News >> കനിവിന്റെ മാലാഖ ദീനദാസി മദർ പേത്ര


ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹത്തിന്റെ സുനാമി തിര ഹൃദയത്തിൽ വന്നു നിറഞ്ഞപ്പോൾ അത് കാരുണ്യത്തിന്റെ അലകടലായി. കണ്ണൂരിനടുത്ത് പട്ടുവം ഗ്രാമം കേന്ദ്രമാക്കി 'ദീനസേവനസഭ' ആരംഭിച്ച ദൈവദാസി മദർ പേത്രയുടെ ജീവിതാനുഭവം അതായിരുന്നു. എന്നാൽ, ഒരു റോഡപകടത്തിൽ മരണപ്പെട്ട് എല്ലാവരേയും കണ്ണീർ കടലിലാഴ്ത്തി ആ കനിവിന്റെ മാലാഖ പറന്നകന്നിട്ട് 40 വർഷം തികയുന്നു. ഈ ജൂൺ ആറാം തിയതി അനുസ്മരണചടങ്ങുകൾ നടക്കുമ്പോൾ മദർ പേത്രയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളുടെ രൂപതാതല പ്രവർത്തനങ്ങളുടെ സമാപന പ്രഖ്യാപനം സഭാസ്ഥാപനദിനമായ ജൂൺ ഒന്നിന് നടക്കുകയാണ്.

മദർ പേത്രയുടെ ധന്യജീവിതം ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തിയത് പോപ്പ് ഫ്രാൻസീസിന്റെ 'സ്‌നേഹത്തിന്റെ സന്തോഷം ' (The Joy of Love )  എന്ന പുതിയ പ്രബോധന രേഖയാണ്. ആധുനിക കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങൾക്ക് നേരിടുന്ന വെല്ലുവിളികളെ വിഷയമാക്കി റോമിൽ നടത്തിയ സിനഡുകളിലെ വിചിന്തനത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഔദ്യോഗിക പ്രബോധനമാണത്. അതിന്റെ ഏറ്റവും മിഴിവാർന്ന ഭാഗം നാലാം അദ്ധ്യായത്തിലെ വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ ഏഴുതിയ സിനേഹഗീതത്തിന്റെ ( 1കൊറി.13) അതിമനോഹരമായ വ്യാഖ്യാനമാണ്.കുടുംബസ്‌നേഹത്തിന്റെ വിവിധ മാനങ്ങളെപ്പറ്റിയാണ് ഫ്രാൻസീസ് പാപ്പായുടെ വ്യാഖ്യാനവും വിവരണവുമെങ്കിലും മദർ പേത്രയുടേതുപോലുള്ള ധന്യ ജീവിതങ്ങളിൽ കറ പുരളാത്ത ഈ സ്‌നേഹത്യാഗത്തിന്റെ മാഹാത്മ്യം നമുക്ക് തിരിച്ചറിയാനാവും.

ഫ്രാൻസീസ് പാപ്പാ 'സ്‌നേഹത്തിന്റെ സന്തോഷ' ത്തിൽ എഴുതുന്നു: "സ്‌നേഹത്തിന് എപ്പോഴും അഗാതമായ കാരുണ്യത്തിന്റെ ഒരു വശമുണ്ട് " (P.92). 'സ്‌നേഹം സഹായം ചെയ്യാൻ എപ്പോഴും തയ്യാറാണ്.' (P.93). വിശുദ്ധ ഇഗനേഷ്യസ് ലയോളയുടെ വാക്കുകളിൽ, 'സ്‌നേഹം വാക്കുകൾ കൊണ്ട് എന്നതിനനേക്കാൾ കൂടുതലായി പ്രവർത്തികൾ കൊണ്ട് കാണിക്കപ്പെടുന്നു'. അത് അങ്ങനെ അതിന്റെ ഫലദായകത്വം കാണിക്കുന്നു. നല്കുന്നതിന്റെ സന്തോഷം അനുഭവിക്കാൻ അത് അനുവദിക്കുന്നു. തിരിച്ചു തരാൻ ചോദിക്കാതെ, നല്കുന്നതിന്റെയും സേവിക്കുന്നതിന്റെയും സന്തോഷത്തിനുവേണ്ടിമാത്രം, നമ്മെത്തന്നെ ഉദാരതയോടെ ചെലവഴിക്കുന്നതിന്റെ കുലീനതയും മഹത്വവും അനുഭവിക്കാൻ അനുവദിക്കുന്നു.'(ജ.94). മദർ പേത്രയുടെയും ജീവിതം അഗാധമായ കാരുണ്യത്തിന്റെയും ഉദാരമായി തന്നെത്തന്നെ സമർപ്പിച്ചതിന്റെ മഹത്വത്തിന്റെയും ഫലദായകത്വത്തിന്റെയും ഉദാഹരണമാണ്. ഉത്തരമലബാറിന്റെ മലയോര പ്രദേശങ്ങളിലും കുഗ്രാമങ്ങലിലും പാർശ്വവൽക്കരിക്കപ്പെട്ട അതി ദരിദ്രരായ മനുഷ്യമക്കൾക്ക് അജ്ഞതയുടേയും അന്ധകാരത്തിന്റെയും പട്ടിണിയുടെയും മറ നീക്കി സുവിശേഷത്തിന്റെ ആനന്ദവും വിശ്വാസത്തിന്റെ വെളിച്ചവും കാരുണ്യത്തിന്റെ സ്‌നേഹ സ്പർശനവും നല്കിയത്യാഗിനിയാണ് മദർ പേത്ര ദീനദാസി.

