News >> നല്ലൊരു നാളേയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം : സ്കോളാസ് ഒക്കുരേന്തസ് കൂട്ടായ്മ
നല്ലൊരു നാളേയ്ക്കായി ഒരുമിച്ചു നീങ്ങണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സ്ക്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുടെയും രാജ്യാന്തര സഹകരണ പ്രസ്ഥാനം,
Scholas Occurrentes-ന്‍റെ രാജ്യാന്തര പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മെയ് 29-ാം തിയതി ഞായറാഴ്ച വൈകുന്നേരം വത്തിക്കാനിലെ സിനഡു ഹാളിലാണ് സംഗമം നടന്നത്.യുവജനങ്ങളെയും കുട്ടികളെയും തുണയ്ക്കുന്നതിന് ബ്യൂനസ് ഐരസിന്‍റെ മെത്രാനായിരുന്ന കാലത്ത് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടതാണ് സ്ക്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂട്ടിയിണക്കുന്ന രാജ്യാന്തര ഉപവി പ്രസ്ഥാനം -
Scholas Occurrentes. സ്ക്കൂളുകളുടെ കൂട്ടായ്മയെന്നാണ് ഈ ലത്തീന്‍ നാമത്തിന് അര്‍ത്ഥം. സംഘടനയുടെ പ്രവര്‍ത്തകരും പ്രയോക്താക്കളുമായി ഇത്തവണ പ്രശസ്ത നടന്മാര്‍ ജോര്‍ജ്ജ് ക്ലൂനി, റിച്ചാര്‍ ജെരെയും, പിന്നെ മെക്സിക്കന്‍-അമേരിക്കന്‍ നടി സല്‍മാ ഹയെക്കും പൊതുസമ്മേളനത്തിലും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കും സന്നിഹിതരായിരുന്നു. കൂട്ടായ്മയില്‍ പങ്കുചേരേണ്ടത് അനുദിനജീവിതത്തിന്‍റെ ആവശ്യമാണ്. നാം ഒരു പ്രസ്ഥാനത്തിന്‍റെയും, കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സംഘടയുടെയും ഭാഗമായിരുന്നെങ്കിലേ നന്മചെയ്യുവാനും പങ്കുവയ്ക്കുവാനും സാധിക്കുകയുള്ളൂ. വ്യക്തിപരമായി ചെയ്യാവുന്ന നന്മകള്‍ക്ക് പരിമിതിയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കൂട്ടായ്മയുടെയോ, പ്രസ്ഥാനത്തിന്‍റെയോ സമൂഹത്തിന്‍റെയോ ഭാഗമാകുന്നത് വിനീതഭാവമാണ്. ദാര്‍ഷ്ഠ്യവും അഹങ്കാരവും വെടിഞ്ഞാല്‍ മാത്രമേ ഈ ലോകത്ത് നമുക്ക് ഒരുമിച്ചു നീങ്ങുവാനും നന്മചെയ്യുവാനും സാധിക്കുകയുള്ളൂവെന്ന് പാപ്പാ രാജ്യാന്തര പ്രതിനിധികളെ ഉദ്ബോധിപ്പിച്ചു.വ്യക്തികള്‍ വേറിട്ടുനില്ക്കുന്നത് ഇന്നിന്‍റെ ഡിജിറ്റല്‍ മാധ്യമ ലോകത്തിന്‍റെ സൃഷ്ടിയും സ്വകാര്യതയും സൗകര്യവുമാണ്. കുടുംബങ്ങളിലും, സമൂഹങ്ങളിലും പ്രസ്ഥാനങ്ങളിലും വ്യക്തികള്‍ വേറിട്ടു നില്ക്കുമ്പോള്‍ അത് ശത്രുതയുടെയും വിദ്വേഷത്തിന്‍റെയും വിനാശകരമായ അവസ്ഥ വളര്‍ത്തുന്നു. പാപ്പാ ഉദ്ബോധിപ്പിച്ചു. മറിച്ച് വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളെയും കോര്‍ത്തിണക്കുന്ന പാലം പണിയാനാകുന്നത് സംവാദവും, സാഹോദര്യവും സൗഹൃദവുമാണ്. അത് കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്തുന്നു. പാപ്പാ വ്യക്തമാക്കി. ക്രൂരവും കലുഷിതവുമായ ലോകത്താണ് നാം ജീവിക്കുന്നത് സംശയമില്ല. കൊലയും കൊലപാതകവും, അഭ്യന്തര കലാപങ്ങളും, യുദ്ധവും വര്‍ദ്ധിച്ചൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആഫ്രിക്കയില്‍ ജോലിചെയ്യുന്ന ഒരു സന്ന്യസിനി അയച്ചുകൊടുത്ത, ഭീകരരുടെ വെടിയേറ്റു മരിച്ച പിഞ്ചുബാലന്‍റെ ചിത്രം എല്ലാവര്‍ക്കും പാപ്പാ കാണിച്ചുകൊടുത്തു. തുടര്‍ന്നും പറഞ്ഞു, ഇങ്ങനെയുള്ളൊരു ലോകത്ത് പ്രത്യാശ കൈവെടിയാതെ നമുക്ക് കൈകോര്‍ത്തു നീങ്ങാം, ഒരുമിച്ചു മുന്നേറാം. നിങ്ങളുടെ ഔദാര്യത്തെ ദൈവം അനുഗ്രഹിക്കട്ടെ! നിങ്ങളെ അവിടുന്ന് സംരക്ഷിച്ച് അവിടുത്തെ മുഖകാന്തി നിങ്ങളുടെ നേരെ തിരിക്കട്ടെ! അവിടുത്തെ കൃപയാല്‍ നിങ്ങള്‍ക്ക് സമാധാനം നില്ക്കട്ടെ, എന്ന പൊതുവായ ആശീര്‍വാദമാണ് പാപ്പാ
Scholas Occurrentes പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കു നല്കിയത്. ഏവരുടെയും സാന്നിദ്ധ്യത്തിന് നന്ദിപറഞ്ഞു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.Source: Vatican Radio