News >> സഭയുടെ പ്രവർത്തനം: മുസാഹരി പെൺകുട്ടികൾ സ്‌കൂളിൽ പോയിത്തുടങ്ങി
ബിഹാറിലെ ഡുറിപാക്രി ഗ്രാമത്തിൽ അഞ്ച് പെൺകുട്ടികൾ 12-ാം ക്ലാസ് പാസായത് ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം വലിയ അതിശയമാണ്. ഗ്രാമവാസികളുടെ അമ്പരപ്പ് വർധിപ്പിക്കുന്ന ഒരു ഘടകംകൂടി യുണ്ട്. ആ പെൺകുട്ടികൾ ഇപ്പോൾ സാങ്കേതിക പരിശീലനവും പൂർത്തിയാക്കികഴിഞ്ഞു. 45 കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ അഞ്ച് പെൺകുട്ടികൾ മാത്രമേ 12-ാം ക്ലാസ് പൂർത്തിയാക്കിയിട്ടുള്ളു എന്നതായിരിക്കും നമ്മെ സംബന്ധിച്ച് വാർത്ത. എന്നാൽ, അവർക്കത് മറിച്ചാണ്. ഇതിന് ഗ്രാമം കടപ്പെട്ടിരിക്കുന്നത് ഫാ. കൊലാണ്ടിസ്വാമി യേശുരാജ് എന്ന് ഈശോ സഭാ വൈദികനോടും മുസാഫർപ്പൂറിനടുത്ത് അദ്ദേഹം ആരംഭിച്ച ആശാ ദീപ് കമ്യൂണിറ്റി കോളജിനോടുമാണ്.മുസാഹരി ഗോത്രവിഭാഗക്കാർ താമസിക്കുന്ന അടുത്ത ഗ്രാമത്തിൽ നടത്തിയ ഒരു അന്വേഷണമാണ് വിദ്യാഭ്യാസ മേഖലയിൽ വലിയൊരു പ്രവർത്തനത്തിന് തുടക്കമിടാൻ ഫാ. യേശുരാജിനെ പ്രേരിപ്പിച്ചത്. 10-ാം ക്ലാസ് പാസായ പെൺകുട്ടികൾക്ക് പ്രത്യേക ട്രെയിനിംഗ് നൽകുന്ന ഒരു പ്രൊജക്ടുമായാണ് ആറ് വർഷങ്ങൾക്കുമുമ്പ് ഫാ. യേശുരാജ് ഗ്രാമത്തിൽ എത്തിയത്. എന്നാൽ, ഗ്രാമത്തിൽ 5-ാം ക്ലാസ് പാസായ ഒരു പെൺകുട്ടിയെപ്പോലും കണ്ടെത്താനായില്ല. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽനിന്നുരുന്ന വിഭാഗമായിരുന്നു അവർ. പൊതുവെ പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാൻ അവർ വിമുഖരായിരുന്നു. ആരെങ്കിലും പഠിക്കാൻ പോകണമെന്ന് പറഞ്ഞാൽ മാതാപിതാക്കളുടെ ദേഷ്യപ്പെട്ട മുഖം കാണേണ്ടിവരുന്ന സാഹചര്യം. അവരെ സംബന്ധിച്ചിടത്തോളം പെൺകുട്ടികൾ വീട്ടുജോലിക്ക് ഉള്ളവരാണ്. അതു കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ പന്നികളെ നോക്കണം. മക്കൾ പഠിച്ച് ഉയർന്ന നിലയിൽ എത്തുമെന്ന സ്വപ്‌നംപോലും അവർക്ക് ഉണ്ടായിരുന്നില്ല.ബിഹാറിലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ഗോത്രവിഭാഗമാണ് മുസാഹർ. ബിഹാറിലെ ഗ്രാമപ്രദേശങ്ങളിലെ സാക്ഷരതാ നിരക്ക് 63.8 ശതമാണ്. അതിൽ സ്ത്രീകളുടേത് മാത്രമായി എടുത്താൽ 49.6 ശതമാനംമാത്രം. രാജ്യത്തെ ഏറ്റവും മോശമായ സാക്ഷരതാ നിരക്ക്. പകുതിപ്പേർക്കും എഴുത്തും വായനും അറിയില്ലെന്ന് പറയുമ്പോൾ ആ വിഭാഗത്തിന്റെ പുരോഗതിയെപ്പറ്റി നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. അവിടെയാണ് ഒരു കത്തോലിക്കാ വൈദികന്റെ ഇടപെടൽ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന വിധത്തിലേക്ക് മാറിയത്."