News >> വൈദികനെ തട്ടിക്കൊണ്ടുപോയതിന് 11 പേർ അറസ്റ്റിൽ


കോയമ്പത്തൂർ: വൈദികനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട 'മക്കൾ ദേശം കക്ഷി' സംഘടനാംഗങ്ങളായ 11 പേരെ ഗൂഡല്ലൂർ പോലിസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര, പത്തനാപുരം, പറങ്ങാമൂട്ടിൽ ഫാ. ജോസഫ് ജോർജിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. വൈദികൻ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സകുടുംബമാണ് ഗൂഡല്ലൂരിൽ എത്തിയത്. തൊറപ്പള്ളിയ്ക്കടുത്ത് മുളപ്പള്ളിയിലെ ഹോട്ടലിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. വൈദികനെയും കുടുംബത്തെയും നിരീക്ഷിച്ചശേഷമാണ് പ്രതികൾ ഇവരുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയത്. തന്റെ കൂടെ വന്നില്ലെങ്കിൽ കൊലക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രധാന പ്രതി ആശൈ തമ്പി എന്നയാൾ വൈദികനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. പാടത്തറയ്ക്ക് സമീപത്തെ വനത്തിനോട് ചേർന്ന ഇയാളുടെ വീട്ടിലാണ് വൈദികനെ പൂട്ടിയിട്ടത്. പത്തുലക്ഷം രൂപ തന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വൈദികൻ സഹോദരി ഭത്താവ് അലക്‌സാണ്ടർ ജോർജിനെ വിളിച്ചറിയിച്ചു. അലക്‌സാണ്ടർ ഗൂഡല്ലൂർ പോലിസുമായി ബന്ധപ്പെട്ടശേഷം മോചനദ്രവ്യവുമായി എത്തി. ഗൂഡല്ലൂർ ഡി.വൈ.എസ്.പി ശ്രീനിവാസലുവിന്റെ നേതൃത്വത്തിലുള്ള പോലിസ് ടീം, മഥ്തിയിൽ വൈദികന്റെ ബന്ധക്കളായി അവരുടെ കൂടെ ചേർന്നു. മറ്റൊരു പോലിസ് സംഘം ഇവരെ അനുഗമിച്ചു. മോചനദ്രവ്യം കൈമാറുന്ന സമയത്ത് പോലിസ് സംഘം പ്രതികളെ കീഴ്‌പ്പെടുത്തുകയുണ്ടായി. പ്രതികളിൽ അഞ്ചുപേർ ഉണ്ടായിരുന്ന കാറിൽ വൈദികൻ ഇല്ലായിരുന്നു. പോലിസ് സംഘം വേണ്ട രീതിയിൽ ഇവരെ ചോദ്യം ചെയ്തപ്പോൾ, വൈദികൻ ആശൈ തമ്പിയുടെ വീട്ടിലുണ്ടെന്ന് അറിയിച്ചു. പോലിസ് സംഘം അവിടെ എത്തിയാണ് ഫാ. ജോസഫ് ജോർജിനെ മോചിപ്പിച്ചത്. വൈദികനെ ഇവർ മർദിച്ചിരുന്നു.

ആശൈ തമ്പി എന്ന പ്രധാന പ്രതി തിരുനൽവേലി സ്വദേശിയാണ്. അഡ്വക്കേറ്റായ ഇയാൾ സ്വന്തമായി രൂപീകരിച്ചതാണ് 'മക്കൾ ദേശം കക്ഷി' എന്ന സംഘടന. ഇയാൾ നാല് കൊലക്കേസുകളിൽ പ്രതിയാണ്. ഇപ്പോൾ ഗൂഡല്ലൂരിലാണ് താമസം.

ആനന്ദ് (32), റഷീദ് (33), നിഷാന്ത് (24), സുധാകർ (31), സുലൈമാൻ (31), ഭാരതി (38), ശിവകുമാർ (30), കാസിം (33), തിരുശെൽവം (30), സിറാജ് (29) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ.

Source: Sunday Shalom