News >> അഖിലേന്ത്യ സിവിൽ സർവിസിലേക്ക് അൾത്താര ഗായിക


തിരുവന്തപുരം ലൂർദ് ദൈവാലയത്തിന്റെ മദ്ബഹായിൽവച്ച് ഈ വർഷത്തെ അഖിലേന്ത്യ സിവിൽ സർവിസ് പരീക്ഷയ്ക്ക് പ്രശസ്ത വിജയം നേടിയ മുണ്ടക്കൽ ജീവാ മരിയ ജോയിയെയും കുടുംബത്തെയും ആദരിക്കുമ്പോൾ അൾത്താരയിൽ പതിവായി കാണുന്ന ഈ കൊച്ചുമിടുക്കി ഇത്രയും സമർത്ഥയോ എന്ന് പലരും മനസിൽ ചിന്തിച്ചിരിക്കണം. അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 147-ാം റാങ്കുണ്ട് ജീവ മരിയ ജോയിക്ക്.

ലൂർദ് ഇടവകയിലെ മുണ്ടയക്കൽ ജോയിയുടെയും മോളിക്കുട്ടിയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ജീവ. രണ്ടാമത്തവൾ ഐശ്വര്യ. തിരുവനന്തപുരം ഹോളി ഏഞ്ചൽസ്, പട്ടം കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവന്തപുരം എഞ്ചിനിയറിംഗ് കോളജിൽനിന്നും ജീവ സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി. എം.ബി.എ. പഠനത്തിനുശേഷം വർഷം എട്ടു ലക്ഷം രൂപ പ്രതിഫലത്തിൽ ബിസ്‌ലേരി കമ്പനിയിൽ നിയമനം കിട്ടിയതാണ്. അതുപേക്ഷിച്ച് സിവിൽ സർവിസിന് പഠിച്ചു. ഒപ്പം ജോയിയുടെ ന്യൂജോതി പബ്ലിക്കേഷൻസിൽ ജോലിയും ചെയ്തു.

പത്താം ക്ലാസ് കഴിയുമ്പോൾ ധാരാളം കുട്ടികൾ കോച്ചിംഗിനും മറ്റുമായി വേദപാഠമാണ് ആദ്യം നിർത്തുന്നത്. എന്നാൽ ജീവ അത് ആഗ്രഹിച്ചില്ല. മാതാപിതാക്കൾ സമ്മതിച്ചതുമില്ല. കുട്ടിക്കാലത്തു തന്നെ ദൈവാലയഗായക സംഘത്തിൽ അംഗമാ യി. സിവിൽ സർവിസ് പരീക്ഷയ്ക്ക് പഠിക്കുന്ന കാലത്തും വൈകുന്നേരങ്ങളിലെ ദിവ്യബലിക്ക് ജീവയായിരുന്നു പാട്ടുകാരി. 'ഏതു പ്രധാന പരീക്ഷയ്ക്ക് പോകും മുമ്പും കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുക എന്റെ ശീലമാണ്. മാതാപിതാക്കൾ തന്ന പ്രോത്സാഹനമാണിത്. 'നാമെന്തായിരിക്കുന്നുവോ എന്ന് നിർണയിക്കപ്പെടുന്നത് നമ്മുടെ സ്വഭാവത്തിന്റെ നേട്ടമോ കോട്ടമോ വച്ചാണെങ്കിൽ ആ സ്വഭാവ രൂപികരണം നടക്കുന്നതിൽ നമ്മുടെ വേദോപദേശ പഠനവും ദൈവാലയ ജിവിതവും വലിയ പങ്ക് വഹിക്കുന്നു. പൊതു സംവിധാനങ്ങളെ കുറ്റം പറയുക ആർക്കും സാധിക്കും. അതിൽ പങ്കാളിയായി നന്മ ചെയ്യുവാൻ സാധിക്കണം എന്ന ലക്ഷ്യം സിവിൽ സർവിസ് പരീക്ഷക്ക് ചേരുമ്പോൾ എനിക്കുണ്ടായിരുന്നു. ഇതാണ് ദൈവവിശ്വാസം തരുന്ന ബലം.'

'ദൈവത്തിന് ഒരു പദ്ധതി ഉണ്ടെന്നും അത് നമ്മുടെ നന്മയ്ക്കാണെന്നും അതിലൂടെ ലോകത്തെ അനുഗ്രഹിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും തിരിച്ചറിയുക. 12 വർഷത്തെ മതപഠനവും അൾത്താര ശുശ്രൂഷയും ഗായക സംഘത്തിലെ അനുഭവങ്ങളും തരുന്ന ബലം ഇതാണ്. പരീക്ഷയിൽ എന്നേക്കാൾ നന്നായി പഠിക്കുന്നവരെന്ന് ഞാൻ കരുതിയവർക്ക് എനിക്ക് ലഭിച്ച മാർക്കു കിട്ടിയില്ല. നന്നായി മോക്ക് ഇന്റർവ്യൂവിൽ ചെയ്തവർ യഥാർത്ഥ ഇന്റർവ്യുവിലും കടന്നു കൂടിയില്ല. അപ്പോൾ എന്റെ ശക്തിക്കപ്പുറമുള്ള സഹായം ദൈവം തന്നു എന്ന് തീർച്ച.'

"എല്ലാം ദൈവം കാണുന്നുണ്ട് എന്ന വിശ്വാസം, ഏതു നിയമത്തെയും ശിക്ഷയെയുംകാൾ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുവാൻ എനിക്കു പ്രേരകശക്തി ആവുന്നുണ്ട്. അതാണ് അൾത്താരയോടുള്ള അടുപ്പം എനിക്കു തരുന്ന പ്രകാശം; ജീവ വ്യക്തമാക്കുന്നു.

ടി. ദേവപ്രസാദ്
തിരുവനന്തപുരം

Source: Sunday Shalom