക സഭയുടെ വളർച്ചയ്ക്കു ഗുണം ചെയ്തിട്ടുണ്ട്. കത്തോലിക്ക സഭയിലെ വിശ്വാസികളിൽ 60 ശതമാനവും വനിതകളാണ്. വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനെത്തുന്ന നാലു കത്തോലിക്കരിൽ ഒരാൾ 65 വയസിനു മുകളിലുള്ള വനിതയാണെന്നും പഠനം പറയുന്നു.

1983ൽ ജനസഖ്യയുടെ 44.5 ശതമാനം പേരും ആംഗ്ലീക്കൻ സഭാ വിശ്വാസികളായിരുന്നു. എന്നാൽ 2014ൽ 19 ശതമാനമായി എണ്ണം കുറഞ്ഞു. മറിച്ച് കത്തോലിക്ക സഭയിലെ അംഗങ്ങളുടെ എണ്ണം 30 വർഷങ്ങളായി കൂടി വരുന്നതായി കണക്കുകൾ പറയുന്നു.

Source: Sunday Shalom