News >> കെടാവിളക്കുപോലുള്ള ജീവിതം
വടക്കുകിഴക്കൻ ഇന്ത്യയിലെ മേഘാലയയിലെ ഖാസി ഗോത്രത്തിൽ ജനിച്ചുവളർന്ന് അതേ ഗോത്രത്തിന്റെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള യാത്രയിൽ തന്നാലാവുംവിധം പ്രകാശം പരത്തിയ 96 വയസുള്ള സലേഷ്യൻ വൈദികൻ ഫാ. സിൽവാനുസ് ലിങ്ങ്‌ഡോ അഥവാ ഫാ. സ്ങ്ങി നിര്യാതനായി.ഷില്ലൊങ്ങ് കത്തീഡ്രൽ പള്ളിയിൽ മെയ് 30 തിനു സംസ്‌കാര ശുശ്രുഷകൾ നടക്കും.അദ്ദേഹത്തെ കുറിച്ചുള്ള ഒരു
അനുസ്മരണം താഴെ ചേർക്കുന്നു..
ചില ജീവിതങ്ങൾ കെടാവിളക്കുപോലെ തെളിഞ്ഞുനിൽക്കുന്നത് മറ്റൊന്നുംകൊണ്ടല്ല. അവർ ഏറ്റവും വിശ്വസ്തരായി ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ വർത്തിച്ചു എന്നതുകൊണ്ടുമാത്രമാണ്. അങ്ങനെയുള്ള ജീവിതമാണ് ഈ അക്ഷരങ്ങളിലൂടെ തെളിഞ്ഞുവരുന്നത്. ഒരുപക്ഷേ, മലയാളികൾക്ക് തീർത്തും അപരിചിതമായ ഒരു വിശിഷ്ട വ്യക്തിത്വം. വടക്കുകിഴക്കൻ ഇന്ത്യയിലെ മേഘാലയയിലെ ഖാസി ഗോത്രത്തിൽ ജനിച്ചുവളർന്ന് അതേ ഗോത്രത്തിന്റെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള യാത്രയിൽ തന്നാലാവുംവിധം പ്രകാശം പരത്തുന്ന 96 വയസുള്ള സലേഷ്യൻ വൈദികനാണ് ഫാ. സിൽവാനുസ് ലിങ്ങ്‌ഡോ അഥവാ ഫാ. സ്ങ്ങി. മേഘാലയയിൽ ഈ വന്ദ്യവൈദികനെ അറിയാത്ത കത്തോലിക്കർ വിരളമാണ്. അത്രമാത്രം ശുശ്രൂഷാനിരതനാണ് അദ്ദേഹം.മേഘാലലയിലെ കത്തോലിക്കാ വിശ്വാസത്തിന് നാന്ദി കുറിച്ചത് സാൽവറ്റോറിയൻ മിഷനറി സമൂഹമാണ്. തങ്ങളുടെ മിഷനറി പ്രവർത്തനങ്ങൾക്ക് വേരു പാകുന്നതിനുമുമ്പേ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ വിദേശ മിഷനറിമാരായിരുന്ന അവർ 1915-ൽ യൂറോപ്പിലേക്ക് പിന്മാറി. അവരിൽ ഏറെയും ജർമൻ നിവാസികളായിരുന്നതിനാൽ യുദ്ധത്തിനുശേഷമുള്ള തിരിച്ചുവരവിനും അധികം സാധ്യതയില്ലായിരുന്നു. സഭാനേതൃത്വത്തിന്റെ പദ്ധതിയനുസരിച്ച് പിന്നീട് ആ ദൗത്യം ഏറ്റെടുത്തത് സലേഷ്യൻ മിഷനറി സമൂഹമാണ്. 1922-ൽ അവർ വടക്കുകിഴക്കൻ ഇന്ത്യയിൽ തങ്ങളുടെ മിഷനറി പ്രവർത്തനങ്ങൾ ആരംഭിച്ചു. അവരത് കൃത്യമായും വിശ്വസ്തമായും നിർവഹിച്ചതിന്റെ തെളിവാണ് ഇന്ന് മേഘാലയയിൽ 40 ശതമാനമുള്ള കത്തോലിക്കാസാന്നിധ്യം. മേഘാലയയിൽ പ്രധാനമായും ഖാസി, ഖാരോ, പ്‌നാർ എന്നീ മൂന്നു ഗോത്രങ്ങളാണുള്ളത്. ഈ മൂന്നു ഗോത്രങ്ങൾക്കും അനേകം