News >> കർക്കലയിലെ സെന്റ് ലോറൻസ് തീർത്ഥാടനകേന്ദ്രത്തിന് മൈനർ ബസലിക്ക പദവി


ഉടുപ്പി: കർക്കലയിലെ അറ്റൂർ സെന്റ് ലോറൻസ് തീർത്ഥാടനകേന്ദ്രത്തിന് മൈനർ ബസലിക്ക പദവി. ഇതുസംബന്ധിച്ച് വത്തിക്കാനിൽനിന്നുള്ള ഉത്തരവ് ഉടുപ്പി രൂപതാധ്യക്ഷൻ ഡോ. ജെറാൾഡ് ഐസക്ക് ലോബോക്ക് ലഭിച്ചു. അജപാലനപരവും വിശ്വാസപരവുമായി പ്രാധാന്യമുള്ള തീർത്ഥാടനകേന്ദ്രങ്ങൾക്കും ദൈവാലയങ്ങൾക്കും നൽകുന്ന പദവിയാണ് ഇത്. കർണാടകയിലെ ഉടുപ്പി രൂപതയിൽ സ്ഥിതിചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. ജനുവരി 24 മുതൽ 29 വരെയാണ് ഇവിടുത്തെ പ്രധാന തിരുനാൾ. തിരുനാൾ ദിവസങ്ങളിൽ കൊങ്ങിണി, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ദിവ്യബലികളുണ്ട്.

1750-കളുടെ തുടക്കത്തിൽ ഈ ദൈവാലയം നിർമ്മിക്കപ്പെട്ടു എന്നാണ് ചരിത്രരേഖകൾ. 1784-1799 കാലഘട്ടത്തിൽ ഉണ്ടായ ടിപ്പുസുൽത്താന്റെ പടയോട്ടത്തിനിടയിൽ ദൈവാലയം തകർക്കപ്പെടുകയും വിശ്വാസികളെ അടിമകളായി പിടിക്കുകയും ചെയ്തു. വിശ്വാസികൾ മോചിക്കപ്പെട്ടതിനെത്തുടർന്ന് ഗോവയിൽനിന്ന് എത്തിയ ഒരു മിഷനറി വൈദികന്റെ നേതൃത്വത്തിൽ 1801-ൽ പഴയ ദൈവാലയത്തിൽനിന്നും ഏഴ് കിലോമീറ്റർ അകലെ താല്ക്കാലികമായൊരു ദൈവാലയം നിർമ്മിച്ചു. 1839-ൽ ദൈവാലയം വീണ്ടും പുനഃനിമ്മിച്ചു. ഫാ. ഫ്രാങ്ക് പെരേര വികാരിയായിരുന്ന 1895-ലാണ് ദൈവാലയത്തിന്റെ പ്രശസ്തി സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചുതുടങ്ങിയത്. ദൈവാലയത്തിലെത്തി പ്രാർത്ഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹങ്ങളുടെ കഥകളുമായി അനേകർ അക്കാലത്ത് ഫാ. ഫ്രാങ്കിനെ കാണാനെത്തിത്തുടങ്ങി. അതേത്തുടർന്ന് വിശുദ്ധ ലോറൻസിന്റെ നൊവേനയും പ്രത്യേക പ്രാർത്ഥനകളും ദൈവാലയത്തിൽ ആരംഭിച്ചു. ഫാ. ഫ്രാങ്ക് 1900-ൽ ദൈവാലയം വീണ്ടും പുതുക്കിപ്പണിതു. 1901 ജനുവരി 22-ന് വികാരി ജനറൽ മോൺ. ഫ്രചാറ്റ് ദൈവാലായം ആശീർവദിച്ചു. ഇക്കാലത്താണ് ദൈവാലയം ഒരു തീർത്ഥാടനകേന്ദ്രമായി മാറിയത്. 2001-ൽ തീർത്ഥാടനകേന്ദ്രത്തിന്റെ ബൈ സെന്റിനറി (200-ാം വാർഷികം) ആഘോഷങ്ങൾ നടത്തിയിരുന്നു. അതോടനുബന്ധിച്ച് പുതിയ ദൈവാലയത്തിന്റെ ആശീർവാദവും നടത്തിയിരുന്നു. 382-കുടുംബങ്ങളാണ് ഈ തീർത്ഥാടനകേന്ദ്രത്തിലുള്ളത്.

മൈനർ ബസലിക്ക പദവി ലഭിക്കുന്ന കർണാടകയിലെ രണ്ടാമത്തെ ദൈവാലയമാണ് സെന്റ് ലോറൻസ്. ബംഗളൂരു ശിവാജിനഗറിലെ സെന്റ് മേരീസ് ബസലിക്കയാണ് നിലവിൽ ആ പദവിവി ലുള്ളത്. മൈനർ ബസലിക്ക പദവിയിലുള്ള 21 ദൈവാലയങ്ങൾ ഇന്ത്യയിലുണ്ട്. തമിഴ്‌നാട്ടിലെ പോണ്ടി, വേളാങ്കണി, മുംബൈയിലെ മൗണ്ട് മേരി, ഓൾഡ് ഗോവയിലെ ബോംജീസസ് എന്നിവയാണ് ആ വിഭാഗത്തിലുള്ള പ്രശസ്തമായ ദൈവാലയങ്ങൾ.

Source: Sunday Shalom