ന്യൂ ജനറേഷൻ സ്വായത്തമാക്കിയ പദമാണ് സെൽഫി. മൊബൈൽ ഫോണോ മറ്റ് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചോ സ്വന്തം ചിത്രം പകർത്തുന്നതിനെയാണ് "സെൽഫി" എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്. ക്യാമറ സ്വന്തം കൈയ്യകലത്തിൽ വച്ചോ, അല്ലെങ്കിൽ ഒരു സ്റ്റിക്ക് കൊണ്ടോ എടുക്കുന്ന ഫോട്ടോകളാണിവ. ഫെയ്‌സ്ബുക്കും, വാട്ട്‌സ് ആപ്പും ജനപ്രിയമായതോടെയാണ് സെൽഫിക്ക് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. സ്വന്തം സെൽഫി മാത്രമല്ല, ഗ്രൂപ്പ് സെൽഫി എടുക്കുന്നതും ഇന്ന് സാധാരണമാണ്.നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആ നിമിഷങ്ങളുടെ ധന്യത പിന്നീട് ഉണർത്തുന്നതിന് അവയുടെ ചിത്രങ്ങൾക്കാവും. ഫോട്ടോകളോടുള്ള ഈ ഹരമാണ് ക്യാമറകളുടെ ലോകത്ത് നാം കാണുന്ന മാറ്റങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും ആധാരം. കൊണ്ടു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന പഴയ ക്യാമറകളുടെ ലോകത്തുനിന്നും വിരൽ തുമ്പുകൊണ്ട് ചിത്രങ്ങൾ പകർത്താൻ കഴിയുന്ന നൂതന ക്യാമറകളിൽ എത്തിനിൽക്കുകയാണ് ഇന്നത്തെ ലോകം.
ചരിത്രം1839 ൽ അമേരിക്കൻ ഫോട്ടോഗ്രാഫറായ റോബർ കൊർണേലിയസ് തന്റെ ക്യാമറയിലൂടെ സ്വയം പകർത്തിയതോടെയാണ് സെൽഫിയുടെ ചരിത്രം പിറക്കുന്നത്. 2010-ഓടെ വിലകുറഞ്ഞ മൊബൈൽ ഫോണിൽ പോലും ക്യാമറ സൗകര്യം ലഭ്യമായിത്തുടങ്ങി. 2012 ൽ ഒരു ഓസ്‌ട്രേലിയൻ നാട്ടിൻപുറത്ത് 'സെൽഫി' പിറവിയെടുത്തു. ഒരു മൊബൈൽ ഫോണിൽ ഒരു ക്യാമറ എന്നത് മാറി ഫ്രണ്ട് ക്യാമറയും, ബാക്ക് ക്യാമറയും അതോടെ വന്നു തുടങ്ങി. തുടക്കത്തിൽ ഫ്രണ്ട് ക്യാമറയ്ക്ക് പ്രചാരം കുറവായിരുന്നു. എന്നാൽ സെൽഫിയുടെ വരവോടെ ഫ്രണ്ട് ക്യാമറ അരങ്ങ് അടക്കി വാണുതുടങ്ങി. പിന്നീട് കൂടുതൽ എം.പി. ഡൈമൻഷനോടുകൂടിയ ക്യാമറഫോണുകൾക്ക് ആവശ്യക്കാർ ഏറുകയും ചെയ്തു.2014 ൽ സെൽഫി സ്റ്റിക്കും പുറത്തിറങ്ങി. സെൽഫി സ്റ്റിക്കിന്റെ അറ്റത്ത് മൊബൈൽ ഫോൺ ഘടിപ്പിച്ച് ഫോട്ടോ എടുക്കേണ്ട വ്യക്തിയുടെ നേരെ ഉയർത്തി സ്റ്റിക്ക് ഹാൻഡിലിലുള്ള ബട്ടൺ അമർത്തുകയേ വേണ്ടൂ. ഫോട്ടോ റെഡി. സെൽഫി സ്റ്റിക്കിനു പിന്നാലെ എത്തിയിരിക്കുന്നത് സെൽഫി സ്പൂണാണ്. ആഹാരം കഴിച്ചുകൊണ്ടു തന്നെ സെൽഫിയെടുക്കാനായി സ്റ്റിക്കിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നതാണ് സെൽഫി സ്പൂൺ. മൂന്നുവർഷം മുൻപ് 2013ന്റെ പദമായി ഓക്‌സ്‌ഫോർഡ് ഡിക്ഷനറിയിൽ തെരഞ്ഞെടുക്കപ്പെട്ട പദമാണ് സെൽഫി. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കും ഒബാമയ്ക്കും, നരേന്ദ്രമോദിക്കും ഒപ്പം ക്ലിക്ക് ചെയ്ത സെൽഫികൾ നവമാധ്യമങ്ങളിൽ "വൈറൽ" ആണ്. പെർഫെക്റ്റ് 365 പോലുള്ള ആപ്പുകൾ ഉപയോഗിച്ച് സെൽഫി ആകർഷകമാക്കുന്നതും പതിവായി.2014 ൽ ലോക ഭൗമദിനത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് സെൽഫികൾ കൂട്ടിച്ചേർത്ത് നാസ ഒരു മൊബൈൽ സെൽഫി പുറത്തിറക്കി. അതിൽ ഒരു പക്ഷേ താങ്കളും ഉണ്ടാകാം. എന്നാൽ സെൽഫിക്ക് ഇത്രയേറെ പ്രചാരമുണ്ടാകുവാൻ കാരണം എന്താണ്? മറ്റൊരാൾ എന്റെ ഫോട്ടോ എടുക്കുന്നതിനേക്കാൾ എനിക്കിഷ്ടപ്പെട്ട പോസുകളിൽ എന്റെ ഫോട്ടോ എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഭയാശങ്കകളില്ലാതെ സ്വാതന്ത്ര്യത്തോടെ ഫോട്ടോ എടുക്കുകയും ചെയ്യാം.
