News >> രാജസ്ഥാനിലെ ബ്രിട്ടീഷ് മിഷനറി
'ജന്മം കൊണ്ട് ബ്രിട്ടീഷുകാരനെങ്കിലും എന്നെ ഇന്ത്യയിലേക്ക് ദത്തെടുക്കുകയായിരുന്നു. ഭാരതമണ്ണിനെ- ഇവിടുത്തെ ജനങ്ങളെ ഞാൻ സ്‌നേഹിക്കുന്നു." രാജസ്ഥാനിലെ മിഷനറി ഫാ. ആർ.എച്ച് ലെസർ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. "കഴിഞ്ഞ 60 വർഷമായി ഭാരതഗ്രാമങ്ങളുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യയെക്കുറിച്ച് നല്ല ജ്ഞാനമുണ്ട്. ഇന്ത്യയിലെ ഗ്രാമീണ ഭാഷകൾ ഉൾപ്പെടെ പല ഭാഷകളിലും പ്രാവീണ്യവുമുണ്ട്. രാജസ്ഥാനിലെ അജ്മീർ തുടർന്ന് ഉദയപ്പൂർ തുടങ്ങിയ രൂപതകളിൽ വിവിധ മേഖലകളിൽ മിഷനറിയായി സേവനമനുഷ്ഠിച്ചു. നൂറോളം ഗ്രന്ഥങ്ങളും 5000 ത്തിലധികം ലേഖനങ്ങളും വിജ്ഞാനലോകത്തിന് സംഭാവന ചെയ്ത എഴുത്തുകാരൻ കൂടിയാണ് ഫാ. ആർ.എച്ച് ലെസർ. വിദേശത്തും ഇന്ത്യയിലുമുള്ള 19 പ്രമുഖ പ്രസാധകരാണ് ഈ ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത്. ഏത് വിഷയത്തിലും ആധികാരികമായ പരിജ്ഞാനം അദേഹത്തിന്റെ രചനകൾക്ക് കൂടുതൽ മിഴിവേകുന്നു. അധ്യാപനം, ചരിത്രം, സാഹിത്യം, നാടകം, കവിത, സ്‌പോർടസ്,ബി.ബി.സി. ടി.വി., റേഡിയോ ബ്രോഡ്കാസ്റ്റിങ്ങ് എന്നു വേണ്ട വൈവിദ്ധ്യമാർന്ന ഏത് മേഖലകളിലും ഒരു പുരോഹിതന് സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച ആളാണ് ഈ 85 കാരൻ.ലെസറച്ചന് ശാരീരിക അവശതകൾ പലതുണ്ട്. ശിഷ്ടകാലത്തെ ചലനങ്ങളെല്ലാം വീൽചെയറിൽ മാത്രം. ആഹാരം കഴിക്കാൻ ചെറിയൊരു മുറി. ദിവ്യബലിയർപ്പിക്കാനും പ്രാർത്ഥിക്കാനും ചാപ്പൽ, പിന്നെ സ്വന്തം റൂം. ഇതാണ് അദ്ദേഹത്തന്റെ പ്രപഞ്ചം. ഈ ചുവരുകൾക്കുള്ളിലെ അക്ഷരക്കൂട്ടുകളിൽ വിരിയപ്പെടാത്ത വിഷയങ്ങളില്ല. ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നിനും വയ്യ. പുസ്തക രചനയ്ക്ക് അച്ചൻ പറഞ്ഞ് കൊടുക്കും, മലയാളിയായ ജോർജ് എന്ന അധ്യാപകൻ അത് പകർത്തും.60 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രങ്ങൾ അദ്ദേഹം ഓർത്തെടുക്കാൻ ശ്രമിക്കുന്നു.... സംസാരം വ്യക്തമല്ല, വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞ് പോകുന്നുണ്ട.് എങ്കിലും യൗവനം വീണ്ടെടുത്ത ഊർജ്ജസ്വലതയാണ് മുഖത്ത്.
