News >> കാരുണ്യം പെയ്തിറങ്ങി: മാർ ജേക്കബ് മുരിക്കൻ വൃക്ക ദാനം ചെയ്തു


എറണാകുളം:ലോകമെങ്ങുമുള്ള അനേകരുടെ പ്രാർത്ഥനകൾ സഫലമായി. പാലാ രൂപത സഹായമെത്രാനായ മാർ ജേക്കബ് മുരിക്കൻ കാരുണ്യവർഷത്തിൽ കാരുണ്യമെന്തെന്ന് തന്റെ വൃക്കദാനത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ ഇ. സൂരജിനാണ് അദേഹം തന്റെ വൃക്കകളിലൊന്ന് നൽകിയത്.

എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്ക് ഡോ. ജോര്ജ് പി. ഏബ്രാഹം, ഡോ.മോഹൻ എ. മാത്യു,ഡോ. എബി എബ്രഹാം എന്നീ ഡോക്ടർമാർ അടങ്ങിയ ടീമാണ് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ അഞ്ചരമണിക്കൂർ നീണ്ടുനിന്നു.

20166536

" ഇത് ചരിത്രത്തിലെ സുവർണ നിമിഷങ്ങളാണെന്ന് ശസ്ത്രക്രിയക്ക് വേണ്ടി അനസ്‌തേഷ്യ നൽകിയ ഡോക്ടർ മോഹൻസൺഡേശാലോമിനോട് പറഞ്ഞു. "ലോക മാധ്യമങ്ങൾക്കും മനുഷ്യമനഃസാക്ഷിക്കും ഉദാത്തമായ ക്രിസ്തീയ സന്ദേശമാണ് മാർ മുരിക്കൻ നടത്തിയ വൃക്കദാനം. അക്രൈസ്തവനായ സൂരജിന് ക്രിസ്തുവിന്റെ വാക്കനുസരിച്ച് വൃക്ക നൽകാൻ അദേഹം തയ്യാറായി. എല്ലാ മതവിശ്വാസികൾക്കും ഇത് വലിയ സന്ദേശവും പ്രത്യാശയുമാണ് നൽകുന്നത്."

"ബിഷപ് മുരിക്കന്റെ കിഡ്‌നി സൂരജിന് അനുയോജ്യമാണെന്ന് തെളിഞ്ഞത് തന്നെ മഹത്തായ ദൈവത്തിന്റെ പദ്ധതിയാണെന്നും ഡോക്‌ടേഴ്‌സ് കൂട്ടിച്ചേർത്തു.നേരത്തെ ഇതു സംബന്ധിച്ച നിയമപരമായ നടപടികൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായിരുന്നു. "ദൈവം നൽകിയ അനുഗ്രഹമാണിതെന്നും ബിഷപ് മുരിക്കന്റെ കിഡ്‌നി ദാനത്തിലൂടെ കേരളം അവയവദാനത്തിന് മറ്റൊരു മുഖം നൽകിയെന്നും ശസ്ത്രക്രിയക്കുശേഷം ഫാ.ഡേവിസ് ചിറമ്മൽ പറഞ്ഞു. ജീവിച്ചിരിക്കെ ഒരു ബിഷപ് വൃക്കദാനം നടത്തുന്നത് ഇതാദ്യമാണ്. വളരെ നിർധന കുടുംബത്തിലെ അംഗമാണ് സൂരജ്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സുമനസുകൾ നൽകാൻ മുന്നോട്ട വന്നത് കുടുംബത്തിന് ഒട്ടേറെ ആശ്വാസമായി. ഇതൊരു മതസാഹോദര്യത്തിന്റെ അപൂർവ നിമിഷങ്ങൾ കൂടിയായി മാറി.

ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷത്തോട് ചേർന്നുനിന്നുള്ള പ്രവൃത്തി എന്ന നിലയിലാണ് താൻ ഇതിനെ വീക്ഷിക്കുന്നതെന്ന് മാർ ജേക്കബ് മുരിക്കൻ മുമ്പ് സൺഡേശാലോമിനോട് സൂചിപ്പിച്ചിരുന്നു. കിഡ്‌നി ദാനം ചെയ്യുവാൻ ശരിക്കും താൽപര്യമുണ്ടായതെന്ന് ചോദിച്ചപ്പോൾ പിതാവ് സരസമായി പറഞ്ഞത്, "ജീവിക്കുമ്പോൾ ഇതൊയൊക്കെ അല്ലേ നാം ചെയ്യേണ്ടതെന്നായിരുന്നു".
പാലാ രൂപത സഹായമെത്രാന്റെ ഈ എൻട്രി കത്തോലിക്കസഭയ്ക്ക് മുഴുവൻ ആത്മീയ ചൈതന്യം പകരുന്ന ഒരു ദാനമായിട്ടാണ് ലോകം കാണുന്നത്.

Source: Sunday Shalom