സെൽഫി ആപൽക്കരമാകുമ്പാൾ..!ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സെൽഫി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നമ്മുടെ രാജ്യത്താണ് എന്നത് ദുഃഖകരമാണ്. നമ്മുടെ രാജ്യത്തെ മരണകാരണങ്ങളുടെ പട്ടികയിൽ ഒരു പുതിയ പേരുകൂടി എഴുതപ്പെടുകയാണ് - സെൽഫി മരണങ്ങൾ. സാഹസികവും ആപൽക്കരവുമായ സെൽഫി ശ്രമങ്ങൾ ചിലരുടെ മരണത്തിനിടയാക്കിയതും പെർഫെക്ട് സെൽഫി എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചിലർ ഇനി ജീവിച്ചിരിക്കേണ്ട എന്നു തീരുമാനമെടുത്തതുമൊക്കെ 'സെൽഫി' യുടെ പ്രയാണവഴികളിലെ രസമില്ലാത്ത വാർത്തകളായി മാറി. സ്വന്തം ബാഹ്യരൂപത്തെപ്പറ്റി ചിലർക്കുണ്ടാകുന്ന അമിതമായ ആകുലതയുടെ രോഗലക്ഷണമായി 'സെൽഫി മാനിയ'. കാമുകിയെ കൊന്നശേഷം ആ മൃതദേഹം വെച്ച് സെൽഫിയെടുത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. സെലിബ്രിറ്റികൾക്കുപോലും സ്വസ്ഥമായി നടക്കുവാൻ കഴിയുന്നില്ല. നവീന മാധ്യമങ്ങളിൽ സെൽഫിയിടാൻ ചിലർ കാണിക്കുന്ന താല്പര്യങ്ങൾ അതിസാഹസികമാണ്. സെൽഫി മോർഫുകൾ പെൺകുട്ടികളുടെ സൽപ്പേരിന് കളങ്കമായതും മറ്റുള്ളവർ എടുത്ത സെൽഫികളിൽ അറിയാതെപെട്ട് ജീവിതം തകർന്ന പെൺകുട്ടികളും വിരളമല്ല.പാലക്കാട് റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുമുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ റയിൽവേ ഉദ്യോഗസ്ഥരുടെ തക്കസമയത്തെ ഇടപെടൽ മൂലമാണ് രക്ഷപെട്ടത്. പുറപ്പെടാൻ നിന്നിരുന്ന ഗുഡ്‌സ് ട്രെയിനു മുകളിൽ വൈദ്യുതിലൈനിൽ തട്ടുന്ന വിധത്തിലാണ് ഒൻപതു വിദ്യാർത്ഥികൾ നിന്നിരുന്നത്. ട്രെയിനുമുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച വാളയാർ സ്വദേശിയായ വിദ്യാർത്ഥി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത് കഴിഞ്ഞവർഷമാണ്. സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനിനുമുന്നിൽനിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത് ആലപ്പുഴയിൽ നിന്നാണ്. മൊബൈലിൽ സ്വന്തം മരണം അഭിനയിക്കുന്നതിനിടെയാണ് അഭിലാഷ് എന്ന യുവാവ് കയർ കുരുങ്ങി മരിച്ചത്. ഫെയ്‌സ് ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ വീട്ടിനുള്ളിൽ സ്വന്തം മരണം അഭിനയിക്കുന്നതിനിടെയായിരുന്നു അപകടം. നിറതോക്കുമായി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുമരിച്ച 19 കാരനേയും മറക്കാനാവില്ല. മോസ്‌കോയിൽ സെൽഫി എടുക്കാൻ മതിലു ചാരിനിന്ന പെൺകുട്ടിയാണ് മതിലിടിഞ്ഞുമരിച്ചത്. പാമ്പിനോടൊത്ത് സെൽഫിയെടുത്ത് പാമ്പിന്റെ കടിയേറ്റ് മരിച്ചവർ, അപകടങ്ങൾ സെൽഫിയിൽ പകർത്തി അപകടത്തിൽപെട്ടവർ, നദീതീരത്ത് സെൽഫിയെടുത്ത് നദിയിൽ വീണു മരിച്ചവർ, ഭൂകമ്പങ്ങളും, അഗ്നിപർവ്വതങ്ങളും, സെൽഫിയിലാക്കി സ്വയം നശിച്ചവർ അതെ! സെൽഫി വിതച്ച അപകടങ്ങളുടെ കഥകൾ അനവധിയാണ്.മൃതപ്രാണനായി വഴിവക്കിൽ കിടക്കുന്നവരോടൊപ്പം സെൽഫിയെടുത്ത് 'ആഘോഷി'ക്കുന്നവരും വിരളമല്ല. അവരെ ആശുപത്രിയിലെത്തിക്കുവാനല്ല ഒരു സെൽഫിയുടെ സാധ്യതയാണ് ഇക്കൂട്ടർ തിരയുന്നത്. 'സാഡിസം' എന്ന് മാത്രം ഇതിനെ വിളിക്കാനാവില്ല. അതിനുമേലെയുള്ള ധാർമ്മിക അപചയമാണിത്.
