News >> സുറിയാനി സഭയ്ക്കും ഭാഷയ്ക്കും തീരാനഷ്ടം: സിനഡ്

കോട്ടയം: തികഞ്ഞ സഭാസ്നേഹിയും സുറിയാനി പണ്ഡിതനുംസമര്‍പ്പിതനുമായിരുന്ന ഫാ. എമ്മാനുവല്‍ തെള്ളിയില്‍ സിഎംഐയുടെ നിര്യാണം പൌരസ്ത്യ സഭാവി ജ്ഞാനീയ രംഗത്തിനും സുറിയാനി ഭാഷയ്ക്കും തീരാനഷ്ടമാണെന്നു സിനഡ് പിതാക്കന്‍മാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ അറിയപ്പെടുന്ന സുറിയാനി പണ്ഡിതനായിരുന്നു അന്തരിച്ച ഫാ.എമ്മാനുവല്‍ തെള്ളിയില്‍ സിഎംഐ. 1953 ഡിസംബര്‍ എട്ടിനു പൌരോഹിത്യംസ്വീകരിച്ചു.

സീറോ മലബാര്‍ സഭയുടെ കനോന നമസ്കാരങ്ങളും പാട്ടുകളും സുറിയാനിയില്‍നിന്നു വിവര്‍ത്തനംചെയ്തത് ഫാ. തെള്ളിയിലായിരുന്നു. സുറിയാനി സഭ പ്രഭാത പ്രാര്‍ഥനയായ സപ്രായിലെ 'പുലരിപ്രഭയില്‍ കര്‍ത്തവേ, സാമോദം നിന്‍ ദാസരിതാ.....'എന്ന ഗാനം അദ്ദേഹം എഴുതിയതാണ്. പൌരസ്ത്യ സഭാ പണ്ഡിതനായിരുന്ന ഫാ.പ്ളാസിഡ് സിഎംഐയുടെ ശിഷ്യനായിരുന്നു ഫാ. തെള്ളിയില്‍. കൂടാതെ സുറിയാനി- ഇംഗ്ളീഷ്, മലയാളം നിഘണ്ടുവും പ്രസിദ്ധികരിച്ചിട്ടുണ്ട്. കത്തെഴുതിയിരുന്നതു കവിതാ രൂപത്തിലായിരുന്നു. വേറെ 10 പുസ്തകങ്ങളും 50ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. 

കോട്ടയം സീരിയില്‍ ഫാ.തെള്ളിയില്‍ എക്സ്പേര്‍ട്ട് പ്രഫസറായും ബോര്‍ഡ് ഓഫ് സ്റഡീസ് മെബറായും പ്രവര്‍ത്തിച്ചു. ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഹോമിയോചികിത്സയിലും പ്രാവീണ്യമുണ്ടായിരുന്നു. സന്യാസ നിയമങ്ങള്‍ കര്‍ശമായി പാലിച്ച് തികഞ്ഞ ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിയുമായിരുന്നു ഫാ.എമ്മാനുവല്‍ തെള്ളിയില്‍.