News >> മാർ ബോസ്‌കോ പുത്തൂർ സപ്തതി നിറവിൽ
മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രഫസർ, തൃശൂർ അതിരൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, സീറോ മലബാർ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്, സീറോ മലബാർ ഓസ്‌ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ് എന്നിങ്ങനെ വഹിച്ച പദവികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.വിവേകവും ലാളിത്യവും സൗഹൃദവും എല്ലാറ്റിനും ഉപരിയായി ദൈവഹിതം തിരിച്ചറിയാനുള്ള പാടവവും വിശുദ്ധിയും തീക്ഷണതയും അദ്ദേഹവുമായി ഇടപഴകുന്നവർക്ക് അനുഭവേദ്യമാകും. സഭാ സേവനത്തിന്റെ വിവിധതലങ്ങളിൽ അനുഭവസമ്പന്നനായ മാർ ബോസ്‌കോ, തന്റെ കർമ്മരംഗങ്ങൾ ഏതായാലും, നേരിടേണ്ടി വരുന്നരുവൈതരണികൾ എത്ര സങ്കീർണ്ണമായാലും, സ്വതസിദ്ധമായ പ്രസന്നതകൊണ്ടും ലളിതശൈലികൊണ്ടും അവയെല്ലാം സമുചിതമായി കൈകാര്യം ചെയ്യുവാനുള്ള നയചാതുര്യതയിൽ അനുഗ്രഹീതനാണ്.
പ്രൊപ്പഗാന്ത കോളജിലേക്ക്തൃശൂർ അതിരൂപതയ്ക്ക് വൈദികരെയും സമർപ്പിതരെയും സംഭാവന ചെയ്യുന്നതിൽ സമ്പന്നമായ പറപ്പൂർ ഇടവകയിലെ പുത്തൂർ അന്തോണി-കുകുഞ്ഞിലക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയ മകനായി 1946 മെയ് 28- നാണ് ബിഷപ് ബോസ്‌കോ പുത്തൂരിന്റെ ജനനം. പറപ്പൂർ സെന്റ് ജോസ് സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിനുശേഷം തൃശൂർ തോപ്പ് മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. രണ്ടു വർഷത്തെ മൈനർ സെമിനാരി പഠനത്തിനുശേഷം ദൈവശാസ്ത്ര പഠനത്തിനായി ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തി. മംഗലപ്പുഴ സെമിനാരിയിൽ രണ്ടു വർഷത്തെ പഠനം പിന്നിട്ടപ്പോഴാണ് വത്തിക്കാനിലെ പ്രൊപ്പഗാന്ത കോളേജിൽ തുടർന്നു പഠിക്കുവാൻ നിർദ്ദേശം ലഭിക്കുന്നത്. 1971 മാർച്ച് 27-ന് പ്രൊപ്പഗാന്ത കോളജ് ചാപ്പലിൽ വച്ച് കർദിനാൾ ആഗ്‌നലോ റോസിയിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു. തുടർന്ന് ബെൽജിയത്തിലെ ലുവൈൻ സർവകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടി.1975 ൽ തൃശൂർ രൂപതയിലെ ഒല്ലൂർ ഇടവകയിൽ സഹവികാരിയായി വൈദികജീവിതം ആരംഭിച്ചു. തുടർന്ന് തോപ്പ് മൈനർ സെമിനാരിയിൽ ഒരു വർഷം ഫാദർ പ്രീഫെക്റ്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1977 മുതൽ 16 വർഷത്തോളം മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര അധ്യാപകനായി. ഇതിനിടയിൽ രണ്ടു മാസത്തോളം തൃശൂർ ബസിലിക്കായിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1992 മുതൽ മൂന്നു വർഷക്കാലം തൃശൂർ രൂപത മൈനർ സെമിനാരി റെക്ടറായി പ്രവർത്തിച്ചു. തുടർന്ന് തൃശൂർ അതിരൂപതയുടെ വികാരി ജനറാളായി ചുമതലയേറ്റു. തൃശൂർ രൂപതാധ്യക്ഷന്മാരായിരുന്നരുമാർ ജോസഫ് കൂണ്ടുകുളത്തിന്റെയും മാർ ജേക്കബ് തൂങ്കൂഴിയുടെയും സേവനകാലത്ത് രൂപത വികാരി ജനറാളായി പ്രവർത്തിക്കാൻ ബിഷപ് ബോസ്‌കോയ്ക്ക് ഭാഗ്യം ലഭിച്ചു. വികാരി ജനറാൾസ്ഥാനത്തു നിന്നും തൃശൂർ ലൂർദ്ദ് കത്തീഡ്രൽ വികാരിയായി മൂന്നുമാസത്തോളം സേവനം ചെയ്തു. തുടർന്ന് സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റു. സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രപരവും സംസ്‌കാരികവുമായ പൈതൃകസമ്പത്ത് സ്വരുക്കൂട്ടി 'സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയം' കാക്കനാട് മൗണ്ട് സെന്റ് തോമസിൽ യാഥാർത്ഥ്യമാക്കി. സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയത്തെ ഗവേഷണപ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമാക്കി മാറ്റാനും ബിഷപ് ബോസ്‌കോയ്ക്ക് കഴിഞ്ഞു.ആറു വർഷത്തോളം റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി. തുടർന്ന് 2005-ൽ ആലുവ മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി നിയമിതനായി. 2010 ഫെബ്രുവരി മാസത്തിൽ സീറോ മലബാർ സഭയുടെ പ്രഥമ കൂരിയാ ബിഷപ്പായി അഭിഷിക്തനായി. കർദിനാൾ വർക്കി വിതയത്തിലിന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് സീറോ മലബാർ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു.