1928-ൽ ഇംഗ്ലണ്ടിലാണ് ജനിച്ചത്. നാല് വയസുള്ളപ്പോൾ പിതാവ് റോണൾഡ് ഹെൻട്രി മരണമടഞ്ഞു. ആ ഒറ്റപ്പെടലിൽ മാതാവ് നാല് മക്കളേയും കൂട്ടി ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. അജ്മീരിലെ ഒരു റെയിൽവേ കോളനിയിലായിരുന്നു വാസം. കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ റെയിൽവേയുടെ സ്‌കൂളിൽ ചെറിയ ശമ്പളത്തിൽ അധ്യാപികയായി അമ്മ ജോലി ചെയ്തു. അമ്മയുടെ ആത്മീയ ശിക്ഷണത്തിൽ വളർന്ന ലെസർ കുട്ടിയായിരിക്കുമ്പോൾ തന്നെ വിശുദ്ധ ഗ്രന്ഥം വായിക്കാൻ തുടങ്ങി. കൗമാരപ്രായമെത്തിയതോടെ സുവിശേഷങ്ങളും നടപടി പുസ്തകവും മന:പാഠമാക്കി.യുവത്വത്തിന്റെ വർണ്ണശബളമായ പലവിധ മണ്ഡലങ്ങളിൽ വ്യാപരിച്ചപ്പോഴും ഉള്ളിൽ ബാല്യം മുതലേ വൈദികനാകണം എന്ന ദൈവം നട്ടുവളർത്തിയ ചിന്തയാണ് നിറഞ്ഞുനിന്നത്. അജ്മീർ രൂപതയിലും കൽക്കത്ത രൂപതയിലും ഈശോസഭാ സന്യാസ സമൂഹത്തിലും ഇതേ ആഗ്രഹത്തോടെ അദ്ദേഹം പോയി. വൈദികവൃത്തിക്ക് പറ്റിയ വ്യക്തിയല്ല അദ്ദേഹമെന്നുള്ള മറുപടിയാണ് അവിടെയെല്ലാം ലഭിച്ചത്. അദ്ദേഹം ആ കഥ പറഞ്ഞു."ആയിടക്കാണ് മുംബെയ് രൂപതാ (പരേൽ) സെമിനാരിയിൽ ചേരാൻ ഒരു അവസരം ഫാ. ലിയോ എന്ന വൈദികൻ വഴി കിട്ടിയത്. അതെനിക്കുണ്ടാക്കിയ സന്തോഷം വർണനാതീതമായിരുന്നു. ഗോവക്കാരും ഈസ്റ്റ് ഇന്ത്യൻ (മഹാരാഷ്ട്ര തദ്ദേശികൾ) കത്തോലിക്കരുമായിരുന്നു ഭൂരിഭാഗവും അവിടെയുണ്ടായിരുന്നത്. പഠനം, പ്രാർത്ഥന, വായന... ഒറ്റ നിമിഷം പോലും ഞാൻ വെറുതെ കളഞ്ഞില്ല.സെമിനാരി പഠനം പുരോഗമിക്കുന്നതിനിടെ ഒരു ദിവസം അമ്മയുടെ കത്ത്. ഇംഗ്ലണ്ടിൽ നല്ലൊരു ജോലി അമ്മയ്ക്ക് കിട്ടിയിരിക്കുന്നുവന്ന്. താൽപര്യമെങ്കിൽ ഇന്ത്യയിൽ പഠനം തുടരാം. അല്ലെങ്കിൽ ഇംഗ്ലണ്ടിലേക്ക് വരാം. ഇതായിരുന്നു ഉള്ളടക്കം. ഞാൻ തികച്ചും ധർമ്മസങ്കടത്തിലായി. എന്നെ സെമിനാരി പ്രവേശനത്തിന് സഹായിച്ച ഫാ. ലിയോയുമായി ഞാൻ ബന്ധപ്പെട്ടു. (അദ്ദേഹം അപ്പേഴേക്കും അജ്മീർ രൂപതയുടെ ബിഷപ്പായി കഴിഞ്ഞിരുന്നു.) എനിക്ക് എന്തായാലും വൈദികനാകണം എന്ന് ഞാൻ അദ്ദേഹത്തോട് തറപ്പിച്ച് പറഞ്ഞു.