News >> കുട്ടികളുടെ ഹീറോകൾ ആരൊക്കെ?


അവധിക്കാലം കഴിഞ്ഞ് കുട്ടികൾ പഠനത്തിന്റെ തിരക്കിലേക്ക് പ്രവേശിക്കുകയാണ്. ഇപ്പോൾ കളികൾ ചുരുങ്ങി, എല്ലാവരും ടിവിയുടെ മുമ്പിലാണ്. അതുവഴി കളികളുടെ ലോകത്തുനിന്നും കാർട്ടൂണുകളുടെ ലോകത്തേക്ക് കുട്ടികൾ എത്തിക്കഴിഞ്ഞു. ഗ്രാമ നഗരവ്യത്യാസമില്ലാതെ ഈ മാറ്റം ഏറെക്കുറെ ബാധിച്ചിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ അവരുടെ കൂട്ടുകാരായി മാറി. വസ്ത്രങ്ങൾ മുതൽ അവർ ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളിൽവരെ നിറഞ്ഞുനില്ക്കുന്നത് കാർട്ടൂൺ കഥാപാത്രങ്ങളാണ്. കാർട്ടൂണുകൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞതിന്റെ അടയാളമാണ് അതൊക്കെ. ഇപ്പോൾ ചില മിഠായികൾ പൊതിയുന്ന പേപ്പറുകളിൽപ്പോലും കാർട്ടൂൺ ചിത്രങ്ങളുണ്ട്.

പല ഭീകരജീവികളും കുട്ടികളുടെ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞു. പണ്ടൊക്കെ അത്തരം ചിത്രങ്ങൾ കണ്ടാൽ പേടിച്ചുകരഞ്ഞിരുന്ന കുട്ടികൾ ഇപ്പോൾ ആ വിധത്തിലുള്ള രൂപങ്ങൾ കാണുമ്പോൾ പേരുകൾ വിളിച്ച് സന്തോഷിക്കുകയാണ്. കാരണം, അവരൊക്കെ ടിവിയിലൂടെ എല്ലാ ദിവസവും വീടുകളിൽ എത്തുന്നവരാണ്. മിഠായികളിലും മറ്റ് വസ്തുക്കളിലുമൊക്കെ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വയ്ക്കുന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. പല മാതാപിതാക്കളും കുട്ടികളുടെ കാർട്ടൂൺഭ്രമം സൗകര്യമായി കാണുന്നു. അവർ വീട്ടുജോലികളിൽ ഏർപ്പെടുമ്പോൾ മക്കൾ അടങ്ങിയൊതുങ്ങി ടിവിയുടെ മുമ്പിൽ ഇരുന്നുകൊള്ളുമല്ലോ.

എല്ലാ കാർട്ടൂണുകളും നിരുപദ്രവകാരികളാണെന്ന് ചിന്തിക്കരുത്. കുഞ്ഞുങ്ങളുടെ മനസിന്റെ നന്മ നശിപ്പിക്കുന്നതിൽ കാർട്ടൂണുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കാർട്ടൂണുകളിലൂടെ അവരിലേക്ക് എത്തുന്ന ആശയങ്ങൾ ഏതുവിധത്തിലുള്ളതാണെന്ന് പരിശോധിക്കണം. തിന്മ നന്മയുടെ വേഷത്തിൽ സഞ്ചരിക്കുന്ന കാലമാണ്. എതിരാളികളികൾക്കു നേരെ വെടി ഉതിർത്തുന്നതും അവരെ ആക്രമിച്ചു കീഴടക്കുന്നവയുമാണ് പല കാർട്ടൂണുകളും. സ്ഥിരമായി ഇത്തരം കാർട്ടൂണുകൾ കാണുന്ന കുട്ടികളിൽ ആ മനോഭാവങ്ങൾ അറിയാതെ സ്വാധീനം ചെലുത്തും. തിന്മ വിതക്കുന്നവരെ നന്മയുടെ മുഖംമൂടികൾ അണിയിച്ചാണ് കുട്ടികളുടെ കളിക്കൂട്ടുകാരായി മാറ്റുന്നത്. രൂപം മാറുമ്പോഴും സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാറില്ല. പ്രതികാരവും അക്രമവുമൊക്കെയായിരിക്കും അവരുടെ രീതികൾ. പലരീതിയിൽ ആകർഷണീയത വരുത്തുന്നുണ്ടെന്നുമാത്രം. അതിലെ അപകടം സമൂഹം വേണ്ടവിധം മനസിലാക്കുന്നില്ല. കുട്ടികളെ തന്നിലേക്ക് അടുപ്പിക്കാൻ തിന്മ ചില സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയാണ്. ഇതുവഴി തിന്മയുടെ സ്വാധീനവലയത്തിലേക്ക് അവർ അറിയാതെ ആകർഷിക്കപ്പെടുന്നു.

