News >> വിദ്യാഭ്യാസരംഗത്ത് സർക്കാരിന്റെ ക്രിയാത്മക നടപടികളെ പിന്തുണയ്ക്കും
കൊച്ചി: പൊതുവിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന സംസ്ഥാനവിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷനും കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡും അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ അദ്ധ്യാപകരുടെ തസ്തിക നിർണ്ണയവും നിയമന അംഗീകാരവും സംബന്ധിച്ച പ്രശ്‌നങ്ങൾ നിരവധി വർഷങ്ങളായി തുടരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിൽ ഇതു സംബന്ധിച്ച നിരവധി ഉത്തരവുകൾ ഉണ്ടായെങ്കിലും നൂറു കണക്കിന് അധ്യാപകർ വർഷങ്ങളായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുമുൻപ് ഇതു സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടില്ല.ഹയർ സെക്കൻഡറി മേഖലയിലും സമാനമായ പ്രശ്‌നങ്ങൾ നിലനിൽക്കുകയണ്. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് സംതൃപ്തമായ ഒരു അധ്യയനവർഷത്തിന് തുടക്കം കുറിക്കാൻ പുതിയ വിദ്യാഭ്യാസമന്ത്രി മുൻകയ്യെടുക്കുമെന്ന് പ്രത്യാശിക്കുന്നു. പ്രൈമറി, അപ്പർ പ്രൈമറി മേഖലകളിൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അധ്യാപക വിദ്യാർത്ഥി അനുപാതം പരിഷ്‌കരിച്ചതിന് അനുസൃതമായി ഹൈസ്‌കൂൾ ക്‌ളാസ്സുകളിലും അധ്യാപക വിദ്യാർത്ഥി അനുപാതം പരിഷ്‌കരിക്കാൻ ആവശ്യമായ നടപടികളും വിദ്യാഭ്യാസമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ക്രിയാത്മക നടപടികൾക്ക് സർക്കാരിന് ആവശ്യമായ പിന്തുണ നൽകുമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി സാലു പതാലിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.Source: Sunday Shalom