News >> അതിക്രമം തടയാൻ ദേശീയ നയംവേണം


ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ലൈംഗിക ആക്രമണങ്ങളെ ചെറുക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും നയം രൂപീകരിക്കണമെന്ന് വനിത സംഘടനകൾ. രാഷ്ടീയ വിഭാഗീയതകൾക്ക് അതീതമായി, വിവിധ സംഘടനകളും കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത സംഘടനകളും ഈ രംഗത്ത് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനും കാര്യക്ഷമമായി കേസുകൾ പരിഗണിക്കാനും കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട സർക്കാർ ഏജൻസികളോടും ആവശ്യപ്പെട്ടു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നതിൽ വനിത പ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തി.

ഇൻഡോർ ആർച്ച് ബിഷപ്പായ ഡോ. ലിയോ കൊർണേലിയോയുടെ അഭിപ്രായത്തിൽ മധ്യപ്രദേശിലാണ് രാജ്യത്ത് വൻതോതിൽ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് വിധേയരാകുന്നത്. സർക്കാരും പോലീസും നൽകുന്ന കണക്കുകൾക്ക് മുകളിലാണ് യഥാർത്ഥ കണക്ക.് ആർച്ച് ബിഷപ് ഡോ.ലിയോ കൊർണേലിയോ അഭിപ്രായപ്പെടുന്നു. ലൈംഗീക അതിക്രമത്തിനിരയായ വനിതകൾ ഒരിക്കലും പോലീസ് സ്‌റ്റേഷനിൽ പോകാനോ ഈ സംഭവം മാധ്യമങ്ങളെ അറിയിക്കാനോ തയ്യാറാകുന്നില്ല. സമൂഹം ഭ്രഷ്ട് കൽപിക്കുന്നതുകൊണ്ടാണ് പല സംഭവങ്ങളും ലോകം അറിയാതെ പോകുന്നതും കുറ്റവാളികൾ ശിക്ഷിക്കാതെ പോകുതതെന്നും ബിഷപ് ലിയോ കോർണേലിയോ ചൂണ്ടിക്കാട്ടുന്നു.

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെ പുരോഗമന വനിത സംഘടനകളെല്ലാം രാജ്യത്ത് വർദ്ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു കഴിഞ്ഞു. 2013-ൽ നിർഭയ ഫണ്ട് എന്ന പേരിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കാൻ വലിയൊരു ഫണ്ട് നീക്കിയിരുപ്പ് ഉണ്ടായിരു ന്നിട്ടും പല സംസ്ഥാനങ്ങളും ഇവയൊന്നും പ്രയോജനപ്പെടുത്തിയില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
ഒരു വശത്ത് പദ്ധതിയും അതിന് അനുവദിച്ച ഫണ്ടും പാഴായി പോകുമ്പോൾ മറുവശത്ത് വർദ്ധിച്ച തോതിൽ ലൈംഗീക അതിക്രമങ്ങൾ നാൾക്ക് നാൾ വർദ്ധിച്ചുവരുന്നു.

ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ കണക്ക് പ്രകാരം ദിനം പ്രതി 93 വനിതകളാണ് ഇന്ത്യയിൽ പീഡനത്തിന് വിധേയരാകുന്നത്. യഥാർത്ഥത്തിലുള്ള കണക്ക് ഇതിലും അധികമാകാം എന്നും സൂചിപ്പിക്കപ്പെടുന്നു. 2012 -2013-ലെ കണക്ക് പ്രകാരം 24,923 വനിതകളാണ് പീഡനത്തിന് വിധേയരായവർ. 2013-14 കാലയളവിൽ ഇത് 37,413 എന്ന രീതിയിലാണ് വർദ്ധിച്ചത്.

Source: Sunday Shalom