ബിഷപ്പ് സെമിനാരി അധികൃതരുമായി ആലോചിച്ച് എനിക്ക് ഇംഗ്ലണ്ടിലെ സെന്റ് എഡ്മണ്ട് കോളേജിൽ പഠനസൗകര്യം ഒരുക്കിത്തന്നു. അവിടെവെച്ച് ഗ്രീക്ക്, ഹീബ്രു ഭാഷകൾ ഞാൻ പഠിച്ചെടുത്തു. 1955 ജൂൺ നാലിന് അജ്മീർ ബിഷപ് ലീയോ ഡിമലോയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. ഒരു ഇന്ത്യൻ ബിഷപ് ഇന്ത്യൻ മിഷനുവേണ്ടി ഇംഗ്ലണ്ടിൽ പൗരോഹിത്യം നൽകുന്നത് ആദ്യമായിട്ടായിരിക്കാം.ഇന്ത്യയിൽ തിരിച്ചെത്തിയശേഷം ബിഷപ് എന്നെ ഉദയപ്പൂർ സെന്റ് പോൾസ് സ്‌കൂളിലാണ് നിയമിച്ചത്. പക്ഷേ, പാവപ്പെട്ടവരുടെ ഇടയിൽ സേവനം ചെയ്യാനായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം ആഗ്രഹം സഫലമായി. ബിഷപ് എന്നെ ഫാ.ബെർണാർഡ് കപ്പൂച്ചിൻ സേവനം ചെയ്യുന്ന റുഹുമി എന്ന കുഗ്രാമത്തിലേക്ക് സ്ഥലം മാറ്റി. ഉദയപ്പൂരിൽ നിന്ന് 360 മൈയിൽ അകലെയാണ് റുഹുമി മിഷൻ. മഴപെയ്താൽ ഈ പ്രദേശം മുഴുവൻ ഒറ്റപ്പെടും. കറുത്ത് പശിമയുള്ള മണ്ണ്. ഭാഷവശമില്ലാത്തിന്റെ വിഷമം ഞാൻ ശരിക്കും അനുഭവിച്ചത് അവിടെ എത്തിയപ്പോഴാണ്.എല്ലാ ദിവസവും രാവിലെ എട്ടു മണിക്ക് ഞാൻ വീടുകൾ സന്ദർശിക്കാൻ പോകും. വൈകുന്നേരം അഞ്ചിന് തിരിച്ചത്തും. രാജസ്ഥാന്റെ പശ്ചാത്തലത്തിൽ 46-50 ഡിഗ്രി ചൂട് ഉണ്ടാകും. മടുത്ത് കഴിയുമ്പോൾ എവിടെയെങ്കിലും മരത്തണലിൽ ചാക്ക് വിരിച്ച് കിടന്നുറങ്ങും. റുഹുമി മിഷൻ എന്ന് പറയുന്നത് ചിതറിക്കിടക്കുന്ന നൂറോളം വില്ലേജുകളാണ്. സാവധാനം ഞാനൊരു പഴയ ജാവാ മോട്ടോർസൈക്കിൾ സംഘടിപ്പിച്ചു. ഹെർബൽ മെഡിസിനുകൾ, ചെങ്കണ്ണ് രോഗത്തിനുള്ള മരുന്ന് എന്നിങ്ങനെ എല്ലാവിധ ലേപനങ്ങളും ഫസ്റ്റ്-എയ്ഡ് കിറ്റിൽ കരുതിയിട്ടുണ്ടാകും. ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാക്കര്യങ്ങളിലും ഞാൻ അവരെ സഹായിച്ചു. അവർക്ക് വേണ്ടി ജീവിച്ചു. കടുത്ത ജലക്ഷാമം പരിഹരിക്കാൻ നിരവധി കിണറുകളും കുഴിപ്പിച്ചു.വിദേശിയെങ്കിലും മനുഷ്യത്വപരമായ പ്രവർത്തനങ്ങളിലൂടെ ആളുകളുടെ പ്രിയപ്പെട്ടവനായി ഫാ. ആർ.