സെൽഫിക്കു പിന്നിൽമറ്റൊരാൾ നമ്മെ നന്നായി കാണണം എന്ന് ഓരോ വ്യക്തിയ്ക്കും ആഗ്രഹമുണ്ട്. അത് സാക്ഷാത്ക്കരിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായിട്ടാണ് സെൽഫി പോസ്റ്റുകളെ കാണേണ്ടത്. അതിൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്. ചിലർ മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും ആകർഷിക്കാൻ ശ്രമിക്കുന്നവരാണ്. അവർ സെൽഫി എടുക്കുന്നത് മറ്റുള്ളവർക്കു വേണ്ടിയാണ്. ചിലരാകട്ടെ സെൽഫി എടുത്ത് മറ്റുള്ളവരേക്കാൾ സ്വയം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇടയ്ക്കിടക്ക് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുക, എത്ര എടുത്താലും മതിയാവില്ല എന്ന അവസ്ഥ വരിക, ലൈക്കും കമന്റും പോരാ എന്നു തോന്നുക. ഈ സ്വഭാവം സാമൂഹ്യബന്ധങ്ങളേയും, ജീവിതത്തിന്റെ ബാക്കി പ്രവർത്തനങ്ങളെയുമെല്ലാം ദോഷകരമായി ബാധിക്കുമ്പോഴാണ് സെൽഫി ഒരു രോഗമായി മാറുന്നതെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. ടി.പി. സന്ദീഷ് പറയുന്നു. 'അവനവനിസ'സത്തിന്റെ മറ്റൊരു രൂപമാണ് സെൽഫി. മനുഷ്യൻ ഇന്ന് സ്‌നേഹിക്കുന്നത് തന്നെതന്നെയാണ്. സ്വയം ആരാധിക്കുന്നവനായി അവൻ അധഃപതിക്കുന്നു. സെൽഫിയെക്കുറിച്ച് ഡിസംബറിൽ മാതൃഭൂമിയിൽ വന്ന "എന്നെയാണെനിക്കിഷ്ടം" എന്ന ലേഖനത്തിൽ കൽപ്പറ്റ നാരായണൻ 'ആത്മപ്രദർശനത്തി'ലേയും 'ആത്മപ്രകാശന'ത്തിലേയും സെൽഫ് വ്യത്യസ്ഥമാണെന്ന് പറയുന്നുണ്ട്. "സെൽഫി" ആത്മപ്രദർശനമാണ്. കവിതയെഴുതുന്നതും, ലേഖനമെഴുതുന്നതും അലിവുകാട്ടുന്നതും ആത്മപ്രകാശനമാണ്. ബാഹ്യരൂപങ്ങൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്ന ആധുനിക യുഗത്തിൽ കവിതയേക്കാൾ സെൽഫിക്കാണ് 'ലൈക്ക്' കിട്ടുക.കുഞ്ഞുണ്ണി മാഷ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു. "എനിക്ക് എന്നെയാണിഷ്ടം. അപ്പോൾ അതുകഴിഞ്ഞിട്ടോ? അതിന് അത് കഴിയുന്നില്ലല്ലോ." അഹങ്കാരത്തിന്റെയും 'അവനവനിസ'ത്തിന്റെയും സെൽഫികൾക്ക് തടയിടാൻ നമുക്ക് കഴിയണ്ടേ? നമ്മുടെ മേലുള്ള നിയന്ത്രണം നമുക്ക് നഷ്ടമാകുന്നുവോ? ഉറക്കെ ചിന്തിക്കാൻ സമയമായി.
ടോംസ് ആന്റണിSource: Sunday Shalom