News >> ദലിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കണം:ഡി.സി.എം.എസ്.


തിരുവനന്തപുരം: ഇന്ത്യയിൽ ഇതര മതവിഭാഗങ്ങളിൽപ്പെട്ട ദലിത് വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് ദലിത് ക്രൈസ്തവർക്ക് കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ദലിത് ക്രൈസ്തവ മഹാജന സഭാ സംസ്ഥാന പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ദലിത് ക്രൈസ്തവരെ പട്ടികജാതി പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്തണമെന്നും കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡി.സി.എം.എസ്. യോഗം ആവശ്യപ്പെട്ടു.

1950 ആഗസ്റ്റ് 10 വരെ ഗോത്രവർഗ്ഗക്കാരെപ്പോലെ മതവ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ ദലിത് വിഭാഗങ്ങളും അനുഭവിച്ചു പോന്നിരുന്ന സംവരണ ആനുകൂല്യങ്ങൾ രാഷ്ട്രപതിയുടെ ഒരു ഉത്തരവിലൂടെ ഹിന്ദുക്കളല്ലാത്ത ദലിത് വിഭാഗങ്ങൾക്ക് നിഷേധിക്കുകയായിരുന്നു. എന്നാൽ 1956 ൽ സിക്കും, 1990 ൽ ബുദ്ധമതവിഭാഗങ്ങളിൽപ്പെട്ട ദലിത് വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ പുനസ്ഥാപിച്ചു നൽകുകയുണ്ടായി. അതോടൊപ്പം സച്ചാർ കമ്മിറ്റി സുപാർശ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ മുസ്ലീം വിഭാഗങ്ങൾക്കും നൽകി. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ദലിതർ ഇന്നും അവഗണനയിലും പിന്നോക്കാവസ്ഥയിലുമാണെന്ന് യോഗം വ്യക്തമാക്കി.

ദലിത് ക്രൈസ്തവ വിഭാഗങ്ങൾക്ക് ഇതര പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെപ്പോലെ സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ദലിത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥായ്ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 2016 ജൂലൈ 8 മുതൽ 10 വരെ നടക്കുന്ന കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമ്മേളനം ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ യോഗത്തെ അറിയിച്ചു. യോഗത്തിൽ കെ.ആർ.എൽ.സി.സി. സെക്രട്ടറി ഫാ.രാജ് കുമാർ, കെ.ആർ.എൽ.സി.സി. അല്മായ കമ്മിഷൻ സെക്രട്ടറി ഫാ.വില്ല്യം രാജ്, തിരുവനന്തപുരം അതിരൂപത അല്മായ കമ്മിഷൻ ഡയറക്ടർ എം.ആർക്കാഞ്ചലോ, ഫാ.തോംസൺ - കണ്ണൂർ, ഡി.സി.എം.എസ്. അതിരൂപതാ പ്രസിഡന്റ് ജോർജ് പള്ളിത്തറ, സൈമൺ, ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

Source: Sunday Shalom