News >> ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ യുദ്ധം; ആബിയും സിസിലിയും നേർക്കുനേർ!


വാഷിംഗ്ടൺ : ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന 'പ്ലാൻഡ് പേരന്റ്ഹുഡ്' ഡയറക്ടർ സിസിലി റിച്ചാർഡും മാനസ്സാന്താരനുഭവത്തിലൂടെ ഇന്ന് പ്രോ ലൈഫ് രംഗത്ത് വ്യാപൃതയായ മുൻ ഡയറക്ടർ ആബി ജോൺസണും തങ്ങളുടെ വാദഗതികളുമായി ഏറ്റുമുട്ടിയപ്പോൾ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ അരങ്ങേറിയത് 'യുദ്ധം'! സിസിലി റിച്ചാർഡ്‌സ് ക്യാംപസിലെത്തി ഗർഭച്ഛിദ്രത്തിനുള്ള വഴികളെക്കുറിച്ചും കൃത്രിമ ഗർഭനിരോധന ഉപാധികളെക്കുറിച്ചും കുട്ടികളോട് സംസാരിച്ച ദിവസം തന്നെയാണ് ആബിയും യൂണിവേഴ്‌സിറ്റിയിലെത്തിയത്.

'യുദ്ധ'ത്തിൽ ആബി ജോൺസനുതന്നെയായിരുന്നു മേൽകൈ. ആയിരക്കണക്കിന് ഭ്രൂണഹത്യകൾക്ക് നേതൃത്വം നൽകിയശേഷം മാനസ്സാന്തരാനുഭവത്തിലൂടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് പ്രോ ലൈഫായി മാറിയ ആബിയുടെ വാക്കുകള നിറഞ്ഞ കൈയടിയോടെയാണ് കുട്ടികൾ സ്വീകരിച്ചത്.കുട്ടികളുമായി സംവാദം നടത്താനെന്നുപറഞ്ഞാണ് സിസിലി റിച്ചാർഡ്‌സ് യൂണിവേഴ്‌സിറ്റിയിലെത്തിയത്. അങ്ങനെയാണ് സമ്മേളനം ക്രമീകരിച്ചതും. എന്നാൽ റിച്ചാർഡ്‌സിന്റെ പ്രസംഗം കഴിഞ്ഞ് അഞ്ചു മിനിറ്റ് ചോദ്യം ചോദിക്കാനുള്ള അവസരം നൽകി സമ്മേളനം വെട്ടിച്ചുരുക്കിയത് ക്യാംപസിൽ വലിയ പ്രതിഷേധത്തിനിടയാക്കി. യൂണിവേഴ്‌സിറ്റിയിലെ പ്രോ ലൈഫ് സംഘടനകളുടെ ചോദ്യത്തെ ആദ്യംതന്നെ അവഹേളിക്കാൻ സിസിലി മുതിർന്നതും അനാകർഷകമായി.

ഇതിനെല്ലാം ശേഷമാണ് ക്യാംപസിൽ ആബി ജോൺസൺ എത്തുന്നത്. തന്റെ ലക്ഷ്യം ഭ്രൂണഹത്യ നിയമവിരുദ്ധമാക്കുക എന്നതല്ല മറിച്ച്, ഭ്രൂണഹത്യ ചിന്തിക്കാൻ സാധിക്കാത്ത ഒന്നാക്കി മാറ്റുക എന്നതാണെന്ന മുഖവുരയോടെയാണ് ആബി ജോൺസൺ പ്രഭാഷണം ആരംഭിച്ചത്. മാനസ്സാന്തരത്തിന്റെ ശക്തി എന്തെന്ന് നിങ്ങൾക്ക് കാണിച്ചുതരാനാണ് താൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നതെന്നു പറഞ്ഞുകൊണ്ട് ആബി തുടർന്നു: 'എനിക്ക് വിശ്വാസമുണ്ട്. ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

ജീവന്റെ മൂല്യത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഞാനാവില്ല കുറച്ചുനാളുകൾ കഴിഞ്ഞ് ഇവിടെ നിൽക്കുന്നത്. സിസിലി റിച്ചാർഡ്‌സാവും. ക്രിസ്തുവിന്റെ ശക്തിയെ ഒരിക്കലും ഞാൻ പരിമിതമായി കാണുന്നില്ല.'

കത്തോലിക്കാ യൂണിവേഴ്‌സിറ്റി എന്നു പേരുകേട്ട ജോർജ് ടൗണിൽ സിസിലി റിച്ചാർഡ്‌സ് എത്തിയതിനെതിരെ വാഷിംഗ്ടൺ രൂപതയും രംഗത്തുവന്നിരുന്നു. ഓരോ വർഷവും മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളെ വധിക്കുന്നവരാണ് പ്ലാൻഡ് പേരന്റ്ഹുഡ് എന്ന് വിലയിരുത്തി കർദിനാൾ ഡോണാൾഡ് വേൽ ശക്തമായ ഭാഷയിൽ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഭ്രൂണഹത്യയെയും ഗർഭനിരോധന ഉപാധികളെയും എച്ച.എച്ച്.എസ് മാൻഡേറ്റിനെയും പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഹിലരി ക്ലിന്റണെയും വാനോളം പുകഴ്ത്തിയാണ് സിസിലി സംസാരിച്ചത്.

എന്നാൽ, അതിനെയെല്ലാം അതിജീവിക്കുന്ന വാക്കുകളുമായിട്ടായിരുന്നു ആബി ജോൺസന്റെ പ്രഭാഷണം. ഗർഭച്ഛിദ്ര മേഖലയിൽ ജോലി ചെയ്യുന്നവർ ആ മേഖല ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ ജോലിയിലും ജീവിതത്തിലും വലിയ പ്രതിസന്ധികൾ നേരിടുന്നത് സാധാരണമായിരുന്നു. ഇക്കാര്യത്തിൽ വലിയ കൈത്താങ്ങാകാൻ ആബിക്കായി. കടുത്ത ഭ്രൂണഹത്യാ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന 100ൽപ്പരംപേർ ഓരോ വർഷവും മാനസ്സാന്തരപ്പെടുന്നുണ്ടെന്നാണ് ആബിയുടെ നേരിട്ടുള്ള പരിചയത്തിൽനിന്നുള്ള അറിവ്.

പ്രോ ലൈഫ് എന്നാൽ പ്രോ ബേബി ആണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും ആബി പറഞ്ഞു. 'പ്രോ ലൈഫ് എന്നാൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവനുവേണ്ടിയുള്ള പ്രവർത്തനമാണ്. ജീവനാണ് പ്രധാനം.

കുട്ടികളുടെ എണ്ണം മാത്രമല്ല. ഗർഭനിരോധന ഉപാധികളും മറ്റും ജീവന് ഹാനികരമാകുന്നതിനാൽ കൂടിയാണ് അവയെ എതിർക്കുന്നത്,' ആബി തന്റെ പ്രവർത്തനമേഖലകളെക്കുറിച്ച് വ്യക്തമാക്കി.

Source: Vatican Radio