വിദ്യാഭ്യാസ മേഖലയിലെ മുരടിപ്പാണ് സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം. സാങ്കേതിക പരിശീലനത്തിന്റെ കുറവും ഏറെ ബാധിക്കുന്നുണ്ട്." ഫാ. യേശുരാജ് പറയുന്നു. ദാരിദ്ര്യം പിടിമുറുക്കിയിക്കുന്ന പ്രദേശമാണിത്. എത്ര കഠിനാധ്വാനം ചെയ്താലും പട്ടിണിയിൽനിന്നും മോചനമില്ലാത്ത സാഹചര്യം. അധികം കുടുംബങ്ങളും കൊള്ളപ്പലിശക്കാരിൽനിന്നും പണം കടംവാങ്ങിയതുമൂലം ഒരു തരം അടിത്തമാണ് അനുഭവിക്കുന്നത്. ഉയർന്ന പലിശനിരക്ക് അവരെ എന്നും കടക്കാരായി മാറ്റിക്കൊണ്ടിരിക്കുന്നു. ജോലി ചെയ്ത് സമ്പാദിക്കുന്നത് മുഴുവൻ കൊടുത്താലും വീട്ടാൻ കഴിയാത്ത സാഹചര്യം; ഗ്രാമീണരുടെ പിന്നോക്കാവസ്ഥയുടെ കാരണങ്ങൾ അച്ചൻ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് അടിവരയിടുന്നതാണ് ഏതാനും മാസങ്ങൾക്കുമുമ്പ് പുറത്തുവന്ന സോഷ്യോ-ഇക്കണോമിക് സർവേയിലെ വിവരങ്ങൾ. സർവേയുടെ കണ്ടെത്തലുകൾ അനുസരിച്ച് ബിഹാറിലെ ഗ്രാമീണരിൽ 65 ശതമാനത്തിനും കൃഷി ഭൂമിയില്ല. 37 ശതമാനം പേരും കഴുത്തറപ്പൻ പലിശക്കാരുടെ പിടിയിലാണ്. 60 ശതമാനം മുതൽ 120 ശതമാനം വരെയാണ് അവർ ഈടാക്കുന്ന പലിശനിരക്ക്. ഫ്യൂഡൽ പ്രഭുക്കന്മാരാണ് ഇപ്പോഴും ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.ജാതി സമ്പ്രദായം ആഴയമായ വേരുകളുള്ള സംസ്ഥാനമാണ് ബിഹാർ. അതിനാൽ, ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഗോത്രവിഭാഗങ്ങൾ, ദളിതുകൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അച്ചന്റെ പ്രവർത്തനങ്ങൾ. അതിൽത്തന്നെ മുസാഹരി വിഭാഗത്തിനായിരുന്നു ഫാ. യേശുരാജ് തുടക്കത്തിൽ പ്രാധാന്യം നൽകിയത്. കാരണം, ബിഹാറിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഗോത്രവിഭാഗമാണ് അവർ. ആ ഗ്രാമത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ അവിടെ 10-ക്ലാസ് പാസായ ഒരു ആൺകുട്ടിയായിരുന്നു ഉണ്ടായിരുന്നത്. 2010-ൽ 90 വിദ്യാർത്ഥികളുമായാണ് ആശാദീപ് ആരംഭിച്ചതെങ്കിൽ ആറ് വർഷംകൊണ്ട് 2000-ൽ അധികം വിദ്യാർത്ഥികൾക്ക് വിവിധ കോഴ്‌സുകളിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനും മോശമല്ലാത്ത കമ്പനികളിൽ ജോലി ലഭിക്കാനും ഇടയായി. ഇടയ്ക്കുവച്ച് വിദ്യാഭ്യാസം നിലച്ചുപോയ കുട്ടികൾക്ക് വീണ്ടും വിദ്യാഭ്യാസത്തിനുള്ള അവസരവും ആശാദീപിലൂടെ ഒരുക്കുന്നുണ്ട്.ഫാ. യേശുരാജിന്റെ ഇടപെടലുകൾ മൂലം ഏറ്റവും വലിയ മാറ്റം ഉണ്ടായത് ഗ്രാമീണരുടെ കാഴ്ചപ്പാടുകളിലാണ്. ഇപ്പോൾ അവിടുത്തെ പാവപ്പെട്ട മനുഷ്യർ മക്കളെക്കുറിച്ച് സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് ഇപ്പോൾ ഇവിടുത്തെ പതിവു കാഴ്ചകളാണ്.Source: Sunday Shalom