ശുശ്രൂഷകനായ ക്രിസ്തുവിനെ ലോകത്തിന് നൽകുകയെന്ന കാരിസമാണ് മദർ പേത്ര ദീനദാസി ദീനസേവന സഭയുടെ സ്ഥാപനത്തിലൂടെ ലോകത്തിന് വെളിപ്പെയുത്തി തന്നത്. പാവപ്പെട്ടവരിൽ ഒരാളായിതീർന്നുകൊണ്ട് സ്‌നേഹത്തിലും ദാരിദ്ര്യത്തിലും അധിഷ്ഠിതമായ് സേവനം എന്ന ആപ്തവാക്യത്തോടുകൂടി കുഗ്രാമങ്ങളിലേക്ക് ഇറങ്ങിചെന്ന് ദരിദ്രർക്ക് ആവശ്യമായ സഹായങ്ങൾ പലതരത്തിലുള്ള വികസനപദ്ധതികളിലൂടെ ചെയ്തുകൊടുക്കുക, അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ കാര്യങ്ങളിൽ സഹായിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തികൊണ്ടുവരിക എന്ന ദൗത്യമാണ് ദീനദാസികൾ ഏറ്റെടുത്തിരിക്കുന്നത്. പുറം ലോകം അറിയാൻ ഇഷ്ടപ്പെടാത്ത കുഷ്ഠരോഗികൾക്ക് ദീനദാസികൾ അന്നും ഇന്നും ആശാകേന്ദ്രമാണ് കഠിനാദ്ധ്വാനവും, എളിയ ജീവിത രീതിയും ത്യാഗനിർഭരമായ ആതുര ശുശ്രൂഷയും പ്രാർത്ഥനയും ദീനദാസികളുടെ ആത്മീയതയുടെ ഇഴമുറിയാത്ത തന്തുക്കളാണ്. അതുകൊണ്ടാണ് ഈ പുണ്യചരിതയുടെ കാലശേഷം പ്രത്യക്ഷപ്പെട്ട എച്ച്. ഐ.വി./എയ്ഡ്‌സ് എന്ന അതിഭയാനകമായ രോഗത്തിന് അടിമപ്പെട്ടവരെ ശുശ്രൂഷിക്കുവാനുള്ള ധൈര്യം ദീനദാസികൾക്ക് ലഭിച്ചത്.

സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര സഹോദരങ്ങൾക്ക് പാർപ്പിടമായി, സങ്കേതമായി, വസ്ത്രമായി, ആഹാരമായി, മരുന്നായി, കുടിനീരായി, സാന്ത്വനമായി, സ്‌നേഹമായി, അറിവായി അവരിലേക്ക് ഇറങ്ങിച്ചെന്ന മദർ പേത്രയും അനുയായികളും ചിറയ്ക്കൽ മിഷന്റെ ജീവൻ തുടിക്കുന്ന സ്പന്ദനമായി ഇന്നും തങ്ങളുടെ ശുശ്രൂഷകൾ തുടർന്നു പോരുന്നു. പാവപ്പെട്ട സ്ത്രീകൾക്ക് ജോലിക്ക് പോയി കുടുംബം പോറ്റുന്നതിന് അവരുടെ കൈക്കുഞ്ഞങ്ങളെ പരിരക്ഷിക്കുന്നതിന് തുടങ്ങിയ കിന്റർഗാർട്ടനും തൊഴിലുകൾ ചെയ്ത് ഉപജിവനം നടത്തുവാൻ തുടങ്ങിയ വർക്ക്‌ഷോപ്പുകളും കാർപെന്ററിയും തയ്യൽ കേന്ദ്രങ്ങളും മാതൃശിശുസംരക്ഷണ പദ്ധതികളും സ്വയം തൊഴിൽ പദ്ധതികളും ഡയറി,ഫോൾട്ടറി ഫാമുകളും, അനാഥർ, വയോ ൃദ്ധർ, ശാരീരിക വൈകല്ല്യത്താലും ബുദ്ധിവൈകല്ല്യത്താലും ആജീവനാന്തം നാലുഭിത്തികൾക്കുള്ളിൽ കഴിയാൻ വിധിക്കപ്പെട്ട പെൺകുട്ടികൾ, അവിഹിത മാതാക്കൾ, നവജാത ശിശുക്കൾ, തുടങ്ങിയവർക്കായുള്ള സംരക്ഷണകേന്ദ്രങ്ങൾ, പുഴുക്കളരിച്ച് ദുർഗന്ധം വമിക്കുന്ന മുറിവുകളുമായി സമൂഹം പുഛിച്ച് തള്ളിയിരുന്ന കുഷ്ടം , ആസ്തമ, കാൻസർ തുടങ്ങിയ രോഗത്തിനടിമകളായവർക്കുള്ള ശുശ്രൂഷകൾ എന്നിവയെല്ലാം മദർ പേത്രയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മകുടോദാഹരണങ്ങളാണ്.
ഫ്രാൻസീസ് പാപ്പായുടെ 'സ്‌നേഹത്തിന്റെ സന്തോഷ' ത്തിലേക്ക് ഒന്നുകൂടി തിരിച്ചുവരാം. പൗലോസ് അപ്പസ്‌തോലന്റെ സ്‌നേഹഗീതം വ്യാഖ്യാനിച്ചുകൊണ്ട് ഈ പ്രബോധല രേഖയിൽ വിവരിക്കുന്നു. "സ്‌നേഹിക്കുന്ന ഒരു വ്യക്തിക്ക് " മറ്റുള്ളവർക്കായി നന്മചെയ്യാൻ കഴിയുമ്പോൾ,അല്ലെങ്കിൽ മറ്റുള്ളവർ സന്തിഷ്ടരാണന്ന് കാണുമ്പോൾ അവർ തന്നെ സന്തോഷപൂർവ്വം ജീവിക്കുകയും അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാൽ, "സന്തോഷപൂർവ്വം കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു".(2 കൊറി 9:7) (P.110). സ്‌നേഹം സകലതും സഹിക്കുന്നു. പൗലോസ് ശ്ലീഹായുടെ ലിസ്റ്റ് "സകലതും" എന്ന വാക്കുകൾ ഉൾക്കൊള്ളുന്ന നാല് ശൈലികൾ കൊണ്ട് അവസാനിക്കുന്നു. സ്‌നേഹം എല്ലാം സഹിക്കുന്നു. സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലത്തേയും അതിജീവിക്കുന്നു. എന്തു ഭീഷണി ജീവിതത്തെ ഉലച്ചാലും സ്‌നേഹത്തിന്റെ പ്രതിസംസ്‌ക്കാര ശക്തി (Counter cultural power )  ഇവിടെ നാം വ്യക്തമായി കാണുന്നു. (P.111). മദർ പേത്രയുടെ വീരോചിതമായ ജീവിതത്തിലും വിശ്വാസം പകരുന്ന പ്രത്യാശയും സ്‌നേഹം തരുന്ന ശക്തിയും എന്നും നിഴലിച്ചിരുന്നു. അത് അവളെ അനന്യയാക്കി. ജീവിതകാലത്തുതന്നെ അനേകരുടെ മനസ്സിൽ പുണ്യസ്മരണകൾ ഉണർത്തി.

ഈ പാവന ചരിത 2009 ജൂൺ 14-ന് ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെട്ടു. ദൈവദാസിയുടെ ജീവിത വിശുദ്ധിയും പുണ്യങ്ങളും ഔദ്യോഗിഗമായി പഠിക്കുന്നതിന് നിയമിതമായ രൂപതാ കോടതി അംഗങ്ങളും ദൈവദാസിയുടെ രചനകളുടെ പഠനത്തിനായി നിയോഗിക്കപ്പെട്ട ദൈവശാസ്ത്ര വിദഗ്ദരും ചരിത്ര സമിതി അംഗങ്ങൾ ശേഖരിച്ച രേഖകളുടെയും പഠനത്തിന്റെയും റിപ്പോർട്ടും സീൽ വച്ച് മുദ്രണം ചെയ്ത് റോമിലേക്ക് അയക്കുന്നതോടുകൂടി ദൈവദാസി മദർ പേത്രയുടെ നാമകരണവുമായി ബന്ധപ്പെട്ട രൂപതാ തല നടപടികൾ പൂർത്തിയാവുകയാണ്. 2016 ജൂൺ 1-ന് പട്ടുവം സ്‌നേഹനികതൻ കോൺവെന്റ് ചാപ്പലിൽ വച്ച് രൂപതാതല നടപടികൾ പൂർത്തിയായതായി പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലേക്കുള്ള തുടർ നടപടികൾ റോമിൽ വച്ചായിരിക്കും നടക്കുക. ജൂൺ 6- ന് പട്ടുവത്തമ്മയുടെ 40-ാം ചരമ വാർഷികം സ്‌നേഹനികേതൻ കോൺവെന്റ് ചാപ്പലിൽ ആഘോഷിക്കുന്നതാണ്. ഈ അമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന പട്ടുവം ദീനസേവനസഭ ആശ്രമ ചാപ്പലിൽ വന്ന് തന്റെ സ്വർഗീയ മാദ്ധ്യസ്ഥ്യം തേടുന്ന അനേകരെ വരമായി ചൊരിഞ്ഞ് അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.സ്‌നേഹത്തിന്റെ സൂനാമി തിര നമ്മിൽ ഉണർത്തുവാനും, കാരുണ്യത്തിന്റെ അനുരണനങ്ങൾ നമ്മിലൂടെ വളർത്താനും മദർ പേത്രദീനദാസി സഹായിക്കട്ടെ

ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല
കണ്ണൂർ രൂപതാ മെത്രാൻ

Source: Sunday Shalom