ഉപഗോത്രങ്ങളുമുണ്ട്. അവയിൽ ഏറ്റവും വലിയ ഗോത്രം ഖാസിയാണ്. ഏകദൈവത്തെ ആരാധിക്കുന്ന ഇവർ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. പ്രകൃതിയെ സ്‌നേഹിക്കുന്നവർക്കിടയിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹദൂതമായി കടന്നുവന്നവരിൽ പ്രധാനിയാണ് ഇറ്റാലിയൻ മിഷനറിയും ഖാസികളുടെ മിഷനറിയെന്നും ഖാസികൾക്കിടയിലെ ഫ്രാൻസിസ് സേവ്യർ എന്നും അറിയപ്പെടുന്ന ദൈവദാസൻ ഫാ. കോൺസ്റ്റന്റൈൻ വെന്ദ്രാമെ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ തിരുഹൃദയ ദൈവശാസ്ത്ര കലാലയ ദൈവാലയത്തിൽ അടക്കം ചെയ്തിരിക്കുന്ന ആ വന്ദ്യവൈദികന്റെ ഓർമകൾ അയവിറക്കിക്കൊണ്ടാണ് സ്ങ്ങിയച്ചൻ സംഭാഷണം തുടങ്ങിയത്.സ്ങ്ങിയച്ചനും അച്ചന്റെ വീട്ടുകാരും ഖാസികളുടെ ഗോത്രമതത്തിൽ വിശ്വസിക്കുന്നവരായിരുന്നു. 1924-ൽ മേഘാലയയിൽവന്ന് പ്രേഷിതപ്രവർത്തനം ആരംഭിച്ച ഫാ. വെന്ദ്രാമെ 1930 ജൂലൈ 27-നാണ് സ്ങ്ങിയച്ചന്റെ ഗ്രാമത്തിൽ എത്തിയത്. അന്ന് ഇന്നത്തെപ്പോലെ വെളുത്ത ളോഹ അല്ലായിരുന്നു വൈദികർ ധരിച്ചിരുന്നത്. മറിച്ച് കറുത്ത ളോഹയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തിയെ ആദ്യമായിട്ടാണ് ഒമ്പതുവയസുള്ള സ്ങ്ങിയച്ചനും കൂട്ടുകാരും കണ്ടത്. അന്നവർ മരത്തിന് മറയിൽ ഇരുന്ന് അച്ചനെക്കുറിച്ച് അടക്കം പറഞ്ഞത് ഗ്രാമത്തിൽ 'കറുത്ത ചെകുത്താൻ' എത്തിയെന്നാണ്. ആ കറുത്ത ചെകുത്താൻ കുട്ടികളെ മാടിവിളിച്ചു. അല്പം ഭയത്തോടെയാണെങ്കിലും അവർ അച്ചനരികിലേക്ക് ചെന്നു. അച്ചനവർക്ക് മിഠായി കൊടുത്തു. കൂടാതെ അച്ചന്റെ കൈവശം ഊതിയാൽ വീർക്കുന്ന ഒരു വസ്തുവുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, നമ്മുടെ ബലൂൺ! അവർ ആദ്യമായിട്ടാണ് അത് കാണുന്നത്. അപ്പോഴേക്കും അവർ അച്ചൻ കറുത്ത ചെകുത്താനല്ല ഒരു ദിവ്യ പുരുഷനാണെന്ന നിഗമനത്തിലെത്തി. അച്ചന്റെ ആവശ്യപ്രകാരം അവർ അച്ചനെ രോഗികളുള്ള ഭവനങ്ങളിലേക്ക് കൊണ്ടുപോയി. അച്ചൻ രോഗികൾക്കുവേണ്ടി പ്രാർത്ഥിച്ചു. ഏതാനും മരുന്നുകളും നൽകി. അവർ എല്ലാവരുംതന്നെ സൗഖ്യം പ്രാപിച്ചു. സന്ധ്യയായപ്പോൾ എല്ലാവരും ഒരിടത്ത് ഒരുമിച്ചുകൂടി. അച്ചനും കൂടെയുണ്ടായിരുന്ന സഹായികളും കെട്ടിയുയർത്തിയ യവനികയിൽ ആദ്യമായി അവർ സിനിമ കണ്ടു. മിശിഹാചരിത്രം. ഗ്രാമത്തലവനുൾപ്പെടെ അവർ എല്ലാവരും