ചിരകാല സ്വപ്നം പൂവണിയുന്നുമെൽബൺ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഓസ്‌ട്രേലിയയിലെ സീറോ മലബാർ രൂപതയുടെ പ്രഥമ അധ്യക്ഷനായും ന്യൂസിലാൻഡിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും 2014 മാർച്ച് 25-ന് ബിഷപ് ബോസ്‌കോ പുത്തൂർ ചുമതലയേറ്റു. ഓസ്‌ട്രേലിയയുടെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാർത്തിരിക്കുന്നക്കുസീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് സഭാസമൂഹങ്ങൾക്ക് രൂപം കൊടുക്കുവാൻ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ 30-ഓളം ഇടവകകൾ എല്ലാ ഞായറാഴ്ചയും ദിവ്യബലിയർപ്പണവും വിശ്വാസപരിശീലന ക്ലാസുകളുമായി സജീവമായി പ്രവർത്തിക്കുന്നു. ബോസ്‌കോ പിതാവിന്റെ നേതൃത്വത്തിൽ 25-ഓളം വൈദികരെ രൂപതിയിലെ വിവിധ ഇടവകകളിൽ അജപാലന സൗകര്യാർത്ഥം നിയമിച്ച് കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ സീറോ മലബാർ രൂപതയുടെ ഭാവി പ്രതീക്ഷകളായ യുവതലമുറയെ സീറോ മലബാർ സഭാ വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിന് സഹായകരമായ വിവിധങ്ങളായ പദ്ധതികൾ പിതാവ് നടപ്പിലാക്കിയിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ടവരായ യുവജനങ്ങളെ ഒരുമിപ്പിച്ച് കൂട്ടുവാൻ പിതാവ് തന്നെ മുൻകൈയെ ടുത്ത് രൂപതയിലെ യുവജന വിഭാഗത്തിന്റെ സഹായത്തോടെ യുവജന കൺവൻഷനുകൾ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി.അധ്യാപകനായും റെക്ടറായും ഏറെക്കാലം സെമിനാരിയിൽ ചിലവഴിച്ച ബിഷപ് ബോസ്‌കോയുടെ ചിരകാലാഭിലാഷമായിരുന്നു മെൽബൺ സീറോ മലബാർ രൂപതയ്ക്ക് സ്വന്തമായി ഒരു മൈനർ സെമിനാരി. അടുത്ത കാലത്ത് കേരളത്തിലെ തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ആരംഭിച്ച മൈനർ സെമിനാരിയിലൂടെ, രൂപതയിൽ സേവനം ചെയ്യാൻ രൂപതയുടെ സ്വന്തമായ വൈദികർ എന്ന പിതാവിന്റെ സ്വപ്‌നമാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ പൂവണിയുന്നത്. വിശുദ്ധ അൽഫോൻസമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിന്റെയും രൂപതാ കാര്യാലയത്തിന്റെയും ബിഷപ് റസിഡൻസിയുടെയും നിർമ്മാണ പ്രവർത്തനങ്ങളും രൂപത പാസ്റ്ററൽ സെന്ററും ഏറെ താമസിയാതെ ആരംഭിക്കുവാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ബിഷപ്പ് ബോസ്‌കോ പുത്തൂർ. ബിഷപ് ബോസ്‌കോ പുത്തൂരിന്റെ സപ്തതി ആഘോഷങ്ങൾ മെൽബണിലെ ഫോക്‌നാർ സെന്റ് മാത്യൂസ് ദൈവാലയത്തിൽ നടന്നു.
പോൾ സെബാസ്റ്റ്യൻSource: Sunday Shalom