News >> ദൈവത്തിന്റെ ഇടപെടലിനായി കാതോർത്ത് മാലാവി


മാലാവി: ആൽബിനോകളുടെ(വെള്ളപ്പാണ്ട് പോലുള്ള ത്വക്ക് രോഗബാധിതർ) കൊലപാതകങ്ങൾ തുടർക്കഥയായ മാലാവിയിൽ ദൈവത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമെ ഈ തിന്മ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് ആർച്ച് ബിഷപ് താർഷിസിയസ് സിയായെ. സമാധാനത്തിനും നീതിയ്ക്കുമായുള്ള കാത്തലിക്ക് കമ്മീഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചപ്പോഴാണ് ആർച്ച് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവഭയമുള്ള ജനങ്ങളായാണ് മാലാവിയൻ ജനത അറിയപ്പെടുന്നത്. ആൽബിനോകളുടെ കൊലപാതകം പാപമാണ്. കത്തോലിക്ക സഭ അതിനെ ശക്തമായി അപലപിക്കുന്നു. എങ്ങനെയാണ് പരസ്പരം കൊല്ലുന്ന ഘട്ടത്തിലേക്ക് നാം എത്തിയത്? ; ആർച്ച് ബിഷപ് സിയായെ ചോദിച്ചു.

കുറ്റവാളികൾക്കെതിരെ കൂടുതൽ കർശനമായ നടപടി സ്വീകരിക്കുവാൻ ആർച്ച് ബിഷപ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ചില ദുരാചാരങ്ങൾക്ക് ഉപയോഗിക്കാനാണ് തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മാലാവിയിൽ ആൽബിനോകളെ കൊലപ്പെടുത്തുന്നതെന്ന് നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കാത്തലിക്ക് കമ്മീഷൻ ദേശീയ കോർഡിനേറ്ററായ മാർട്ടിൻ ചിപ്പ്വാന്നിയ പറഞ്ഞു. ആൽബിനോകളുടെ ശരീരഭാഗങ്ങൾ സൗഭാഗ്യം കൊണ്ടുവരുമെന്നും അവയ്ക്ക് അത്ഭുത ശക്തിയുണ്ടെന്നുമുള്ള പ്രചരണമാണ് ഇവരുടെ കൊലപാതകത്തിലേക്ക് നയിക്കുന്നത്. മാലാവി കൂടാതെ ടാൻസാനിയ, ബുറുണ്ടി, കാമറൂൺ തുടങ്ങിയ രാജ്യങ്ങളും ഈ പ്രതിസന്ധി നേരിട്ടിരുന്നു.

ആൽബിനിസം ബാധിച്ചവരെ ആക്രമിച്ചൊ തട്ടിക്കൊണ്ട് പോയ ശേഷമൊ കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ വിൽക്കുകയും ചെയ്യുന്ന കേസുകൾ വർദ്ധിച്ചുവരുകയാണെന്ന് മാലാവി സന്ദർശിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധി ഇക്‌പൊൺവൊസാ ഇറൊ പറഞ്ഞു. 2014-ന് ശേഷം മാത്രം ആൽബിനോകളെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്ത 65 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആൽബിനിസം ബാധിച്ച വ്യക്തികൾ ഭീതിയോടെയാണ് കൃഷിസ്ഥലങ്ങളിലും മാർക്കറ്റിലുമൊക്കെ പോകുന്നതെന്ന് ഇറൊയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Source: Sunday Shalom