പിറ്റേദിവസംതന്നെ മാമോദീസ സ്വീകരിച്ച് ക്രിസ്തുമതവിശ്വാസികളായി. അന്നാണ് ആദ്യമായി ക്രിസ്തുവിനെപ്പറ്റി അറിയുവാനും മനസിലാക്കുവാനും കഴിഞ്ഞത്. തങ്ങളെ ക്രിസ്തുവിലേക്ക് ആനയിച്ച ആ ദിവ്യവൈദികനാണ് സ്ങ്ങിയച്ചന്റെ മാതൃകാപുരുഷൻ. അദ്ദേഹം അധരത്തിലും ഹൃദയത്തിലും ഖാസിഗോത്രത്തോടും ജനങ്ങളോടുമുള്ള അദമ്യമായ സ്‌നേഹം കാത്തുസൂക്ഷിച്ച വ്യക്തിയാണത്രേ. 15 മക്കളുള്ള സ്ങ്ങിയച്ചന്റെ കുടുംബത്തിലെ മൂത്തമകായ അച്ചനുൾപ്പെടെ എല്ലാവരും കത്തോലിക്കരാകണമെങ്കിൽ അതിനു കാരണം ആ വൈദികന്റെ സ്‌നേഹംതന്നെയാണ്.ഡോൺ ബോസ്‌കോയെയും ക്രിസ്തുവിനെയും അടുത്തനുകരിക്കുക എന്ന ഉദ്ദേശ്യത്തോടെ 1938-ൽ അച്ചൻ സലേഷ്യൻ സഭയിൽ ചേർന്നു. പഠനത്തിന്റെയും പരിശീലനത്തിന്റെയും പൂർത്തീകരണത്തിൽ, ഡോൺബോസ്‌കോയാൽ സ്ഥാപിതമായ ഇറ്റലിയിലെ ടൂറിനിലുള്ള ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ബസിലിക്കയിൽവച്ച് 1958 ജൂലൈ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച്, തന്റെ പ്രേഷിതപ്രവർത്തനത്തിന് ആരംഭം കുറിച്ചു.വടക്കുകിഴക്കൻ ഇന്ത്യയിലെ പതിനഞ്ച് രൂപതകളിലായി സേവനം ചെയ്യുന്ന അനേകം മിഷനറി വൈദികരുടെ പരിശീലനത്തിന് സഹായകമായ സ്ഥാപനമാണ് സേക്രഡ് ഹാർട്ട് തിയോളജിക്കൽ കോളജ് (തിരുഹൃദയ ദൈവശാസ്ത്ര പഠനകേന്ദ്രം). 1938-ൽ സ്ഥാപിതമായ ഈ കലാലയത്തിൽ അമ്പതുവർഷം പഠിപ്പിച്ച് വിരമിച്ച ഏക വ്യക്തിയാണ് സ്ങ്ങിയച്ചൻ. ബൈബിൾ പണ്ഡിതനായ അച്ചന്റെ വിദ്യാർത്ഥി വൈദികർ ആയിരത്തിലധികം പേരാണ്. ഇവരിൽ തക്കല രൂപതയുടെ പിതാവായ ബിഷപ് രാജേന്ദ്രൻ, ഗുവഹാത്തി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന ഡോ. തോമസ് മേനാംപറമ്പിൽ, ചെന്നൈ അതിരൂപതയുടെ പിതാവായിരുന്ന ചിന്നപ്പ, കൽക്കട്ട അതിരൂപതയുടെ പിതാവായിരുന്ന ലൂക്കസ് സർക്കാർ, കൊഹിമ രൂപതയുടെ പിതാവ് ജെയിംസ് തോപ്പിൽ, അരുണാചലിലെ മിയാവു രൂപതയുടെ പിതാവ് ജോർജ് പള്ളിപ്പറമ്പിൽ എന്നിവരെല്ലാം അച്ചന്റെ വിദ്യാർത്ഥികളാണ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് തന്റെ സെമിനാരി പഠനകാലഘട്ടത്തിൽ സ്ങ്ങിയച്ചൻ നടത്തിയ ധ്യാനത്തിൽ പങ്കെടുത്തിട്ടുണ്ട്.ഷില്ലോങ്ങിൽ കൂടാതെ ബംഗളൂരു ക്രിസ്തുജ്യോതി ദൈവശാസ്ത്ര പഠനകേന്ദ്രത്തിലും അച്ചൻ അധ്യാപകനായിരുന്നു. തന്റെ ഗോത്രമായ ഖാസിഗോത്രത്തോടും ഭാഷയായ ഖാസിഭാഷയോടും ഏറെ കൂറു പുലർത്തുന്ന വൈദികനാണ് അദ്ദേഹം. 