News >> വൈദികരുടെ ജൂബിലിയാചരണം ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെ
വൈദികരുടെ ജൂബിലിയാഘോഷം ജൂണ്‍ 1-മുതല്‍ 3-വരെ : ബുധന്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ വത്തിക്കാനില്‍! പാപ്പാ ഫ്രാന്‍സിസ് വൈദികരുടെ രാജ്യാന്തര കൂട്ടായ്മയെ ധ്യനിപ്പിക്കും അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും.
ജൂണ്‍ 1-ാം തിയതി ബുധനാഴ്ച : പ്രഥമദിനം രാവിലെ റോമിലെ ജൂബിലി ദേവാലയങ്ങളില്‍ ഭാഷാടിസ്ഥാനത്തിലുളള വൈദികരുടെ കൂട്ടായ്മകളുടെ ആരാധന, കുമ്പസാരം, പൊതുവായ യാമപ്രാര്‍ത്ഥനകള്‍ എന്നിവയോടെ ആരംഭിക്കും. (ഇറ്റാലിയന്‍, ഇംഗ്ലിഷ്, പോളിഷ്, സ്ഫാനിഷ്, ഫ്രഞ്ച്, ജെര്‍മ്മന്‍, പോര്‍ച്ചുഗീസ് എന്നിങ്ങനെയാണ് ഏഴു ഭാഷാഗ്രൂപ്പുകള്‍). ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന വൈദികരെ ഏഴു വലിയ ഭാഷാഗ്രൂപ്പുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. അന്നു തന്നെ വൈകുന്നേരം വൈദികര്‍ കൂട്ടമായി വത്തിക്കാനിലെ വിശുദ്ധകവാടം കടന്ന് പത്രോസ്ലാഹായുടെ ബസിലിക്കയില്‍ പ്രാര്‍ത്ഥിക്കും. അതുപോലെ വിവിധ ഭാഷാഗ്രൂപ്പുകള്‍ വൈകുന്നേരം പ്രാദേശിക സമയം 5.30-ന് സമൂഹബലിയര്‍പ്പിക്കുന്നതോടെയാണ് പ്രഥമദിന പരിപാടികള്‍ സമാപിക്കുന്നത്.
രണ്ടാം ദിവസമായ വ്യാഴാഴ്ച ജൂണ്‍ രണ്ടാം തിയതി :മുഖ്യഇനം പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന മൂന്നു ധ്യാനങ്ങളാണ്. പ്രാദേശിക സമയം രാവിലെ 10- നും 12-നും പിന്നെ ഉച്ചതിരിഞ്ഞ് 4-മണിക്കും പാപ്പാ വൈദികര്‍ക്ക് ധ്യാനചിന്തകള്‍ നല്ക്കും. വൈകുന്നേരം 5.30ന് അതാതു ഭാഷാഗ്രൂപ്പുകളായി വൈദികര്‍ സമൂഹബലി അര്‍പ്പിക്കും.
മൂന്നാം ദിവസം ജൂണ്‍ മൂന്നാം തിയതി :വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാള്‍. രാവിലെ പ്രാദേശിക സമയം 9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിയില്‍ വചനചിന്തകള്‍ പങ്കുവയ്ക്കും.വൈദികന്‍ നല്ലിടയന്‍റെ പ്രതിരൂപം - മനുഷ്യരുടെമദ്ധ്യേ അവരുടെ ദാസനാകുന്ന ദൈവികകാരുണ്യത്തിന്‍റെയും അനുകമ്പയുടെയും മനുഷ്യന്‍ ! വൈദികരുടെ ജൂബിലി ആചരണത്തിന്‍റെ ആപ്തവാക്യമാണിത്.ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും, വത്തിക്കാന്‍റെ ആരാധനക്രമകാര്യാലയവും ചേര്‍ന്നാണ് വൈദികരുടെ ജൂബിലിയാഘോഷങ്ങളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയത്. വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പരിപാടികള്‍ക്ക് നേതൃത്വംനല്കും. Source: Vatican Radio