ഹീറോകളായി അവർ കരുതുന്ന കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവ രീതികൾ അനുകരിക്കാൻ കുട്ടികൾ ശ്രമിക്കും. ബോധപൂർവമല്ലെങ്കിലും പ്രതികരണങ്ങളിൽ അവയുടെ സ്വാധീനം കടന്നുകൂടാം. തിന്മ എപ്പോഴും തിന്മയാണ്. അതിൽ നന്മ അന്വേഷിക്കുന്നത് വിഡ്ഢിത്തമാണ്. കാർട്ടൂൺ കഥാപാത്രങ്ങളിൽ ചിലപ്പോൾ നന്മയുടെ വേഷത്തിൽ വരുന്ന ചെകുത്താന്മാരുണ്ട്. സ്ഥിരമായി ഇത്തരം കാർട്ടൂണുകൾ കാണുമ്പോൾ അറിയാതെ അവ കുട്ടികളുടെ കൂട്ടുകാരായി മാറും. എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് തങ്ങളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ വിളിക്കുമെന്ന് പറയുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. തങ്ങളെ അപകടങ്ങളിൽനിന്നും രക്ഷിക്കാൻ കഴിവുള്ള അമാനുഷരാണ് കുഞ്ഞുമനസുകളിൽ കാർട്ടൂൺ കഥാപത്രങ്ങൾ. അപകട സമയങ്ങളിൽ വിളിക്കുമ്പോഴേക്കും രക്ഷിക്കാനായി പറന്നെത്തുന്നവരാണെന്ന ചിന്തയാണ് കുട്ടികൾക്കുള്ളത്. അമാനുഷിക കഴിവുകൾ പ്രകടിപ്പിക്കുന്നവരോട് കുട്ടികൾക്ക് ആകർഷണം ഉണ്ടാകുന്നത് സ്വഭാവികമാണ്. അവർക്ക് ശരി-തെറ്റുകളെക്കുറിച്ച് ബോധ്യമില്ലല്ലോ.

കളികളിലൂടെ കുട്ടികളുടെ ബുദ്ധി വികസിക്കുന്നുണ്ടെന്ന് മനഃശാസ്ത്രം പറയുന്നു. വളർച്ചയുടെ ഭാഗമാണ് കളികൾ. അതുവഴി അവർ പലതും പഠിക്കുന്നുണ്ട്. കളികളിലൂടെ ലഭിക്കുന്നവയ്ക്ക് പകരമാവില്ല കാർട്ടൂണുകൾ. കാർട്ടൂണുകൾ കാണുന്നതുകൊണ്ട് ആ വിധത്തിലുള്ള വളർച്ച ഉണ്ടാകില്ല. അതിലുപരി സ്ഥിരമായി കാർട്ടൂണുകൾ കാണുന്ന കുട്ടികൾ ടിവിയുടെ അടിമകളായി മാറുന്നു. അതവരിൽ സൃഷ്ടിക്കുന്ന ശാരീരിക പ്രശ്‌നങ്ങൾ പുറമെയാണ്. പഠനത്തിൽ പിന്നിലാകുന്ന കുട്ടികളെപ്പറ്റിയുള്ള മാതാപിതാക്കളുടെ സ്ഥിരം പരാതിയായിരിക്കും എപ്പോഴും ടി.വിയുടെ മുമ്പിലായിരിക്കുമെന്നത്. ഭക്ഷണം കഴിക്കാൻ കൊച്ചുകുട്ടികൾ മടികാണിക്കുമ്പോൾ ടിവിയുടെ മുമ്പിലിരുത്തി ഭക്ഷണം നൽകുന്നതും പലരുടെയും പതിവാണ്. ഇങ്ങനെയൊക്കെയുള്ള ശീലങ്ങളാണ് കുട്ടികളെ ടിവിയുടെ അടിമകളായി മാറ്റുന്നത്.

എന്നു കരുതി കുട്ടികൾ കാർട്ടൂണുകൾ കാണുന്നത് വിലക്കാനാവില്ല. അവർ എങ്ങനെയുള്ളവയാണ് കാണുന്നത് എന്ന് മാതാപിതാക്കൾ അറിയണം. കാർട്ടൂൺ കാണുന്നതിന് സമയപരിധി നിശ്ചയിക്കണം. അവർ സ്ഥിരമായി കാണുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കണം. കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനില്ക്കുന്ന സ്‌നേഹവും കരുണയും മായിച്ചുകളഞ്ഞ് ആ സ്ഥാനങ്ങളിൽ വെറുപ്പും പകയും നിറയ്ക്കുന്നതിൽ കാർട്ടൂണുകൾക്ക് വലിയ പങ്കുണ്ട്. ദൈവം ഓരോ കുഞ്ഞുങ്ങളെയും ഭൂമിയിലേക്ക് അയക്കുന്നത് മാലാഖമാരുടെ മനസോടെയാണ്. ആ ഭാവങ്ങൾ ഇല്ലാതാകാൻ നാം അനുവദിക്കരുത്.

Source: Sunday Shalom Editorial