14 വർഷത്തെ കഠിനപ്രയത്‌നംകൊണ്ട് ഏഷ്യയിൽ ആദ്യമായി ഒരു ഗോത്രഭാഷയിൽ ഹീബ്രു-ഖാസി, ഗ്രീക്ക്-ഖാസി, അരമാലിക്-ഖാസി എന്നീ ബൈബിൾ നിഘണ്ടുക്കളും അച്ചൻ രചിച്ചിട്ടുണ്ട്. അതുകൂടാതെ കാസിയിൽ തന്നെ ബൈബിളിനെക്കുറിച്ചുള്ള മുപ്പതിലധികം പഠനഗ്രന്ഥങ്ങളും അച്ചൻ രചിച്ചിട്ടുണ്ട്. അതിൽ ചിലത് ആയിരത്തോളവും മറ്റുള്ളത് ആയിരത്തിലധികവും പേജുകളുള്ളതാണ് എന്നറിയുമ്പോൾ ആ അർപ്പണ മനോഭാവത്തിനും പാണ്ഡിത്യത്തിനും മുമ്പിൽ ആരാണ് ആകസ്മികരാകാത്തത്.?എന്നാൽ അച്ചനെ വേറിട്ടു നിർത്തുന്ന ഘടകം മറ്റൊന്നാണ്. അധ്യാപനത്തോടൊപ്പം അച്ചൻ നല്ലൊരു പ്രേഷിതനും കൂടിയാണ്. 'ഇടയന്മാർ ആടുകളുടെ ഗന്ധമുള്ളവരായിരിക്കണം' എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളോട് ചേർത്തുവയ്ക്കാവുന്ന ജീവിതശൈലിയാണ് അച്ചന്റേത്. അധ്യാപനത്തിൽ ഏർപെട്ടിരിക്കുന്ന പുരോഹിതർക്കെല്ലാം ജീവിച്ചിരിക്കുന്ന വെല്ലുവിളിയാണ് ഈ പുരോഹിതൻ. എല്ലാ അവധി ദിവസങ്ങളിലും ഗ്രാമങ്ങൾ ചുറ്റിസഞ്ചരിച്ച് അവിടെ താമസിച്ച് വചനം പങ്കുവയ്ക്കുന്നതിൽ ഏറെ ആനന്ദം കണ്ടെത്തിയ വ്യക്തിയാണ് സ്ങ്ങിയച്ചൻ. കലാലയങ്ങളിൽ സേവനം ചെയ്യുന്ന വൈദികഗണം മുഴുവനും ഗ്രാമങ്ങളിലും ഇതരസ്ഥലങ്ങളിലും പോയി തനത് ഇടവകവികാരിമാരുടെ അനുവാദത്തോടെ സുവിശേഷവേലകളിൽ ഏർപ്പെടണം. അല്ലാത്തവരുടെ ലോകവും അറിവും കെട്ടിടത്തിലും പുസ്തകത്തിലും മാത്രമായിരിക്കും. അതിന് ജനത്തിന്റെ ഗന്ധമോ അനുഭവത്തിന്റെ നിറവോ ഉണ്ടാകില്ല എന്നതാണ് അച്ചന്റെ ഭാഷ്യം. ജനങ്ങൾക്കിടയിൽ ഇടപെടാതെ ബുദ്ധിയുടെ തലത്തുനിന്നുമാത്രം പഠിപ്പിക്കുന്ന അധ്യാപകരുടെ വാക്കുകൾക്ക് ആഴമുണ്ടാകില്ല. അവർ മനുഷ്യമനസിനെ വാർത്തെടുക്കുന്നവരാണ്. മനുഷ്യർക്കിടയിൽ ഇടപഴകാതെ എങ്ങനെയാണ് അവർക്ക് മനുഷ്യമനസുകളെ രൂപപ്പെടുത്തുവാൻ സാധ്യമാകുന്നത് എന്നാണ് അച്ചന്റെ ചോദ്യം. അച്ചന്റെ ഗ്രാമങ്ങളിലൂടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി അനേകം പേർ ക്രിസ്തുവിനെ അറിയുകയും കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അപരനോട് ക്രിസ്തീയാനുഭവം പങ്കുവയ്ക്കുക, അതിലൂടെ അവർക്ക് ക്രിസ്തുവിനെ കൊടുക്കുക എന്നതിനെക്കാൾ മഹിമയേറിയ ഒരു പ്രവൃത്തിയും ഇല്ല എന്നാണ് അച്ചൻ പറയുന്നത്. അച്ചന്റെ കർമനിരതമായ പ്രവർത്തനങ്ങൾ വിശ്രമജീവിതത്തിലും തുടരുന്നു. 