News >> എല്ലാം ദൈവരാജ്യത്തിന് വേണ്ടി മാത്രം


തിരുവനന്തപുരത്ത് എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്ത് എനിക്ക് ഐക്കഫിന്റെ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. ഒരുതവണ ഐക്കഫിന്റെ ക്യാമ്പ് സംഘടിപ്പിക്കേണ്ട സമയത്ത് അതിനു കഴിയാതെ വന്നു. പകരം നവീകരണ ധ്യാനമായിരുന്നു യുവജനങ്ങൾക്കുവേണ്ടി സംഘടിപ്പിച്ചത്. ഈ ധ്യാനത്തിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞതോടെ അതെന്റെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. എനിക്കു മുന്നിൽ നിറഞ്ഞുനിന്ന ശൂന്യതയുടെ ഇരുൾ അകന്നുപോകുന്നതുപോലെ അനുഭവപ്പെട്ടു.

പിന്നീട് ഫാ. എബ്രഹാം പള്ളിവാതുക്കലിനോടൊപ്പം ജീസസ് യൂത്ത് പ്രവർത്തനങ്ങളിൽ സജീവമായി. നവീകരണത്തിന്റെ കേന്ദ്ര ഓഫീസ് ആയ എമ്മാവൂസിൽ പ്രവർത്തിക്കാനും 1985-ലും 1987-ലും നടന്ന ജീസസ്‌യൂത്ത് കൺവൻഷനുകളിൽ മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നൽകാനും കഴിഞ്ഞു. അങ്ങനെ സംഗീതത്തിലൂടെ കർത്താവിന് ജീവിതം പൂർണ്ണമായി നൽകാനുള്ള വിളിയെക്കുറിച്ച് ബോധ്യമായി. സംഗീതശുശ്രൂഷയാണ് ദൗത്യമെന്ന് മനസിലായതോടെ ഞങ്ങൾ 1990-ൽ റെക്‌സ്ബാന്റ് എന്ന പേരിൽ ഒരു സംഗീതഗ്രൂപ്പിന് തുടക്കമിട്ടു. ആദ്യ പ്രോഗ്രാം സെന്റ് തെരേസാസ് കോളജിൽ നടന്നു. അവിടെനിന്നും ലഭിച്ച പ്രോത്സാഹനവും ധൈര്യവും പിന്നീട് അനേകം വേദികൾ ലഭിക്കുന്നതിന് വഴിയൊരുക്കി. അന്തർദേശീയ തലത്തിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ഇതിനോടകം നിരവധി രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കാനും ഈ രാജ്യങ്ങളിലുള്ള യുവജനങ്ങളോട് യേശു ഏകരക്ഷകനെന്ന് ഉദ്‌ഘോഷിാനും കഴിഞ്ഞു.

സീറോ മലബാർ സഭയുടെ പ്രേഷിതസമൂഹമായ സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ (എം.എസ്.ടി) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണ യജ്ഞത്തിൽ പങ്കുചേരുന്നതിന് റെക്‌സ് ബാൻഡ് ജൂലൈ മാസത്തിൽ അമേരിക്കൻ പര്യടനവും നടത്തും. ജൂലൈ പത്തിന് വൈകിട്ട് ആറിന് ചിക്കാഗോ ഗേറ്റ് വേ തിയറ്ററിലാണ് സംഗീത വിരുന്ന്.

ഏറ്റവും മികച്ച കാത്തലിക് ബാൻഡുകളിൽ ഒന്നായ റെക്‌സ് ബാൻഡ് ഇതിനകം 12ൽപ്പരം ആൽബങ്ങൾ പുറത്തിറക്കിക്കഴിഞ്ഞു. കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ലോകയുവജന സമ്മേളനങ്ങളിൽ 2005 മുതൽ തുടർച്ചയായി അഞ്ചു തവണ റെക്‌സ് ബാൻഡ് ഗാനാലാപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന്റെയും പോപ്പ് മ്യൂസിക്കിന്റെയും സങ്കലനമാണ് മുഖ്യ ആകർഷണം. ഇന്ത്യൻ ക്ലാസിക്കൽ, വെസ്‌റ്റേൺ, ഫ്യൂഷൻ, റോക്ക്, പോപ്പ്, ഹിപ്‌ഹോപ് തുടങ്ങി വ്യത്യസ്ത ശൈലികളിലും 'റെക്‌സ് ബാൻഡ് ശ്രദ്ധനേടിക്കഴിഞ്ഞു. ക്രിസ്തുരാജന്റെ പാട്ടുകാർ എന്നാണ് റെക്‌സ് ബാന്റ് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ജർമനി, ഓസ്ട്രിയ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലാൻഡ്, യു.എ.ഇ, ബ്രസീൽ ഉൾപ്പെടെയുള്ള 15ൽപ്പരം രാജ്യങ്ങളിലായി 600ൽപ്പരം വേദികളിൽ റെക്‌സ് ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ലോകമെങ്ങും യുവജനപരിശീലനത്തിന്റെ ഒരു കാലഘട്ടമാണിത്. നിരവധി രാജ്യങ്ങളിൽ ജീസസ് യൂത്ത് പടർന്നു പന്തലിക്കുന്നു. കത്തോലിക്കാ സഭയുടെ രൂപതാധ്യക്ഷന്മാരെല്ലാം അതീവ താൽപര്യത്തോടെയും സ്‌നേഹത്തോടെയുമാണ് ഈ പ്രവർത്തനങ്ങളെ വീക്ഷിക്കുന്നത്. ഏതു രാജ്യത്ത് യുവജനമുന്നേറ്റം തുടങ്ങുമ്പോഴും അവിടുത്തെ രൂപതാധ്യക്ഷന്മാരുമായി ബന്ധപ്പെടും.

അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിൽനിന്നുള്ള രണ്ടാമത്തെയും അല്മായ പ്രസ്ഥാനമായി ജീസസ് യൂത്ത് മാറിയതും ദൈവാനുഗ്രഹമായി ഞങ്ങൾ കാണുന്നു.

മനോജ് സണ്ണി
(ജീസസ് യൂത്ത് ഇന്റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ)
@അനുഭവം

Source: Sunday Shalom