News >> ജൈനമതക്കാരുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ നേര്‍ക്കാഴ്ച


ജൂണ്‍ ഒന്നാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള പ്രത്യേക വേദിയില്‍ ലണ്ടനില്‍നിന്നും എത്തിയ  ജൈനമതത്തിന്‍റെ പ്രയോക്താക്കളായ സംഘടന, Institute for Jainology, London-ന്‍റെ അംഗങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. അഹിംസ, കാരുണ്യം എന്നിങ്ങനെയുള്ള ജൈനമതത്തിന്‍റെ അടിസ്ഥാന ആദര്‍ശങ്ങള്‍ പ്രബോധിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 1986-ല്‍ സ്ഥാപിതമായിട്ടുള്ളതാണ് ഈ സ്ഥാപനം. ഭാരതത്തില്‍ ഗുജറാത്തിലുള്ള ജെയിന്‍ കേന്ദ്രത്തിന്‍റെ സഹോദരസ്ഥാപനമാണിത്.

കൂടിക്കാഴ്ചയിലും കൂട്ടായ്മയിലും താന്‍ ഏറെ സന്തോഷിക്കുന്നുവെന്നും, കാരുണ്യത്തിന്‍റെ ഉദ്യമത്തെ ശ്രേഷ്ഠമായി കാണുന്നുവെന്നും ആമുഖമായി പാപ്പാ പ്രസ്താവിച്ചു. കാരണം പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനുള്ള ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട കൂട്ടായ്മയും കൂടിക്കാഴ്ചയുമാണിത്.   സൃഷ്ടി ദൈവത്തിന്‍റെ ദാനമാണ്. അതില്‍ തെളിഞ്ഞുനില്ക്കുന്ന പ്രകൃതി ദൈവികസ്നേഹത്തിന്‍റെ പ്രതിഫലനമാണ്. ഭൂമിയുടെ ഈ ദൈവികപ്രതിച്ഛായയെ പരിരക്ഷിക്കുവാനും ആദരിക്കുവാനുമുള്ള കൂട്ടുത്തരവാദിത്ത്വമാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ജീവിതയാത്രയില്‍ മനുഷ്യര്‍ക്ക് തുണയും സംരക്ഷണവും നല്കുന്ന അമ്മയെപ്പോലെയാണ് ഭൂമി, അല്ലെങ്കില്‍ സഹോദരി ഭൂമി. ലോലമായ പ്രകൃതിയുടെ പരിചരണത്തെയും സമാധാനപരമായ ജീവിതത്തെയും സംബന്ധിച്ച ജൈനമതത്തിന്‍റെ പ്രബോധനരീതിയെ പാപ്പാ ശ്ലാഘിച്ചു. അത് ഏറെ മഹത്തരമാണെന്ന് പ്രസ്താവിച്ചു. സന്ദര്‍ശനത്തിനു നന്ദി. ഭൂമിയെ പരിചരിക്കുന്നതും സംരക്ഷിക്കുന്നതും മാനവികതയെ പരിചരിക്കുന്നതിനും സഹായിക്കുന്നതിനും തുല്യമാണ്. പാരിസ്ഥിതികമായ ഈ പൊതുദര്‍ശനം എന്നും നമ്മെ സാഹോദര്യത്തില്‍ ഒന്നിപ്പിക്കട്ടെ! ഈ ആശംശയോടെയാണ് പാപ്പാ ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.

ജയിന്‍ കൂട്ടായ്മയ്ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നുകൊണ്ട് പേപ്പല്‍ വാഹനത്തിലേറി പാപ്പാ പൊതുകൂടിക്കാഴ്ചാ പരിപാടിക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വേദിയിലേയ്ക്ക് ജനമദ്ധ്യത്തിലൂടെ നീങ്ങി.

Source: Vatican Radio