News >> മഡഗാസ്‌കർ വിളിക്കുന്നു
"നിങ്ങൾ ലോകമെങ്ങും പോയി സർവ്വസൃഷ്ടികളോടും സു വിശേഷം പ്രസംഗിക്കുവിൻ" (മർക്കോ.16:15) എന്ന ദൈവചചനം ഹൃദയത്തിൽ ഏറ്റുവാങ്ങി ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെടുന്ന ആഫ്രിക്കയിലേക്ക് സി.എം.ഐ. സഭാംഗങ്ങൾ ഇറങ്ങിപ്പുറപ്പെട്ടിട്ട് ഇത് 25-ാം വർഷമാണ്. ആഫ്രിക്കൻ സി.എം.ഐ. മിഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് 'പാൻ ആഫ്രിക്കൻ സമ്മേളനം' ഈ മാസം ആറ്, ഏഴ്, എട്ട് തിയതികളിൽ കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നടക്കും. "മൂന്നാം സഹസ്രാബ്ദത്തിൽ ആഫ്രിക്കൻ സഭയിലെ ഇന്ത്യൻ സാന്നിധ്യവും ദൗത്യവും" എന്നതാണ് പ്രമേയം.
അറുപതോളം സ്വതന്ത്രറിപ്പബ്ലിക്കുകളുള്ള ആഫ്രിക്കയിലെ ആറ് രാജ്യങ്ങളിലായി അമ്പതോളം സി.എം.ഐ. വൈദികർ സേവനം ചെയ്യുന്നു. ഇന്ത്യക്കാരായ ഏതാനും സി.എം.ഐ വൈദികവിദ്യാർത്ഥികൾ ദൈവശാസ്ത്രപഠനം നടത്തുന്നു. കൂടാതെ മണ്ണിന്റെ മക്കളായ സി.എം.ഐ. വൈദികാർത്ഥികളും ആഫ്രിക്കൻ മിഷന് പ്രതീക്ഷ പകരുന്നതാണ്.ഇടവക ശുശ്രൂഷ, വിദ്യാഭ്യാസപ്രവർത്തനം, സാമൂഹ്യസേവനം, സെമിനാരി പരിശീലനം എന്നീ രംഗങ്ങളിലാണ് സഭ സേവനാർപ്പിതമായിരിക്കുന്നത്. സി.എം.ഐ. സഭയ്ക്കുപുറമേ കേരളത്തിൽനിന്നുള്ള സീറോ-മലബാർ സഭാംഗങ്ങളും ലത്തീൻ സഭാംഗങ്ങളും അവിടെ സേവനം ചെയ്യുന്നു.ആഫ്രിക്കൻ വൻകരയിൽ പ്രേഷിതശുശ്രൂഷ ഏറ്റവും ആവശ്യമായിരിക്കുന്ന രാജ്യമാണ് മഡഗാസ്‌കർ. അജപാലന, സാമൂഹ്യസേവന, വിദ്യാഭ്യാസ രംഗങ്ങളിൽ നമ്മുടെ സാന്നിധ്യവും സേവനവും മലഗാസി സഭ കാത്തിരിക്കുന്നു. സുവിശേഷവൽക്കരണത്തിന് മൂന്നാം സഹസ്രാബ്ദത്തിൽ അനന്തസാധ്യതകളുള്ള പ്രദേശമാണ് ആഫ്രിക്കയും മഡഗാസ്‌കറും. അതിനുള്ള സാഹചര്യവും സ്വാതന്ത്ര്യവും നമുക്കവിടെ ലഭ്യമാണ്. ജനങ്ങളും ഭരണാധികാരികളും സഭാനേതൃത്വവും സന്യസ്തരിൽ വിശ്വാസമർപ്പിക്കുന്നവരും പ്രവർത്തനങ്ങളിൽ ഏറെ തൽപരരുമാണ്.ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ വൻകരയുടെ ദക്ഷിണഭാഗത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ നാലാമത്തെ വലിയ ദ്വീപാണ് മഡഗാസ്‌കർ. 1500-ൽ പോർത്തുഗീസ് നാവികനായ ദിയാഗോഡയസ്സാണ് ഈ ദ്വീപ് കണ്ടെത്തിയത്. 1896-ൽ മഡഗാസ്‌കർ ഒരു ഫ്രഞ്ച് കോളനിയായി മാറി. 1960 ജൂൺ 26-ന് ഈ ഫ്രഞ്ച് കോളനി മലഗാസി ഡിമോക്രാറ്റിക് റിപ്പബ്ലിക്ക് എന്ന സ്വതന്ത്ര ആഫ്രിക്കൻ രാഷ്ട്രമായിത്തീർന്നു.മഡഗാസ്‌കർ റിപ്പബ്ലിക്കിന്റെ വിസ്തീർണ്ണം 587, 341 ചതുരശ്ര കിലോമീറ്ററാണ്. മലഗാസിയും ഫ്രഞ്ചുമാണ് പ്രധാന ഭാഷകൾ. ജനസംഖ്യ 17 മില്യനാണ്. ക്രിസ്തുമതമാണ് പ്രബലമതം. 60 ശതമാനം ജനങ്ങളും ക്രിസ്ത്യാനികളാണ്. ഇസ്ലാംമത വിശ്വാസികളും ധാരാളമുണ്ട്. ഗോത്രമതവിശ്വാസവും പൂർവ്വികാരാധനയും ജനസമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. മലഗാസി ഫ്രാങ്കാണ് നാണയം. 6500 മലഗാസി ഫ്രാങ്ക് ഒരു ഡോളറിന് തുല്യമത്രേ. കാർഷികരാജ്യമായ മഡഗാസ്‌കറിന്റെ സാമ്പത്തികനില ഒട്ടും സുരക്ഷിതമല്ല. നെല്ലും കാപ്പിയും വാനിലയുമാണ് പ്രധാന കൃഷികൾ. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ അഭാവവും പ്രകൃതിക്ഷോഭവും നിമിത്തം കൃഷികൾ നശിച്ചുകൊണ്ടിരിക്കുന്നു. ആശയവിനിമയോപാധികൾ തീർത്തും അപര്യാപ്തമാണ്. റോഡുകൾ വിരളമാണ്. ഉള്ളവയുടെ നില ശോചനീയമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കവും കൊടുങ്കാറ്റും മഡഗാസ്‌കറിന്റെ മുഖപ്രസാദത്തിന് മങ്ങലേൽപ്പിക്കുന്നു.സി.എം.ഐ സഭയുടെ തൃശൂർ ദേവമാതാ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ കെനിയ-മഡഗാസ്‌കർ റീജിയന്റെ ഭാഗമാണ് മുറണ്ടാവോ മിഷൻ. മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിടിയിലമർന്ന ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നമ്മുടെ മിഷനറിമാർ ചെയ്യുന്ന ജനോന്മുഖമായ സേവനങ്ങൾ മഡഗാസ്‌കർ സർക്കാരിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിരിക്കുന്നു.പൂർവ്വീകന്മാരുടെ ആത്മാക്കളെ പ്രീതിപ്പെടുത്തുവാൻ 14 തലമുറകൾക്ക് ബലികാഴ്ചകളർപ്പിക്കുന്ന മലഗാസി മൃതസംസ്‌കാരകർമ്മങ്ങളിലെ ക്രൈസ്തവോചിതമല്ലാത്തതും സാമ്പത്തിക ഭാരമുളവാക്കുന്നതുമായ ചടങ്ങുകൾ മാറ്റി പകരം ഇടവകയോടനുബന്ധിച്ച് സെമിത്തേരി നിർമ്മിക്കുന്നതിനുള്ള പോളച്ചന്റെ ധീരമായ നീക്കങ്ങൾ വിജയമകുടം ചൂടിയിരിക്കുന്നു. മുറണ്ടാവോ രൂപതയിൽ നാം നടത്തുന്ന മഹാബു ഇടവകയിൽ ഉയർന്നുനിൽക്കുന്ന സെമിത്തേരി ചാപ്പൽ ആ വിജയത്തിന്റെ തിളക്കമാർന്ന പ്രതീകമാണ്. ആദ്യമൊക്കെ വലിയ എതിർപ്പുകൾ സഭാധികാരികളുടെ ഭാഗത്തുനിന്നുപോലും ഉണ്ടായി. പക്ഷേ സാവകാശത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹ്യനീതിയ്‌ക്കെതിരായ സ്ഥാപിതതാൽപര്യക്കാരുടെ നിഗൂഢനീക്കങ്ങളെ പരാജയപ്പെടുത്തുന്നതിനും ശബ്ദിക്കാൻ ശക്തിയില്ലാത്തവരുടെ നാവായിത്തീരുന്നതിനുമുള്ള ഫാ.പോൾ മോസ്സസിന്റെ പരിശ്രമങ്ങൾ ജനപ്രിയമായിക്കഴിഞ്ഞു.മുറണ്ടാവോ രൂപതയിൽ സിഎം.ഐ വൈദികർ നടത്തുന്ന അങ്കിലിസാത്തു ഇടവകയിലെയും മഹാബു ഇടവകയിലെയും ദൈവജനം ഞങ്ങൾക്ക് നൽകിയ വർണ്ണോജ്വലമായ സ്വീകരണങ്ങൾ ഇന്നും മനസ്സിൽ പച്ചകെടാതെ നിൽക്കുന്നു. വിശുദ്ധ ബലിക്കിടയിൽ താറാവും കോഴിയും ധാന്യവും കായ്കനികളും ഭക്ഷണപാനീയങ്ങളും തുണിത്തരങ്ങളും കാഴ്ചയർപ്പിക്കാനായി വന്ന ദൈവജനത്തിന്റെ നീണ്ട നിര വിസ്മയമുളവാക്കുന്നതായിരുന്നു. മലഗാസിയിലെ നിരക്ഷരരും ദരിദ്രരും വിശ്വാസവെളിച്ചത്തിനുവേണ്ടി ദാഹിക്കുന്നവരുമായ ഗ്രാമീണ ജനങ്ങളെ യഥാർത്ഥമായ സ്വാതന്ത്ര്യത്തിലേക്കും പുരോഗതിയിലേക്കും അതുവഴി വിശ്വാസത്തിലേക്കും നയിക്കുവാൻ സാധിക്കുന്നതിൽ ചെറിയ പ്രേഷിതഗണമായ മിഷനറിമാർ സംതൃപ്തരാണ്.ഇതിനകം അനേകായിരങ്ങൾക്ക് ജ്ഞാനസ്‌നാനം നൽകുന്നതിന് അവർക്ക് കഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്കായി നടത്തുന്ന ബോർഡിംഗുകളിലൂടെയും ഫുഡ് ഫോർ വർക്കിലൂടെയും പാവപ്പെട്ടവർക്ക് സുവിശേഷദൗത്യമെത്തിക്കുവാൻ സാധിച്ചിട്ടുണ്ട്.മഡഗാസ്‌കറിൽ തങ്ങളുടെ പ്രേഷിതപ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ കേരളസഭയിൽനിന്ന് കൂടുതൽ സഹപ്രവർത്തകരെ അവർ പ്രതീക്ഷിക്കുന്നുമുണ്ട്.
ഫാ. ജോസ് ചിറ്റിലപ്പിള്ളിSource: Sunday Shalom