News >> എന്നെ ഞാനാക്കിയത് ഡോൺ ബോസ്‌കോയിലെ വിദ്യാഭ്യാസം: ആസാം മുഖ്യമന്ത്രി
ഗോഹാട്ടി: ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാഭ്യാസമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് ഡോൺ ബോസ്‌കോ വിദ്യാർത്ഥിയും ആസാം മുഖ്യമന്ത്രിയുമായ സർബാനന്ദാ സോണോവാൾ. സലേഷ്യൻ സഭയുടെ പ്രൊവിൻഷ്യൽ ചാപ്റ്ററിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിജീവിതത്തിന് ഏറ്റവും സഹായകരമായത് ഡിബ്രുഗാറിലെ ഡോൺബോസ്‌കോ സ്‌കൂളിലെ 'മോറൽ സയൻസ്' പഠനമായിരുന്നു.ഡിബ്രുഗാറിലെ ഡോൺ ബോസ്‌കോ സ്‌കൂളിൽ സോണോവാൾ കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ പഠിച്ചിരുന്നു. അതിൽ ഒരാൾക്ക് സ്‌കൂൾ മാനേജ്‌മെന്റ് സൗജന്യ വിദ്യാഭ്യാസം നൽകിയിരുന്നുവെന്ന് ഗോഹാട്ടി സലേഷ്യൻ പ്രൊവിൻഷ്യാളും കോൺഫ്രൻസ് ഓഫ് റിലിജിയസ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ ഫാ. വി.എം. തോമസ് സൂചിപ്പിച്ചു.ആസാമിലെ പതിനാലാമത്തെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രഥമ മുഖ്യമന്ത്രിയുമായ സർബാനന്ദാ സോണോവാളിന് വിജയം ആശംസിക്കുന്നതിനും സംസ്ഥാനത്ത് സദ്ഭരണം കാഴ്ചവയ്ക്കുന്നതിനുവേണ്ടിയും സലേഷ്യൻ പ്രൊവിൻഷ്യൻ ഹൗസിൽ പ്രത്യേക പ്രാർത്ഥന നടത്തി. നിരവധി വൈദികരും ബ്രദേഴ്‌സും സിസ്റ്റേഴ്‌സും സംഗമത്തിൽ പങ്കെടുത്തു. സലേഷ്യൻ പൂർവവിദ്യാർത്ഥിയായ സോണോവാൾ സംസ്ഥാന മുഖ്യമന്ത്രിയായതിന് സലേഷ്യൻ സമൂഹം അഭിമാനിക്കുന്നുവെന്നും ഇതൊരു ചരിത്ര സംഭവമാണെന്നും പ്രൊവിൻഷ്യാൾ ഓർമ്മിപ്പിച്ചു.സോണോവാൾ കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തിൽ നിരവധി തവണ ഡിബ്രുഗാറിലെ ലിറ്റിൽ ഫ്‌ളവർ സ്‌കൂളിന് വിവിധ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുപ്പീരിയർ സിസ്റ്റർ ഗ്രെയ്‌സ് അനുസ്മരിച്ചു.
മതസഹിഷ്ണുതയും ആരാധനാ സ്വാതന്ത്ര്യവുമാണ് ബി.ജെ.പി സർക്കാരിൽനിന്നും പ്രതീക്ഷിക്കുന്നതെന്ന് ഗോഹാട്ടി അതിരൂപത ആർച്ച് ബിഷപ് ജോൺ മൂലച്ചിറ പ്രത്യാശ പ്രകടിപ്പിച്ചു.ഗോഹാട്ടി, ഡിബ്രുഗാർ, ബൊംഗൈഗാൺ, ഡിപു, തേസ്പുർ എന്നീ അഞ്ച് രൂപതകളാണ് ആസാമിലുള്ളത്. 31 ലക്ഷം ജനസംഖ്യയുള്ള ആസാമിൽ അറുപതിനായിരം കത്തോലിക്കരാണുള്ളത്. ഇവിടെയുള്ള ആകെ ജനസംഖ്യയിൽ 3.7 ശതമാനമാണ് ക്രൈസ്തവർ. 1959-ലാണ് ഗോഹാട്ടിയിലെ സലേഷ്യൻ പ്രൊവിൻസ് സ്ഥാപിതമായത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്രമായ വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ടതാണ് ഗോഹാട്ടിയിലെ ആസാം ഡോൺ ബോസ്‌കോ യൂണിവേഴ്‌സിറ്റി. ആസാമിലെ സ്വകാര്യ മേഖലയിലെ ആദ്യ യൂണിവേഴ്‌സിറ്റിയാണിത്.യു.ജി.സി, നാക്, എ.ഐ.സി.റ്റി.ഇ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്, അസോസിയേഷൻ ഓഫ് കോമൺവെൽത്ത് യൂണിവേഴ്‌സിറ്റീസ്, ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റീസ് എന്നിവയുടെ അംഗീകാരത്തിന് പുറമെ അമേരിക്ക, ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളുമായും ആസാം ഡോൺ ബോസ്‌കോ യൂണിവേഴ്‌സിറ്റി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.Source: Sunday Shalom