News >> സന്നദ്ധപ്രവർത്തനങ്ങളിൽ മതങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കണം


ഇസ്താംബുൾ: സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മതസംഘടനകൾക്ക് കൂടതൽ പ്രവൃത്തിക്കാനുള്ള അവസരം സംലഭ്യമാക്കണമെന്ന് കാരിത്താസ് പ്രസിഡന്റ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ. ഇസ്താംബുള്ളിൽ നടന്ന സന്നദ്ധപ്രവർത്തകരുടെ ഉച്ചകോടിയിലാണ് കർദിനാൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

വിവിധസംസ്‌കാരങ്ങളും അവരുടെ സ്വപ്നങ്ങളും അവരുടെ ജീവിതശൈലികളുമായി അടുത്തിടപെടുന്ന മതസംഘടനകൾക്ക് ഏതാണ് ഫലപ്രദം ഏതാണ് ഫലപ്രദമല്ലാത്തത് എന്ന് വ്യക്തമായി അറിയാൻ കഴിയും. അതുകൊണ്ട് കൂടുതൽ ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു. അവർ(മതസംഘടനകൾ) പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവിടെ എത്തുന്നവരാണ്. പ്രതിസന്ധിയുടെ കാലഘട്ടത്തിലും തുടർന്ന് അന്താരാഷ്ട്ര സന്നദ്ധസംഘടനകൾ അവിടെ നിന്ന് പിൻവാങ്ങിയ ശേഷവും മതസംഘടനകളുടെ വോളന്റീയർമാർ അവിടെ തുടർന്ന് പ്രവൃത്തിക്കുന്നു; കർദിനാൾ ടാഗ്ലെ പങ്കുവച്ചു.

രാജ്യങ്ങളും ജനതകളും തമ്മിൽ നിലനിൽക്കുന്ന യുദ്ധങ്ങളും കലാപങ്ങളും അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയട്രൊ പരോളിൻ പറഞ്ഞു. പ്രശ്‌നങ്ങളിൽ സൈനിക നടപടികൾ തേടി പോകാതെ വികസനത്തിൽ നിക്ഷേപിച്ചുകൊണ്ട് നിലനിൽക്കുന്ന സമാധാനത്തിനും സുരക്ഷിതത്വത്തിനുമായി പരിശ്രമിക്കുവാൻ കർദിനാൾ പരോളിൻ രാഷ്ട്രീയ നേതാക്കളോട് ആഹ്വാനം ചെയ്തു. ഗവൺമെന്റുകളോടും സിവിൽ സമൂഹങ്ങളോടും ചേർന്നുകൊണ്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാനും ഔദ്യോഗികവും അനൗദ്യോഗികവുമായ നയതന്ത്രബന്ധം വളർത്താനും വത്തിക്കാൻ അക്ഷീണം പ്രയത്‌നിക്കുമെന്നും കർദിനാൾ പരോളിൻ വ്യക്തമാക്കി.

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന നമ്മുടെ ലോകത്തിൽ സായുധ സംഘർഷങ്ങളും ബലപ്രയോഗവും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളെയും ബാധിക്കും. ആർക്കും അതിൽനിന്ന് ഒഴിവുകകഴിവില്ല. സൈനിക ഇടപെടലുകളും സ്വാർത്ഥത നിറഞ്ഞ സാമ്പത്തികനയങ്ങളും ദീർഘവീക്ഷണമില്ലായ്മയുടെ അനന്തരഫലമാണ്. അവ പ്രതിസന്ധികൾക്ക് പരിഹാരമാവില്ലെന്ന് മാത്രമല്ല തിരിച്ചടിക്കുക കൂടി ചെയ്യും.; വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വിശദീകരിച്ചു.

ദുരന്തങ്ങൾ ഒഴിവാക്കുന്നതിലും പ്രതിരോധിക്കാൻ ഒരുങ്ങുന്നതിലും പൊതുവായി കാണിക്കുന്ന അലസത നമ്മുടെ ധാർമിക പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കാത്തലിക്ക് റില്ലീഫ് സർവീസസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സീൻ കല്ലഹാൻ പങ്കുവച്ചു. ഇന്ന് ധാരാളം പേർ മനുഷ്യന്റെ പ്രവൃത്തിയുടെയോ അനാസ്ഥയുടെയോ ഫലമായുണ്ടായ വിപത്തുകളുടെ ദുരന്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള സന്നദ്ധപ്രവർത്തനങ്ങൾ പരിഷ്‌കരിക്കേണ്ട സമയമാണിത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. യുദ്ധങ്ങൾ അവസാനിപ്പിക്കാനും മനുഷ്യാവകാശ നിയമങ്ങൾ മാനിക്കാനും സന്നദ്ധസഹായങ്ങൾ നൽകുന്നതിൽ കൂടുതൽ ഉദാരത പുലർത്താനും ഗവൺമെന്റുകൾ തയാറാകണം.

Source: Sunday Shalom