96-വയസായ അച്ചനെ കാണാൻ രോഗികളും പിശാചുബാധിതരും മറ്റു പ്രശ്‌നങ്ങളാൽ വലയുന്നവരുമായി നൂറോളം പേരാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത് എന്നത് തീർത്തും അത്ഭുതാവഹമാണ്.1970-ന്റെ അവസാന നാളുകളിൽ മേഘാലയയിൽ മൂന്നു പാർട്ടികൾ ചേർന്നുള്ള കൂട്ടുകക്ഷി സർക്കാരായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി പദവിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരുടെ എണ്ണം കൂടുതലായിരുന്നു. ഈ പ്രതിസന്ധിയിൽ തങ്ങളെ നയിക്കുന്നതിനുവേണ്ടി അവർ ഉപദേശം തേടിയെത്തിയത് സ്ങ്ങിയച്ചന്റെ സമീപത്താണ്. അച്ചൻ അവരുമായി സംസാരിച്ചതിനുശേഷം ഏറ്റവും യോഗ്യരെന്ന് അവർതന്നെ ഉന്നയിച്ച രണ്ടുപേരിൽ നിന്ന് ഒരാളെ അച്ചൻ തന്നെ കുറിയിട്ടെടുക്കുകയായിരുന്നു. അയാളാണ് പിന്നീട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് അച്ചൻ ഉപയോഗിച്ച രീതി അപ്പസ്‌തോല പ്രവർത്തനങ്ങളിൽ കാണുന്ന രീതിയാണ്. യൂദാസിനുപകരം ഒരു ശിഷ്യനെ തിരഞ്ഞെടുക്കുവാനായി രണ്ടുപേരുടെ നാമങ്ങൾ നിർദേശിക്കപ്പെട്ടപ്പോൾ പ്രാർത്ഥനയ്ക്കുശേഷം അവർ നറുക്കെടുപ്പിലൂടെയാണ് മത്തിയാസിനെ തിരഞ്ഞെടുത്തത്. ബൈബിൾ പണ്ഡിതനായ സ്ങ്ങിയച്ചൻ ഈ മാർഗം അവലംബിച്ചതിൽ യാതൊരു അതിശയവുമില്ല.സ്വർഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്നീ പ്രാർത്ഥനകളാണ് അച്ചന് ഏറ്റവും ഇഷ്ടമുള്ള പ്രാർത്ഥനകൾ. അതിന് അച്ചന്റെ വിശദീകരണം ഇങ്ങനെയാണ്: 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന തരുന്ന ഉറപ്പ് നമ്മൾ ഒരിക്കലും തനിച്ചല്ല, നമ്മെ നിരീക്ഷിക്കുന്ന, പരിപാലിക്കുന്ന ഒരു പിതാവുണ്ട് എന്ന വാഗ്ദാനമാണ്. 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ഓർമപ്പെടുത്തുന്നത് ഈശോയുടെ കുരിശിലെ വാക്കുകളാണ്. 'നിനക്ക് സ്വന്തമായി ഒരു അമ്മയും അമ്മയ്ക്ക് സ്വന്തമായി ഒരു മകനും (മകളും).' അങ്ങനെയുള്ള ഉറപ്പ് എന്തൊരു കുളിർമയാണ് സമ്മാനിക്കുന്നത്. സമർപ്പിതർക്കുവേണ്ടി അച്ചൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. സമർപ്പിതജീവിതം പ്രവാചകദൗത്യം കുടികൊള്ളുന്ന ഒന്നാണ്. വരാനിരിക്കുന്ന സ്വർഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം. സമർപ്പിതർ സ്‌നേഹത്തോടെ പരസ്പരം പങ്കുവച്ച് ജീവിക്കുന്ന ഇടങ്ങൾ ഭൂമിയിലെ സ്വർഗങ്ങളും വന്നുചേരാനുള്ള സ്വർഗത്തിന്റെ പ്രതീകങ്ങളുമാണ്.മിഷൻപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് അച്ചൻ പറയുന്നത് ഇപ്രകാരമാണ്. മാമോദീസ മുങ്ങുവാൻ ആഗ്രഹിച്ച് വരുന്നവരെ ഒരിക്കലും വേദപാഠം പഠിക്കാത്തതിന്റെ പേരിൽ കൂദാശ നൽകാതെ മാറ്റിനിർത്തരുത്. അതിന് അച്ചൻ കൂട്ടുപിടിക്കുന്നത് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വീക്ഷണമാണ്: "ആഗ്രഹിച്ചു വരുന്നവർക്ക് ആ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ മാമോദീസ നൽകാതെ പിന്നീടത്തേക്ക് മാറ്റിവയ്ക്കരുത്." ആദിമ ക്രൈസ്തവ സമൂഹത്തിന്റെ രൂപീകരണവും അപ്പസ്‌തോല പ്രവർത്തനം പത്താം അധ്യായത്തിൽ വിജാതീയർക്ക് പത്രോസ് അപ്പസ്‌തോലൻ മാമോദീസ നൽകുന്ന കാര്യവുമെല്ലാം അച്ചൻ ഓർമിപ്പിച്ചു. ഇതിനോടനുബന്ധമുള്ള ഒരനുഭവവും അച്ചൻ പങ്കുവച്ചു. ഒരിക്കൽ ഒരു ഗ്രാമത്തിലെ 13 കുടുംബങ്ങൾ നമസ്‌കാരങ്ങളെല്ലാം പഠിച്ച് കൂദാശ സ്വീകരിക്കുവാനായി ഒരുങ്ങി. അവർക്ക് മാമോദീസ കൊടുക്കുന്നു എന്നറിഞ്ഞ് അഞ്ചുകുടുംബങ്ങൾകൂടി മാമോദീസ മുങ്ങുവാനുള്ള ആഗ്രഹവുമായി വന്നു. അവരുടെ ആഗ്രഹം മാനിച്ച് മാമോദീസ നൽകുകയും തുടർന്ന് അവരെ നമസ്‌കാരങ്ങൾ പഠിപ്പിക്കുവാൻ കാറ്റക്കിസ്റ്റിനോട് പറയുകയും ചെയ്തു. അനേകം വർഷങ്ങൾക്കുശേഷവും ആ ഗ്രാമത്തിലെ ഏറ്റവും ശക്തമായ കത്തോലിക്കാ കുടുംബങ്ങളായി തുടരുന്നത് ഈ അഞ്ചുകുടുംബങ്ങളാണത്രേ.അച്ചന്റെ മനസിൽ നീറിക്കൊണ്ടിരിക്കുന്ന നൊമ്പരങ്ങൾ വിശ്വാസം ഉപേക്ഷിച്ചുപോയ വ്യക്തികളെക്കുറിച്ചാണ്. അതിൽ ഒന്ന് ആദ്യകാലഘട്ടങ്ങളിൽ അച്ചനോടൊപ്പം ഗ്രാമങ്ങൾ സഞ്ചരിച്ച ചില അല്മായർ പണവും പദവിയും ആഗ്രഹിച്ച് കത്തോലിക്ക വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച് പെന്തക്കുസ്താ സംഘങ്ങളിൽ ചേർന്നതാണ്. മറ്റൊന്ന് അച്ചൻ പഠിപ്പിച്ച ചില വിദ്യാർത്ഥികൾ പുരോഹിതവൃത്തി ഉപേക്ഷിച്ച് പോയതുമാണ്.
സൺഡേ ശാലോമിന്റെ വായനക്കാർക്കായ് അച്ചൻ നൽകിയ പ്രത്യേക സന്ദേശം ഏറെ പുതുമയുള്ളതാണ്. 'നിങ്ങൾ ലോകത്തിന്റെ ഉപ്പാണ്. നിങ്ങളില്ലാത്ത ലോകം ദൈവത്തിന് രുചികരമല്ല. നിങ്ങളുടെ ജീവിതംകൊണ്ട് ലോകത്തിന് രുചി പകരുക. അപ്പോൾ നിങ്ങൾ