News >> സാമൂഹ്യശുശ്രൂഷകരുടെ സംഭാവനകൾ മഹത്തരം


കോട്ടയം : സന്നദ്ധ സംഘടനകളിലൂടെ സാമൂഹ്യസേവന രംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കാരുണ്യശുശ്രൂഷകരുടെ സാമൂഹിക വികസന രംഗത്തെ സംഭാവനകൾ മഹത്തരമാണെന്ന് തിരുവല്ലാ അതിരൂപതാ സഹായമെത്രാൻ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ്. കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തിൽ കാരുണ്യവർഷത്തോടനുബന്ധിച്ച് 20 ൽ കൂടുതൽ വർഷങ്ങളായി സാമൂഹ്യസേവന പ്രസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട 100 സാമൂഹ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി കേരള സോഷ്യൽ സർവ്വീസ് ഫോറം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസ്‌നേഹത്തിൽ നിന്നും ഉളവാകുന്ന പരസ്‌നേഹ ശുശ്രൂഷയാണ് ഓരോ സന്നദ്ധ പ്രവർത്തകനും പ്രാവർത്തികമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സീറോ മലബാർ സഭ സോഷ്യൽ അപ്പസ്‌തോലേറ്റ് ചീഫ് കോർഡിനേറ്ററും കോട്ടയം അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദൈവകാരുണ്യം ആഴത്തിൽ അനുഭവിച്ച് കാര്യസ്ഥ ശുശ്രൂഷ ചെയ്യുന്ന സാമൂഹിക സേവന വിഭാഗങ്ങളിലെ പ്രവർത്തകരാണ് കേരളത്തിലെ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളുടെ തേജസ്സിന്റെ അടിസ്ഥാനമെന്നും അവരുടെ നിസ്വാർത്ഥ സേവനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ടീം ലീഡർ ജോബി മാത്യു, സിസ്റ്റർ ജസീന, ഷാജി കോര എന്നിവർ പ്രസംഗിച്ചു. ജലസാക്ഷരതയുടെ ഭാഗമായി വാട്ടർ ഓഡിറ്റ് എന്ന വിഷയത്തെ അധികരിച്ച് ഏകദിന ശില്പശാലയും സാമൂഹ്യ പ്രവർത്തകർക്കായി ക്രമീകരിച്ചിരുന്നു. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളിലെ വിവിധ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Source; Sunday Shalom