എച്ച് ലെസർ. എന്നാൽ ഗവൺമെന്റ് ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു ബ്രിട്ടീഷ് പാസ്‌പോർട്ട് ഉടമയായ ഒരു വ്യക്തി ഇന്ത്യയിൽ വന്ന്, അതും ഗോത്ര വർഗക്കാരുടെ ഇടയിൽ പ്രവർത്തിക്കുക. അതിന് നിയമപരമായ തടസങ്ങൾ ഉന്നയിച്ച് അവർ വിലക്കേർപ്പെടുത്തി. തുടർന്ന് ചെറിയ ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം കിട്ടി. ഇവിടെ ധാരാളം ഫ്രീ ടൈം ഉണ്ടായിരുന്നതു കൊണ്ട് പുസ്തകരചനയിലും പ്രഭാഷണ പരമ്പരകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലും അച്ചൻ ക്ലാസുകൾ എടുക്കാൻ പോയിട്ടുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ജയിലറകളിൽ തടവുപുള്ളികളെ സന്ദർശിക്കാനും പോകും.വി.ഫ്രാൻസീസ് സേവ്യർ, ഫാ.റോബർട്ട് ഡി. നോബലി, ഫാ. ജോസഫ് വാസ്, ഫാ. ചാൾസ് ഓ.എഫ്.എം ക്യാപ്പ്. മുതൽ വാഴത്തപ്പെട്ട മദർ തെരേസാ വരെ ഇന്ത്യയിൽ വന്ന് സുവിശേഷമായി മാറിയ നൂറ് കണക്കിന് വിദേശ മിഷനറികളെക്കുറിച്ചും അവരുടെ ത്യാഗോജ്ജ്വല പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രപഠനം നടത്തിയിട്ടുണ്ട് അദ്ദേഹം."ദൈവരാജ്യത്തിന് വേണ്ടി ഏത് കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിക്കാൻ അവർ സന്നദ്ധരായിരുന്നു. എന്നാൽ ഇന്ന് പ്രതിബന്ധങ്ങളെ ഭയന്ന് പിന്നോട്ട് മാറി നിൽക്കുന്ന തലമുറയാണ് നമുക്കുള്ളത്."അച്ചൻ പറയുന്നു. മിഷനറിമാരുടെ കാഴ്ചപ്പാടുകളിലും സമർപ്പണത്തികവിലും ഓരോ കാലഘട്ടത്തിലും സംഭവിച്ചിട്ടുള്ള പരിണാമങ്ങൾ വിലയിരുത്തപ്പെടണം. പ്രതിബന്ധങ്ങളെ ഭയക്കാൻ പാടില്ല.""വിശുദ്ധ കുർബാനയ്ക്കും ഭക്ഷണത്തിനും ശേഷം സുവിശേഷം വായിക്കും. അൽപ്പനേരം പ്രാർത്ഥിക്കും. പിന്നെ ബിബി.സി ടിവിയിലുള്ള വാർത്ത അല്പനേരം. മനസിന് വിഷമം തോന്നുന്ന വാർത്തകളാണല്ലോ ഇന്ന് ഏത് മാധ്യമങ്ങളിലും കാണുന്നത്. പിന്നെ പ്രാർത്ഥന. അത് കഴിഞ്ഞാൽ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി വച്ച് ഇനിയും പൂർത്തിയാക്കേണ്ട രണ്ട് ഗ്രന്ഥങ്ങൾക്ക് വേണ്ടി, ചിന്തയിൽ നിന്നുള്ള അയവിറക്കലാണ.് തന്റെ മുറിയാകുന്ന പ്രപഞ്ചത്തിൽ നിന്ന് ലോകത്തിന്റെ ഏത് ഭാഗത്തേക്കും ചിന്ത പാറി പറന്നുകൊണ്ടിരിക്കും. പൂമ്പൊടി ശേഖരിക്കുന്ന പൂമ്പാറ്റ പോലെ. ദാർശനിനികം, മിസ്റ്റിസിസം, വചനപ്രഘോഷണം എന്നു വേണ്ട ഇന്ത്യയിലെ ഗോത്രവർഗ പ്രശ്‌നം വരെ, അറിവിന്റെ ഭണ്ഡാഗാരമായ ഈ വൃദ്ധ വൈദികന് വിഷയ ദാരിദ്ര്യം ഇല്ലേ.. ഇല്ല.ജയിംസ് ഇടയോടിSource: Sunday Shalom