News >> കൊച്ചു വെറോനിക്കയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യസ്പര്‍ശം
ജൂണ്‍ ഒന്ന് ബുധനാഴ്ച, ഇന്ന് രാജ്യാന്തര ശിശുദിനം! ആയിരങ്ങള്‍ തിങ്ങിനിന്ന പൊതുകൂടിക്കാഴ്ചാ വേദിയിലെ ഒരു അത്യപൂര്‍വ്വ രംഗമായിരുന്നു പാപ്പാ ഫ്രാന്‍സിസും വെറോനിക്ക ബറോണിയുമായുള്ള കൂടിക്കാഴ്ച.പത്തു വയസ്സുകാരി വെറോനിക്ക കാന്തെരോ ബറോണി അര്‍ജന്‍റീന സ്വദേശിനിയാണ്. ഇറ്റലിയിലെ സാഹിത്യ അക്കാഡമി സംഘടപ്പിച്ച കുട്ടികളുടെ രാജ്യന്തര രചനാമത്സരത്തില്‍ സ്പാനിഷ് വിഭാഗം ഗദ്യരചനയ്ക്കുള്ള പുരസ്ക്കാരം വാങ്ങാനാണ് റോമില്‍ എത്തിയത്. മെയ് 28-ാം തിയതി ശനിയാഴ്ച പുരസ്ക്കാരം സ്വീകരിച്ചു. പരിപാടിക്കുശേഷം നാട്ടുകാരനായ പാപ്പായെ കാണുവാനുള്ള ആഗ്രഹവുമായി വെറോനിക്കയും മാതാപിതാക്കളും രണ്ടു ദിവസംകൂടെ റോമില്‍ തങ്ങി.ജൂണ്‍ ഒന്നാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചാ വേദിയില്‍ പാപ്പായെ നേരില്‍ കാണുവാനും അഭിനന്ദനവും ആശീര്‍വ്വാദവും സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി. തന്‍റെ രചനയായ ചെറുഗ്രന്ഥം (mis sueos) 'എന്‍റെ കൊച്ചുസങ്കല്പങ്ങള്‍' അവള്‍ പുഞ്ചിരിയോടെ 'വീല്‍ ചെയറി'ല്‍ ഇരുന്നുകൊണ്ടു പാപ്പായ്ക്കു സമ്മാനിച്ചു. പാപ്പാ ഫ്രാന്‍സിസ് അവളുടെ ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ഇനിയും എഴുതണമെന്നു പറഞ്ഞു. പ്രോത്സാഹിച്ചു. അത്യപൂര്‍വ്വ നാഡീ രോഗഗ്രസ്ഥയായ കുഞ്ഞു വെറോനിക്കയുടെ വലതുകൈയും കാലും സ്വാധീനക്കുറവുള്ളതും ശുഷ്ക്കിച്ചതുമാണ്. ഇടതുകൈയ്യുടെ സഹായത്തോടെ കംപ്യൂടറിലാണ് എഴുത്തും വായനയുമെല്ലാം.പാപ്പായുടെ സാന്ത്വനസാമീപ്യം തനിക്ക് സൗഖ്യവും ആത്മധൈര്യവും പകരുന്നതായിരുന്നെന്ന് പിന്നീട് വത്തിക്കാന്‍ റേഡിയോയോട് വെറോനിക്ക പങ്കുവച്ചു. പാപ്പാ ഫ്രാന്‍സിസിനെ കണ്ട സംപ്തിയും നവോന്മേഷവുമായിട്ടാണ് താന്‍ നാട്ടിലേയ്ക്കു മടങ്ങുന്നതെന്നും അവള്‍ തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു.Source: Vatican Radio